പ്രമുഖ കർണാടക സംഗീതജ്ഞനും മലയാള സിനിമാ സംഗീത സംവിധായകനുമായ കൈതപ്രം വിശ്വനാഥൻ (58)വിടവാങ്ങി. കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ അര്‍ബുദബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു ഗായകന്റെ അന്ത്യം. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ് ഇദ്ദേഹം. ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിക്കാനും അദ്ദേഹത്തിന് സാധിയച്ചിട്ടുമുണ്ട്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള 2001 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
1963 ൽ കണ്ണൂർ ജില്ലയിലെ കൈതപ്രം ഗ്രാമത്തിലാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന കണ്ണാടി കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും മകനായി ജനനം. മാതമംഗലം ഹൈസ്കൂളിലെ പഠനത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽനിന്നു ഗാനഭൂഷണം പാസായി. മാതമംഗലം സ്കൂളിലും നീലേശ്വരം രാജാസ് ഹൈസ്കൂളിലും സംഗീതാധ്യാപകനായിരുന്നു. പിന്നീട് പയ്യന്നൂരിൽ ശ്രുതിലയ എന്ന സംഗീത വിദ്യാലയം തുടങ്ങി.
കൈതപ്രത്തിന്റെ സഹായിയായി കൈതപ്രം ദാമോദരൻ നമ്പൂതിരി ഗാനരചനയും സംഗീതസംവിധാനവും നിർവഹിച്ച ജയരാജ് ചിത്രം ‘ദേശാടന’ത്തിൽ സിനിമാ പ്രവേശം. ജയരാജിന്റെ തന്നെ ചിത്രമായ ‘കണ്ണകി’യിലാണ് ആദ്യമായി സ്വതന്ത്ര സംഗീതസംവിധായകനായത്. കണ്ണകി, തിളക്കം, എകാന്തം, ദൈവനാമത്തിൽ, മധ്യവേനൽ, കൗസ്തുഭം മുതലായവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.