കേരളത്തിന്റെ അഭിമാനമുയര്‍ത്തിപിടിച്ച് ഈമയൗ. ഗോവന്‍ അന്താരാഷ്ട്ര ചലചിത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളസിനിമയ്ക്ക് രണ്ട് പുരസ്‌കാരങ്ങള്‍. ഈമയൗവിലെ പ്രകടനത്തിന് ചെമ്ബന്‍ വിനോദിന് മികച്ച നടനുള്ള രജത മയൂര പുരസ്‌കാരവും മികച്ച സംവിധായകനുള്ള രജത മയൂരം ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കും ലഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ആഗോള നിലവാരമള്ള ചിത്രങ്ങളോട് മാറ്റുരച്ചാണ് ലിജോയുടെ ഈമയൗ മികച്ച നടനും സംവിധായകനുമുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയത്.
ആദ്യമായാണു മലയാളികള്‍ക്ക് ഈ രണ്ടു പുരസ്‌കാരങ്ങളും ഒരുമിച്ചു ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടേക്ക് ഓഫിലെ പ്രകടനത്തിന് പാര്‍വ്വതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച സംവിധായകന് രജതമയൂരവും 15 ലക്ഷം രൂപയും ലഭിക്കും. നടന് രജതമയൂരവും 10 ലക്ഷം രൂപയും ലഭിക്കും. മലയാളത്തില്‍ നിന്ന് ഇമ യൗനൊപ്പം ജയരാജിന്റെ ഭയാനകവും മത്സരിച്ചിരുന്നു. ഒമ്പത് ദിവസങ്ങളായി നടന്ന ചലച്ചിത്രമേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങള്‍ പ്രദര്‍ശ്ശിപ്പിച്ചു.
എറണാകുളം ജില്ലയിലെ ചെല്ലാനം എന്ന തീരദേശഗ്രാമത്തിലെ ഒരു വീട്ടിലെ ഗൃഹനാഥന്‍ അപ്രതീക്ഷിതമായി മരിക്കുന്നതും തുടര്‍ന്ന് ആ മരണവീട്ടിലുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ഈമായൗ എന്ന ചിത്രത്തില്‍ നിറയുന്നത്. മഴയുടേയും കടലിന്റേയും ഇരുട്ടിന്റേയും പശ്ചാത്തലത്തില്‍ പിതാവിന്റെ മരണം സൃഷ്ടിക്കുന്ന മാനസികാഘാതവും പേറി തനിക്ക് മുന്നിലുള്ള പ്രശ്നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഈശി എന്ന മകനായി സമാനതകളില്ലാത്ത പ്രകടനമാണ് ചിത്രത്തില്‍ ചെന്പന്‍ വിനോദ് കാഴ്ച്ചവച്ചത്.
സെര്‍ജി ലോസ്നിറ്റ്സ സംവിധാനം ചെയ്ത യുക്രൈന്‍-റഷ്യന്‍ ചിത്രം ഡോണ്‍ബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം.മികച്ച നടിക്കുള്ള രജത മയൂര പുരസ്‌കാരം അനസ്തസ്യ പുസ്തോവിച്ച് സ്വന്തമാക്കി. വെന്‍ ദി ട്രീസ് ഫോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. റഷ്യന്‍ ചിത്രം ഡോണ്‍ബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം. സെര്‍ജി ലോസ്നിറ്റ്സാണ് ചിത്രം സംവിധാനം ചെയ്തത്.