ഇക്കഴിഞ്ഞ ജനുവരി 24ന് ആണ് അപ്പാനി ശരത്തിന് മൂന്നാമത്തെ കുഞ്ഞ് പിറന്നത്. വീണ്ടും ഒരു ആണ്‍കുഞ്ഞിന്റെ അച്ഛനായതിന്റെ സന്തോഷ വാര്‍ത്ത ശരത്ത് സോഷ്യല്‍മീഡിയ വഴി പങ്ക് വ്ച്ചിരുന്നു. ഇപ്പോഴിതാ തന്റെ മകന്റെ ജനനം നേരില്‍ കണ്ണീരണിഞ്ഞ് കാണുന്ന വീഡിയോകുറിപ്പിനൊപ്പം ശരത്ത് സോഷ്യല്‍മീഡിയയില്‍ പങ്കിട്ടു.
ഭാര്യ രേഷ്മയ്ക്ക് കരുത്തേകാനായി ശരത്തും ലേബര്‍ റൂമില്‍ ഉണ്ടായിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റായപ്പോള്‍ മുതല്‍ രേഷ്മയുടെ എല്ലാ കാര്യങ്ങളും നോക്കി ചെയ്തിരുന്നതും ശുശ്രൂഷിച്ചിരുന്നതും ശരത്തായിരുന്നു. ലേബര്‍ റൂമില്‍ വേദനകൊണ്ട് പുളയുന്ന രേഷ്മയെ ശരത്ത് ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
ജീവിതയാത്രയിലെ ഓരോ കയറ്റിറക്കങ്ങളിലും നിഴലുപോലെ നീ കൂടെയുണ്ടായിരുന്നു. വെറുമൊരു ഭാര്യയായല്ല, എന്റെ കരുത്തായി, തളരുമ്പോള്‍ താങ്ങായി... നമ്മള്‍ നാലുപേരും ഏറെ പ്രാര്‍ത്ഥനകളോടെ കാത്തിരുന്ന ആ കൊച്ചു വിസ്മയം ഇന്ന് നമ്മുടെ ജീവിതത്തിലേക്ക് വന്നെത്തിയിരിക്കുന്നു.
അവന്‍ ജനിച്ച ആ നിമിഷത്തിന് സാക്ഷിയാകാന്‍ എനിക്ക് കഴിഞ്ഞു. പ്രസവമുറിയിലെ നിശബ്ദതയില്‍ നമ്മുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയപ്പോള്‍, അതില്‍ നമ്മള്‍ പിന്നിട്ട കഷ്ടപ്പാടുകളുടെയും കാത്തുസൂക്ഷിച്ച വിശ്വാസത്തിന്റെയും കഥകളുണ്ടായിരുന്നു...എത്ര വലിയ പ്രതിസന്ധികളിലും മുന്നോട്ട് നടക്കാന്‍ ഈ കുഞ്ഞുജീവന്‍ എനിക്ക് പുതിയ ധൈര്യം നല്‍കുന്നുണ്ട്.
ഈ യാത്ര ഇത്ര സുന്ദരവും സുരക്ഷിതവുമാക്കിയ ഡോ. സോണിയയോടും സണ്‍റൈസ് ഹോസ്പിറ്റല്‍ ടീമിനോടും ഉള്ള നന്ദി വാക്കുകള്‍കൊണ്ട് രേഖപ്പെടുത്താനാവുന്നതല്ല..
ഇന്ന് ഞാന്‍ മൂന്ന് മക്കളുടെ അച്ഛനാണ്... ഉത്തരവാദിത്തങ്ങള്‍ കൂടിയിരിക്കുന്നു. എങ്കിലും അവര്‍ക്ക് വേണ്ടി ഒരു പാറപോലെ ഉറച്ചുനില്‍ക്കാന്‍ ദൈവം എനിക്ക് കരുത്ത് നല്‍കട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന...'' എന്നാണ് കുഞ്ഞ് ജനിക്കുന്നതിന്റെ ചില നിമിഷങ്ങള്‍ പങ്കിട്ട് അപ്പാനി ശരത് കുറിച്ചിരിക്കുന്നത്.
ഭാര്യ അനുഭവിക്കുന്ന വേദന നേരിട്ട് കണ്ടതോടെ ശരത്തും നിയന്ത്രണം വിട്ട് കരയുന്നതും വീഡിയോയിലുണ്ട്. അമ്മ രേഷ്മ കാണും മുമ്പ് ആദ്യം കുഞ്ഞിന്റെ മുഖം കണ്ടതും ശരത്താണ്. ലേബര്‍ റൂമില്‍ നിന്നും പുറത്തേക്ക് വന്ന ശരത്ത് കുഞ്ഞുമായി നേരെ പോയത് തന്റെ മൂത്ത മക്കളുടെഅടുത്തേക്കാണ്. ശരത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് സ്‌നേഹം നിറഞ്ഞ കമന്റുകള്‍ കുറിക്കുന്നത്.