Latest News

ഭയം തോന്നിയാല്‍ സര്‍ഗ്ഗാത്മകത അവസാനിക്കും;പിന്നീട് എഴുതാന്‍ കഴിയില്ല; സിനിമകളിലെ കുറ്റകൃത്യങ്ങള്‍ സമൂഹത്തെ സ്വാധീനിക്കുന്നില്ല;മുരളി ഗോപി നിലപാട് വ്യക്തമാക്കുമ്പോള്‍

Malayalilife
ഭയം തോന്നിയാല്‍ സര്‍ഗ്ഗാത്മകത അവസാനിക്കും;പിന്നീട് എഴുതാന്‍ കഴിയില്ല; സിനിമകളിലെ കുറ്റകൃത്യങ്ങള്‍ സമൂഹത്തെ സ്വാധീനിക്കുന്നില്ല;മുരളി ഗോപി നിലപാട് വ്യക്തമാക്കുമ്പോള്‍

സിനിമകളില്‍ ചിത്രീകരിക്കുന്ന കുറ്റകൃത്യങ്ങള്‍ സമൂഹത്തെ സ്വാധീനിക്കുന്നില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരായ ഭരണാധികാരികള്‍ പോലും കുട്ടികളുടെ സിനിമകളാണ് ഇഷ്ടപ്പെട്ടിരുന്നത് എന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. കൊച്ചി ജെയിന്‍ സര്‍വ്വകലാശാലയുടെ 'സമ്മിറ്റ് ഓഫ് ഫ്യൂച്ചറി'ല്‍ 'ദ അനാട്ടമി ഓഫ് എ സ്‌ക്രീന്‍പ്ലേ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 തന്റെ സിനിമകളിലെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചും മുരളി ഗോപി വിശദീകരിച്ചു. 'കമ്മാരസംഭവം', 'തീര്‍പ്പ്' തുടങ്ങിയ ചിത്രങ്ങളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ യാദൃശ്ചികമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സിനിമയുടെ ഓരോ തലത്തിലും കൃത്യമായ ആസൂത്രണം ആവശ്യമാണെന്നും, ഉപരിപ്ലവമായ കാര്യങ്ങള്‍ക്കപ്പുറം ഓരോ കഥാപാത്രവും സ്വാഭാവികമായി പരിണമിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 

ചുറ്റുമുള്ളവരിലും തന്നിലും താന്‍ കാണുന്ന 'ഗ്രേ' ഷേഡുകളാണ് തന്റെ കഥാപാത്രങ്ങള്‍ക്കുള്ളതെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു. ഭരണകൂടം സെന്‍സര്‍ ചെയ്ത് ഭയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അത് വ്യക്തിപരമായി ബാധിക്കാറുണ്ടോയെന്ന ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച മുരളി ഗോപി, ഭയം തോന്നിയാല്‍ സര്‍ഗ്ഗാത്മകത അവസാനിക്കുമെന്നും പിന്നീട് എഴുതാന്‍ കഴിയില്ലെന്നും പറഞ്ഞു. വരുന്നിടത്തുവെച്ച് കാണാം എന്ന് തീരുമാനിക്കുകയേ വഴിയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സിനിമ എപ്പോഴും പ്രേക്ഷകരെ രസിപ്പിക്കുന്നതാകണമെന്നാണ് തന്റെ ആഗ്രഹമെന്നും മുരളി ഗോപി പറഞ്ഞു. അത് ഒരു പരിമിത വിഭാഗത്തിന് വേണ്ടിയായാലും വലിയ ജനക്കൂട്ടത്തിന് വേണ്ടിയായാലും, തിയേറ്ററില്‍ പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന പ്രതികരണമാണ് താന്‍ ഏറ്റവും ആസ്വദിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമയിലെ നൊസ്റ്റാള്‍ജിയയും പഴയകാല ക്രാഫ്റ്റും പുതിയ രീതിയില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു.
 

Read more topics: # മുരളി ഗോപി
murali gopi explains movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES