മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവഗായകന്‍ ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കേരളം. ''ഞാന്‍ ഇനിയും വരും. ഇനിയും പാടും. പഴയ ജയചന്ദ്രനായിത്തന്നെ...'' നിറഞ്ഞ പുഞ്ചിരിയില്‍ പൊതിഞ്ഞ ആ വാക്കുകള്‍ ഇനിയില്ല. യേശുദാസ് കത്തിനില്‍ക്കുന്ന കാലത്ത് അദ്ദേഹത്തെ അതിജീവിക്കാന്‍ സമകാലികരും പൂര്‍വസൂരികളും പിന്‍ഗാമികളുമായ ഒരു ഗായകര്‍ക്കും കഴിഞ്ഞില്ല. ദാസിന്റെ സമശീര്‍ഷനായി പതിറ്റാണ്ടുകളോളം നില്‍ക്കാന്‍ എണ്ണത്തില്‍ കുറഞ്ഞ പാട്ടുകളിലൂടെ ജയചന്ദ്രന് സാധിച്ചു.
യേശുദാസ് ശബ്ദഗാംഭീര്യം കൊണ്ട് മുന്നേറിയപ്പോള്‍ ജയചന്ദ്രന്‍ ആലാപനത്തിലെ ഭാവാത്മകത കൊണ്ട് മലയാളിയുടെ ഭാവ ഗായകനായി. കഥാസന്ദര്‍ഭവും കഥാപാത്രങ്ങളുടെ വൈകാരിക തയെയും തിരിച്ചറിഞ്ഞ് ഭാവമധുരമായി അദ്ദേഹം പാടി. അത് മനസ്സുകളെ സ്വാധീനിച്ചു. ആ ഗായകന് അന്ത്യയാത്രമൊഴി നല്‍കാനൊരുങ്ങുകയാണ് കേരളം.
ഇന്ന് രാവിലെ 8 മണി മുതല്‍ 10 മണിവരെ പൂങ്കുന്നത്തെ വീട്ടിലും പിന്നാലെ സംഗീതനാടക അക്കാദമി തീയേറ്ററിലും പൊതുദര്‍ശനം. 12 മണിയോടെ മൃതദേഹം വീണ്ടും തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോകും. നാളെ സംസ്‌ക്കാരം ചേന്ദമംഗലത്തെ പാലിയം വീട്ടില്‍ നടക്കും. നാളെ വൈകീട്ട് മൂന്നരയ്ക്ക് ആണ് സംസ്‌കാരം. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പി ജയചന്ദ്രനെ ഒരുനോക്ക് കാണാന്‍ തൃശൂരിലേക്ക് ഒഴുകുകയാണ്.
കേരളമെങ്ങും ആ മഹാ ഗായകന്റെ പാട്ടുകള്‍ വീണ്ടും മുഴങ്ങുകയാണ്. ഇന്നലെ രാത്രി 7.45 മണിയോടെയായിരുന്നു ഗായകന് അന്ത്യം സംഭവിച്ചത്. ഇന്നലെ രാത്രി തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റിയിരുന്നു. വൈകീട്ട് ഏഴ് മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുറേ വര്‍ഷങ്ങളായി സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.
സംഗീതജ്ഞന്‍ തൃപ്പൂണിത്തുറ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി 1944-ല്‍ എറണാകുളം രവിപുരത്താണു ജനനം. പിന്നീട് ഇരിങ്ങാലക്കുടയിലേക്കു താമസം മാറ്റി. തൃശൂര്‍ പൂങ്കുന്നം സീതാറാം മില്‍ ലെയ്‌നിലെ വിസമയ ഫ്‌ളാറ്റിലായിരുന്നു താമസം. ഒരുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 7.54-ന് സ്വകാര്യാശുപത്രിയിലാണ് അന്തരിച്ചത്. മികച്ച മൃദംഗവാദകന്‍ കൂടിയായ ജയചന്ദ്രന്‍ സ്‌കൂള്‍തലത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍നിന്ന് സുവോളജിയില്‍ ബിരുദം നേടിയശേഷം ചെന്നൈയിലേക്കുപോയ ജയചന്ദ്രന്‍ 1965-ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തില്‍ ഒരു മുല്ലപ്പൂമാമലയാളം എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്.
എന്നാല്‍ ജി. ദേവരാജന്‍-പി. ഭാസ്‌കരന്‍ കൂട്ടുകെട്ടില്‍ 'മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി...' എന്ന ഗാനമാലപിച്ചതോടെ പിന്നണിഗാനരംഗത്ത് അസാമാന്യവൈഭവത്തോടെ ചുവടുറപ്പിച്ചു. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ കളിത്തോഴനിലെ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി...' എന്ന പാട്ടാണ് ശ്രദ്ധേയനാക്കിയത്. പിന്നീട് അരനൂറ്റാണ്ട് മതിവരാതെ മലയാളി അദ്ദേഹത്തെ കേട്ടു. 'രാജീവ നയനേ നീയുറങ്ങൂ', 'കേവലം മര്‍ത്യഭാഷ കേള്‍ക്കാത്ത' പോലുള്ള അനശ്വരഗാനങ്ങളാല്‍ പഴയകാലത്തെ ത്രസിപ്പിച്ചപോലെ 'പൂേവ പൂേവ പാലപ്പൂവേ, 'പൊടിമീശ മുളയ്ക്കണ പ്രായം,' 'ശാരദാംബരം...' തുടങ്ങിയ പാട്ടുകളിലൂടെ പുതിയകാലത്തിനും അദ്ദേഹം പ്രിയങ്കരനായി.
മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2021-ലെ ജെ.സി. ഡാനിയേല്‍ അവാര്‍ഡ്, മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം, അഞ്ചുതവണ സംസ്ഥാന പുരസ്‌കാരം. നാലുതവണ തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരം, തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം, 'സ്വരലയ കൈരളി യേശുദാസ് പുരസ്‌കാരം എന്നിവയിലൂടെ പലതവണ അദ്ദേഹം ആദരിക്കപ്പെട്ടു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് തൃശ്ശൂരിലെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാര്യ: ലളിത. മക്കളായ ലക്ഷ്മിയും ദിനനാഥും ഗായകരാണ്. സഹോദരങ്ങള്‍: കൃഷ്ണകുമാര്‍, ജയന്തി, പരേതരായ സുധാകരന്‍, സരസിജ. 1958ല്‍ ആദ്യ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മൃദംഗത്തില്‍ ഒന്നാം സ്ഥാനവും ലളിതഗാനത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു. ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും യേശുദാസ് ആയിരുന്നു ഒന്നാമത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടിയ ശേഷം മദ്രാസില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കു കയറി. ചലച്ചിത്രഗാനാലാപനത്തില്‍ ശ്രദ്ധേയനായതോടെ ജോലി ഉപേക്ഷിച്ചു. ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, സിനിമാ രംഗത്തെ പ്രമുഖര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങള്‍ പി. ജയചന്ദ്രന്‍ പാടിയിട്ടുണ്ട്.