മലയാളികളെ ഏറെ വിഷമിപ്പിച്ച ആ മരണത്തിന് ഇന്ന് രണ്ടു വര്‍ഷം തികഞ്ഞിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട ബാലഭാസ്‌കരുടെ ഒന്നാം ചരമവാര്‍ഷികമാണ് ഇന്ന്. രണ്ടു വര്‍ഷം മുമ്പ് ഇതേ ദിവസം പുലര്‍ച്ചെയാണ് ഹൃദയാഘാതത്തെതുടര്‍ന്ന് ബാലു വിട പറഞ്ഞത്. ബാലു കണ്ണുതുറന്നുവെന്നും സംസാരിച്ചു എന്നുമുള്ള ആശ്വാസവാര്‍ത്തകള്‍ക്ക് പിന്നാലെ മരണവാര്‍ത്ത എത്തിയത് അക്ഷരാര്‍ഥത്തില്‍ മലയാളികളെ ഞെട്ടിച്ചിരുന്നു.ബാലഭാസ്‌കറും മകള്‍ തേജസ്വിനിയുമില്ലാതെ ശൂന്യമാണ് ഇപ്പോള്‍ ബാലുവിന്റെ വീട്. കുഞ്ഞ് ജാനിക്കുട്ടിയുടെ കളിചിരിയും അച്ഛന്‍ ബാലുവിന്റെ സംഗീതവും താരാട്ടുപാട്ടുമൊക്കെയായി ആഘോഷരാവായിരുന്നു ബാലുവിന്റെ വീട്ടിലെന്നും.
മകളുടേയും ബാലുവിന്റേയും വിയോഗത്തോടെ വീട്ടിലെ കളിചിരികള്‍ മാഞ്ഞു. ഇപ്പോള്‍ ഇവരുടെ ഓര്‍മ്മകളിലാണ് ലക്ഷ്മിയുടെ ജീവിതം. വാഹനാപകടം എന്ന നിലയില്‍ നിന്ന് രാജ്യാന്തര മാനങ്ങളുള്ള സ്വര്‍ണ്ണക്കടത്ത് ശൃംഖലയുമായി ചേര്‍ത്തുവച്ചാണ് രണ്ടു വര്‍ഷത്തിനിപ്പുറം ബാലഭാസ്‌കറിന്റെ മരണത്തെ കേരളം നോക്കിക്കാണുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചെങ്കിലും മരണത്തിലെ ദുരൂഹത ഇന്നും ബാക്കിയാണ്. അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ, ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത, മറനീക്കി പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
16 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ദൈവം നല്‍കിയ കണ്‍മണിയാണ് അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള കാര്‍ യാത്രയ്ക്കിടെ മരണത്തെ പുല്‍കിയ തേജസ്വനി.കാത്തിരിപ്പിനും നേര്‍ച്ചകാഴ്ച്ചകള്‍ക്കുമൊടുവിലാണ് ബാലഭാസ്‌ക്കറിനും ഭാര്യയ്ക്കും കുഞ്ഞു പിറന്നത്. തേജസ്വിനി ബാലയെന്ന പേരിട്ട കുഞ്ഞുമായി നേര്‍ച്ച വീടാനായി വടക്കുംനാഥക്ഷേത്ര ദര്‍ശനത്തിന് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങവേയാണ് തിരുവനന്തപുരത്ത് വച്ച് ഇവരുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതിനാല്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നെന്നാണ് അന്ന് റിപ്പോര്ട്ടുകളെത്തിയത്. തേജസ്വനി തല്‍ക്ഷണം മരിച്ചു. പ്രാര്‍ഥനകള്‍ വിഫലമാക്കി ബാലഭാസ്‌കര്‍ ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങി.
ഡ്രൈവറുടെയും ലക്ഷ്മിയുടെയും അവസ്ഥ ഗുരുതരമായിരുന്നെങ്കിലും ഇരുവരും ജീവിതത്തിലേക്ക് തിരികേയെത്തി. ആരെയും അസൂയപെടുത്തുന്ന ദാമ്പത്യമായിരുന്നു ലക്ഷ്മിയുടെയും ബാലുവിന്റേതും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ഇവരുടെ വിവാഹം. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കുഞ്ഞുമാലാഖ കൂടിയെത്തിയപ്പോള്‍ ജീവിതത്തില്‍ ഇവര്‍ ഏറെ സന്തോഷിച്ചിരുന്നു. എന്നാല്‍ കാര്‍ അപകടത്തിന്റെ രൂപത്തില്‍ കാത്തിരുന്നു കിട്ടിയ കണ്‍മണിയും ബാലുവും യാത്രയായപ്പോള്‍ ലക്ഷ്മി ഒറ്റയ്ക്കായി. ഇപ്പോഴും പ്രിയപ്പെട്ടവരുടെ മരണം ഉള്‍കൊള്ളാതെയാണ് ലക്ഷ്മിയുടെ ജീവിതം.
ബാലു അവശേഷിപ്പിച്ച ശൂന്യതയില്‍ അദ്ദേഹത്തെ ഓര്‍ക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.ബാലഭാസ്‌കറിന്റെ ഫോട്ടോ വാള്‍പേപ്പറായി വച്ചിരിക്കുന്ന തന്റെ ഫോണിന്റെ ചിത്രമാണ് നടി അനുശ്രീ പങ്കുവച്ചിരിക്കുന്നത്.അന്നും ഇന്നും ഈ ഫോണില്‍ ബാലുച്ചേട്ടന്‍.. ഒരിക്കലും മറക്കില്ല, എന്ന വാക്കുകളോടെയാണ് അനുശ്രീ ചിത്രം പങ്കുവച്ചത്.ഏറെ വൈകാരികമായൊരു കുറിപ്പാണ് ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസി പങ്കുവച്ചിരിക്കുന്നത്.നീ ഞങ്ങളെ വിട്ടു പോയിട്ട് രണ്ടു വര്‍ഷമായി.
പക്ഷെ നിന്റെ നിരുപാധികമായ സ്നേഹവും, സ്റ്റേജിലും അതിന് പുറത്തും നമ്മള്‍ പങ്കിട്ട മനോഹരമായ നിമിഷങ്ങളും എന്നും വിലമതിക്കാനാകാത്ത ഓര്‍മകളാണ്. ഈ നഷ്ടം വിവരിക്കാന്‍ വാക്കുകളില്ല. പക്ഷെ സംഗീതത്തിലൂടെ നീ സൃഷ്ടിച്ച മാജിക് ഇപ്പോഴും ആളുകളെ സുഖപ്പെടുത്തുകയും അവര്‍ക്ക് സമാധാനം നല്‍കുകയും സന്തോഷവും ആശ്വാസവും നല്‍കുകയും ചെയ്യുന്നു. നീയായിരുന്നു എനിക്ക് പിന്തുണ. നീയുണ്ടാക്കിയ ശൂന്യത ഇപ്പോഴും എന്റെ ഹൃദയത്തിലുണ്ട്. ഇന്നും ഓരോ ദിവസവും ഞാന്‍ നിന്നെ മിസ് ചെയ്യുന്നു. ഐ ലവ് യു ബാലു എന്നാണ് സ്റ്റീഫന്‍ കുറിച്ചത്