ലാലേ.. ഇതു ഞാനാ.. ജയേട്ടന്‍.. എന്നു പറഞ്ഞ് ദിവസങ്ങള്‍ക്കു മുമ്പാണ് ജയചന്ദ്രന്‍ മോഹന്‍ലാലിനെ വിളിച്ചത്. മനസിലായി.. മനസിലായി എന്നു മറുപടി പറഞ്ഞ മോഹന്‍ലാല്‍ പിന്നീട് അങ്ങോട്ട് സംസാരിക്കുന്നത് ഇങ്ങനെയാണ്: ചേട്ടാ.. ഞാന്.. ഇപ്പോള്‍ ന്യൂസിലാന്റിലാണ്. തെലുങ്ക് സിനിമയുടെ ഷൂട്ടുമായി ഇവിടെ വന്നിരിക്കുകയാണ്. എന്നു വരുന്നു തിരിച്ച് എന്ന് ജയചന്ദ്രന്‍ ചോദിച്ചപ്പോള്‍ ഞാന്‍ തിരിച്ച് എട്ടാം തീയതിയോ ഒന്‍പതാം തീയതിയോ ആകും വരാന്‍. ഇവിടെ മഴ പെയ്ത് രണ്ടു ദിവസം ഷൂട്ട് നടന്നില്ല. അപ്പോ എത്രയും പെട്ടെന്ന് മിടുക്കനാകാട്ടെ.. എല്ലാവിധ പ്രാര്‍ത്ഥനകളും സ്നേഹവും. എന്നു ലാലേട്ടന്‍ പറഞ്ഞപ്പോള്‍ താങ്ക്യൂ.. താങ്ക്യൂ.. ലാലേ.. വന്നിട്ട് ഒരു ദിവസം കാണാം. എന്നു മറുപടി പറയുന്നുമുണ്ട് ജയചന്ദ്രന്‍. തുടര്‍ന്ന് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ ഒരു സംസാരിക്കണമെന്ന് തോന്നി.. അങ്ങനെ വിളിച്ചതാണ് എന്ന് ലാലേട്ടന്‍ പറയുകയും ഓക്കേ.. ഓക്കേ.. വന്നിട്ടു കാണാം എന്നുമാണ് ജയചന്ദ്രന്‍ പറഞ്ഞത്.
എന്നാല്‍ മോഹന്‍ലാല്‍ വരുന്നതിനും ആ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങതിനും മുന്നേ തന്നെ.. ഒന്നിനും കാത്തുനില്‍ക്കാതെ അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു. ലാലേട്ടന്‍ പറഞ്ഞ തീയതി അനുസരിച്ച് ഇന്നലെയായിരുന്നു അദ്ദേഹം വരേണ്ടിയിരുന്നത്. എന്നാല്‍ ഇന്നലെ അപ്രതീക്ഷിതമെന്നോണം അദ്ദേഹത്തിന്റെ മരണവും സംഭവിക്കുകയും ആയിരുന്നു. ജയചന്ദ്രന്റെ മരണ വാര്‍ത്തയറിഞ്ഞ് വേദനയോടെ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്:
പ്രിയപ്പെട്ട ജയേട്ടന്‍ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകന്‍ ആയി മാറിയ ജയേട്ടന്‍ എനിക്ക് ജ്യേഷ്ഠ സഹോദരന്‍ തന്നെ ആയിരുന്നു. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേര്‍ത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടന്‍ മിക്കപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങള്‍ പാടി കേള്‍പ്പിക്കും. അനിയനെപ്പോലെ എന്നെ ചേര്‍ത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങള്‍ മാത്രമേ എനിക്കുവേണ്ടി ജയേട്ടന്‍ സിനിമയില്‍ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകള്‍ ഏറ്റെടുത്തത് എന്റെ സൗഭാഗ്യമായി കരുതുന്നു.
ശബ്ദത്തില്‍ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങള്‍ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം.എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. അതേസമയം, മോഹന്‍ലാല്‍ ഇപ്പോഴും ന്യൂസിലാന്‍ഡില്‍ തന്നെയാണെന്നാണ് വിവരം. ജയചന്ദ്രനെ അവസാന നോക്കു കാണാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. നാളെ എറണാകുളത്തു നടക്കുന്ന പൊതുദര്‍ശനത്തില്‍ കഴിയുന്നതും പങ്കെടുക്കാനുള്ള ശ്രമമാണ് മോഹന്‍ലാല്‍ ഇപ്പോള്‍ നടത്തുന്നത്. ഷൂട്ടിംഗ് എത്രയും വേഗം പൂര്‍ത്തീകരിച്ച് കേരളത്തിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ജി വേണുഗോപാല്‍ കുറിപ്പ് ഇങ്ങനെയാണ്
വല്ലാത്ത ഒരനാഥത്വം ഉണ്ടാക്കുന്ന വിയോഗമാണ് ജയചന്ദ്രന്റെതെന്നും അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങള്‍ മാത്രമാണ് ഇനിയുണ്ടാവുകയെന്നും ജി വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
'വല്ലാത്ത ഒരനാഥത്വം ഉണ്ടാക്കുന്ന വിയോഗം .
തീരെ വയ്യാത്തപ്പോഴും പോയിക്കണ്ടപ്പോഴുമെല്ലാം 'റഫി സാബ് ' ആയിരുന്നു സംസാരത്തില്‍.
മകള്‍ ലക്ഷ്മിയോട് പറഞ്ഞ് അകത്തെ മുറിയില്‍ നിന്ന് ഒരു ഡയറി എടുപ്പിച്ചു.
മുഴുവന്‍ റഫി സാബിന്റെ പടങ്ങളും അദ്ദേഹത്തിന്റെ പാട്ടുകളുടെ വരികളും.
പോകുവാന്‍ നേരം, ഒരിക്കലുമില്ലാത്ത പോല്‍, എന്റെ കൈ ജയേട്ടന്റെ കൈയ്ക്കുള്ളിലെ ചൂടില്‍ ഒരല്‍പ്പനേരം കൂടുതല്‍ ഇരുന്നു. ഇന്നിനി ഒരിയ്ക്കലും തിരിച്ചു വരാത്ത കാലഘട്ടവും സ്വര്‍ഗ്ഗീയ നാദങ്ങളും ഗാനങ്ങളും അവയുടെ സൃഷ്ടാക്കളുമൊക്കെ എന്നെ വലയം ചെയ്യുന്ന പോല്‍!
കഴിഞ്ഞ മാസം വീണു ഇടുപ്പെല്ല് തകര്‍ന്നു എന്നറിഞ്ഞപ്പോള്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു. ഇനിയും കഷ്ടപ്പെടുത്തരുതേ എന്ന്.
നിത്യ ശ്രുതിലയവും ഗന്ധര്‍വ്വനാദവും രാഗ നിബദ്ധതയും നിറഞ്ഞ ഏതോ ഒരു മായിക ലോകത്തേക്ക് ജയേട്ടന്‍ മണ്‍മറഞ്ഞിരിക്കുന്നു. ഇനി കൂട്ടിന് അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങള്‍ മാത്രം!
വിട, ജയേട്ടാ, വിട! VG' ജി വേണുഗോപാല്‍ കുറിച്ചു