ഇന്ത്യയില്‍ നിന്നും ആദ്യമായി ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച ഭാനു അതയ്യ അന്തരിച്ചു. കോസ്റ്റിയൂം ഡിസൈനറായ ഭാനുവിന് 91 വയസ്സായിരുന്നു. ദീര്‍ഘനാളായി രോഗബാധിതയായിരുന്ന ഭാനുവിന് ഇന്ന് പുലര്‍ച്ചെ സ്വവസതിയില്‍ വച്ച് ഉറക്കത്തിലാണ് അന്ത്യം സംഭവിച്ചത്. മകള്‍ രാധികയാണ് മരണവിവരം പുറത്തുവിട്ടത്. ന്യുമോണിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1982 ഏപ്രില്‍ 11നായിരുന്നു ഗാന്ധി എന്ന സിനിമയുടെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചതിലൂടെ അവര്‍ക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നത്. 1929 ഏപ്രില്‍ 28നായിരുന്നു മഹാരാഷ്ട്രയിലെ കോലാലംപൂരില്‍ അവരുടെ ജനനം. ഭാനുമതി അന്നാസാഹിബ് രാജോപാദ്ധ്യായേ എന്നാണ് പൂര്‍ണ്ണനാമം.
1956ല്‍ ഗുരുദത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ സി.ഐ.ഡി എന്ന ചിത്രത്തിലൂടെയാണ് ഭാനു കോസ്റ്റ്യൂം ഡിസൈനറായി കരിയര്‍ ആരംഭിച്ചത്. നൂറോളം സിനിമകള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിട്ടുണ്ട്. റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന സിനിമയില്‍ വസ്ത്രാലങ്കാരം ഒരുക്കിയതിനാണ് ഭാനുവിന് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്. ഇതു കൂടാതെ രണ്ടു തവണ നാഷണല്‍ ഫിലിം അക്കാദമി പുരസ്‌കാരവും ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഭാനു അതയ്യ കരസ്ഥമാക്കിയിട്ടുണ്ട്.
അമ്പതുവര്‍ഷത്തോളം സിനിമാ മേഖലയില്‍ സജീവമായിരുന്നു. പ്യാസ, സഹീബ്, ബീവി ഓര്‍ ഗുലാം, ജോണി മേരാ നാം, വക്ത്, അഗ്‌നിപഥ്, 1942 എ ലവ് സ്റ്റോറി, ലേകിന്‍, ലഗാന്‍, സ്വദേശ് തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിട്ടുണ്ട്. ലഗാനിലൂടെ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. 2012-ല്‍ ഇവര്‍ തനിക്ക് ലഭിച്ച ഓസ്‌കാര്‍ പുരസ്‌കാരം അത് സമ്മാനിച്ച അമേരിക്കന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്ട് ആന്‍ഡ് സയന്‍സസിനു മടക്കി നല്‍കാന്‍ താത്പര്യം പ്രകടിപ്പിക്കുകയുമുണ്ടായി. തന്റെ കാലശേഷം ഈ ഓസ്‌കാര്‍ ട്രോഫി സൂക്ഷിക്കാന്‍ കുടുംബത്തിനോ സര്‍ക്കാരിനോ സാധിച്ചേക്കില്ല എന്ന ചിന്തയാലായിരുന്നു ഇത്. 2012ല്‍, തന്റെ ഓസ്‌കാര്‍ പുരസ്‌കാരം സുരക്ഷിതമായി സൂക്ഷിക്കാനായി ഭാനു ദ അക്കാഡമി ഒഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന് കൈമാറിയിരുന്നു. അഞ്ച് ദശാബ്ദം നീണ്ട കരിയറില്‍ 100 ലേറെ ചിത്രങ്ങളുടെ ഭാഗമായ ഭാനു ലെകിന്‍ ( 1990 ), ലഗാന്‍ ( 2001) എന്നീ ചിത്രങ്ങളിലൂടെ രണ്ട് ദേശീയ പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.
എട്ട് വര്‍ഷം മുമ്പ് ഭാനുവിന് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് കിടപ്പിലായിരുന്നു ഭാനു എന്ന് മകള്‍ രാധിക ഗുപ്ത പറഞ്ഞു. ദക്ഷിണ മുംബയിലെ ചന്ദന്‍വാഡി ശ്മശാനത്തില്‍ അന്ത്യകര്‍മങ്ങള്‍ നടന്നു.