പ്രശസ്ത തമിഴ് നടൻ നിതിഷ് വീര വിടവാങ്ങി. 45 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു താരത്തിന്റെ വിയോഗം. രജിനികാന്ത് ചിത്രം കാല, ധനുഷിന്റെ അസുരൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നിതിഷ് വീര.
നിതിഷ് തമിഴകത്ത് സെൽവരാഘവൻ ചിത്രം പുതുപേട്ടയിലൂടെയാണ് തന്റെ വരവറിയിച്ചത്. ചിത്രത്തിൽ നിതിഷ് മണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് വെണ്ണിലാ കബഡി കുഴു, നേട്ര് ഇൻട്ര്, പാടൈ വീരൻ, പേരൻപ്, ഐരാ, നീയ 2 തുടങ്ങിയ ചിത്രങ്ങളിലും നിതിഷ് തന്റെ സാന്നിധ്യം ആരാധകരെ അറിയിക്കുകയും ചെയ്തു.
താരത്തെ ഏറെ ശ്രദ്ധേയനാക്കിയ ഒരു കഥാപാത്രമായിരുന്നു വെട്രിമാരൻ ചിത്രം അസുരനിലെ പാണ്ഡിയൻ എന്ന വില്ലൻ വേഷവും.നിതിഷ് അവസാനമായി അഭിനയിച്ച ചിത്രം വിജയ് സേതുപതി നായകനാക ലാഭം ആണ്. താരത്തിന് ആദരാഞ്ജലികൾ നേർന്ന് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. അതിരൂക്ഷമായി കോവിഡ് രണ്ടാം തരംഗം പടർന്നുപിടിക്കുന്ന ഇന്ത്യയിൽ മരിക്കുന്നവരിൽ സെലിബ്രിറ്റികളെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെയാണ്. നിരവധി താരങ്ങളായിരുന്നു കോവിഡ് ബാധയെ തുടർന്ന് വിടവാങ്ങിയത്.
അടുത്തിടെയായിരുന്നു തെന്നിന്ത്യയിലെ ശ്രദ്ധേയനായ താരം വിവേകും അന്തരിച്ചത്. താരത്തിന്റെ മരണവാർത്ത വന്നു ദിവസങ്ങൾ പിന്നിടുന്നതിന് മുന്നേയാണ് മറ്റൊരു താരത്തിന്റെ വേർപാട് കൂടി ആരാധകർ ശ്രവിക്കുന്നത്.