മുംബൈ: സിനിമാ സെറ്റില്‍ വച്ചു ഉപദ്രവിക്കാന്‍ ശ്രമിച്ച നടന്റെ പേരു തുറന്നു പറഞ്ഞ തനുശ്രീ ദത്തയെ പിന്തുണച്ച് ബോളിവുഡ് നടി കാജോള്‍. നടന്ന സംഭവങ്ങള്‍ ആയതു കൊണ്ടാവുമല്ലോ തനുശ്രീ തുറന്നു പറച്ചില്‍ നടത്തിയതെന്നാണ് കജോള്‍ പ്രതികരിച്ചിരിക്കുന്നത്. സിനിമാ മേഖലയില്‍ ലൈംഗിക പീഡനം ഉണ്ടെന്നുള്ളത് ഒരു സത്യമാണെന്നും അവര്‍ പറഞ്ഞു. അത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിട്ടിട്ടില്ല. പക്ഷേ ഇത്തരം സംഭവങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്, ഒരു തരത്തിലും പ്രോല്‍സാഹിക്കപ്പെടാവുന്ന ഒന്നല്ല അതെന്നും കാജോള്‍ പറഞ്ഞു.
സിനിമാമേഖലയില്‍ വച്ച് താന്‍ മോശമായ പെരുമാറ്റത്തിന് ഇരയായിട്ടുണ്ട് എന്ന് തനുശ്രീ ദത്ത മുമ്പ് പല തവണ തുറന്നു പറഞ്ഞിരുന്നു.
2009ല്‍ ഇറങ്ങിയ 'ഹോണ്‍ ഒ.കെ' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നാന പടേക്കര്‍ ആണു തന്നെ ഉപദ്രവിച്ചതെന്നു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് തനുശ്രീ തുറന്നുപറഞ്ഞത്. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം 'സൂം ടിവി'ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനുശ്രീ തുറന്നു പറഞ്ഞത്.
നാന പടേക്കര്‍ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ ഇക്കാര്യം ആരും ഗൗരവത്തിലെടുക്കാറില്ലെന്നതാണ് പ്രശ്‌നമെന്നും തനുശ്രീ പറയുന്നു.സിനിമ മേഖലയിലെ പ്രശ്‌സ്തരായ പല നടന്മാരും ഇയാളോടൊപ്പം അഭിനയിക്കാന്‍ തയ്യാറാകുന്നതും അംഗീകരിക്കുന്നതും ഇത്തരത്തിലുളള സംഭവങ്ങള്‍ക്ക് ഒരു മാറ്റവും വരുത്തില്ലെന്നും തനുശ്രീ ആരോപിക്കുന്നു. ഇവരെപ്പറ്റിയൊക്കെ അണിയറയില്‍ ഗോസിപ്പുകള്‍ ഉയരും എന്നാല്‍ ആരും ഇവര്‍ക്കെതിരെ ഒന്നും ചെയ്യില്ല. കാരണം അവരുടെയെല്ലാം പി.ആര്‍ ടീം അത്ര ശക്തമാണ്. ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്ന ഒരാള്‍ ജീവിതത്തിലും അങ്ങനെയാകണമെന്ന ഒരു തരം നിര്‍ബന്ധമാണ്.' തനുശ്രീ പറയുന്നു.
'ഹോണ്‍ ഒ.കെ' എന്ന ചിത്രത്തിലെ പാട്ട് രംഗങ്ങളില്‍ അഭിനയിക്കാനെത്തിയ തനുശ്രീ ദത്ത പിന്നീട് സെറ്റില്‍ വച്ച് ഒരു നടന്‍ തന്നെ ഉപദ്രവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചിത്രം ഉപേക്ഷിച്ചിരുന്നു. ഇമ്രാന്‍ ഹഷ്മിയോടൊപ്പം അഭിനയിച്ച 'ആഷിഖ് ബനായ' എന്ന ചിത്രമാണ് തനുശ്രീ ദത്തയെ ബോളിവുഡിലും പുറത്തും പ്രശസ്തയാക്കിയത്.