മലയാളസിനിമയില്‍ നായകന്‍മാര്‍ക്കൊപ്പം തന്നെ ഇപ്പോള്‍ സ്ത്രീ കേന്ദ്രീകൃതമായ കഥകളില്‍ ശക്തമായ വേഷങ്ങളില്‍ നായികമാരും തിളങ്ങുന്നുണ്ട്. മലയാളത്തില്‍ തന്നെ ലേഡി സൂപ്പര്‍സ്റ്റാറുകളും ഉണ്ട്. നിരവധി ആരാധകരാണ് നടിമാരെ കാണാനായി ക്യുനില്‍ക്കുന്നത്. കൈനിറയെ പണവും പ്രശസ്തിയും ഇവര്‍ക്കുണ്ട്. എന്നാല്‍ മലയാളസിനിമയിലെ ആദ്യ നായികയായ രാജമ്മ എന്ന പികെ റോസിയുടെ ജീവിതം ആരെയും ഒന്നു സങ്കടപെടുത്തും. അത്രയ്ക്കാണ് നായിക ആയതിന്റെ പേരില്‍ റോസി അനുഭവിച്ചത്.
മലയാളത്തിലെ ആദ്യ സിനിമ വിഗതകുമാരന് പ്രദര്ശിപ്പിച്ചിട്ട് ഇന്ന് 91 വര്ഷങ്ങള് തികയുകയാണ്. 1928 നവംബര് 7നായിരുന്നു തിരുവനന്തപുരം ക്യാപ്പിറ്റോള് തിയ്യേറ്ററില് വിഗതകുമാരന്റെ ആദ്യ പ്രദര്ശനം നടന്നത്. അഭിഭാഷകന് മുള്ളൂര് ഗോവിന്ദപിള്ളയാണ് ആദ്യ പ്രദര്ശനം ഉദ്ഘാടനം ചെയ്തത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യസിനിമയെന്നു മാത്രമല്ല, അഭിനയിച്ചതിന്റെ പേരില്‍ മലയാളത്തിലെ ആദ്യനായിക അനുഭവിച്ചത് സമാനതകളില്ലാത ക്രൂരതകളാണ്.
നഷ്ടനായിക, സിനിമയുടെ ചരിത്രം എന്നീ ഗ്രന്ഥങ്ങളിലെ വിവരണമനുസരിച്ച് തിരുവനന്തപുരം തൈക്കാട് ആശുപത്രിയ്ക്കു സമീപമായിരുന്നു റോസിയുടെ വീട്. ദളിത് വിഭാഗത്തില്‍നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു റോസി. കുശിനിക്കാരനായിരുന്നു അച്ഛന്‍. നാടകത്തില്‍ നിന്നാണ് റോസി സിനിമയിലെത്തിയത്.
അഭിനയിക്കാന്‍ അറിയാതിരുന്ന റോസി, താന്‍ പറഞ്ഞ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയായിരുന്നുവെന്ന് സിനിമയുടെ നിര്‍മ്മാതാവും സംവിധായകനുമായിരുന്ന ജെ.സി. ഡാനിയേല്‍ സൂചിപ്പിച്ചിരുന്നു. താഴ്ന്ന ജാതിക്കാരിയായിരുന്ന റോസി സവര്‍ണ്ണകഥാപാത്രമായി എത്തി എന്നതിന്റെ പേരില്‍ തിയറ്ററില് റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികള് കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. വെള്ളിത്തിര കുത്തിക്കീറുകയും ചെയ്തു. തിരുവനന്തപുരം ചാല കമ്പോളത്തില് വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി എന്ന് ചരിത്രം പറയുന്നു. സ്ത്രീകള്‍ പൊതുരംഗത്ത് കടന്നുവരാത്ത ആ കാലത്ത്, ചലച്ചിത്രത്തില്‍ അഭിനയിച്ചതിന് റോസിയെ സമൂഹം ഏറെ അധിക്ഷേപിച്ചു. റൗഡികള്‍ റോസിയുടെ വീട് വളഞ്ഞ് കല്ലെറിയുകയും തീവെച്ച് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് ഇടപെട്ടാണ് അക്രമികളെ ഒതുക്കിയത്. വിഗതകുമാരനില്‍ അഭിനയിച്ചതിനെത്തുടര്‍ന്ന് റോസിക്കും വീട്ടുകാര്‍ക്കും സമൂഹം ഭ്രഷ്ട് കല്പിച്ചപ്പോള്‍ അവരെ വിവാഹം കഴിക്കാന്‍ പോലും ആരും തയ്യാറായില്ല. പിടിച്ചുനില്‍ക്കാനാവാതെ റോസി ഒരു ഡ്രൈവറുടെ കൂടെ തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടി. വീട് വിറ്റ് വീട്ടുകാരും സ്ഥലം വിട്ടു. പിന്നീട് അവരെക്കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല.
റോസിയെന്ന പേര് സിനിമയ്ക്കുവേണ്ടി സ്വീകരിച്ചതാവാമെന്നും യഥാര്‍ത്ഥ പേര് രാജമ്മ എന്നാണ് എന്നും രാജമ്മയുടെ ഇളയസഹോദരന്‍ ഗോവിന്ദന്‍ എന്നയാള്‍ വെളിപ്പെടുത്തിയിരുന്നു. നാഗര്‍കോവിലിലെ വടശേരി തെരുവിലാണ് രാജമ്മ ജീവിച്ചിരുന്നതെന്നും 1988ല്‍ രാജമ്മ മരിച്ചുപോയെന്നുമാണ് ഇദ്ദേഹത്തിന്റെ പക്ഷം. രാജമ്മ പേരുമാറ്റിയിരിക്കാമെങ്കിലും മതം മാറ്റിയിട്ടില്ലെന്നാണ് ഗോവിന്ദന്‍ അവകാശപ്പെടുന്നത്. ഗോവിന്ദന്‍, കൊച്ചപ്പി, സരോജിനി എന്നിവരാണ് രാജമ്മയുടെ സഹോദരങ്ങള്‍. കേശവപിള്ളയാണ് ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ടു മക്കളുണ്ടായിരുന്നു. 2011 ജനുവരിയില്‍ റോസിയുടെതെന്ന് കരുതുന്ന ചിത്രം അന്തരിച്ച മലയാള സിനിമാ ചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ശേഖരത്തില്‍ നിന്നും കണ്ടെത്തിയിരുന്നു.
റോസിയുടെ ജീവിതത്തെ ഇതിവൃത്തമാക്കി വിനു അബ്രഹാം രചിച്ച കഥയാണ് 'നഷ്ടനായിക'. വിനു അബ്രഹാമിമിന്റെ നഷ്ടനായിക എന്ന കഥയേയും ചേലങ്ങാട്ട് ഗോപാലകൃഷണന്റെ സിനിമയുടെ ചരിത്രം എന്ന സിനമാചരിത്ര ഗ്രന്ഥത്തേയും ആസ്പദിച്ച് കമല്‍ സംവിധാനം ചെയ്ത് 2013 ല്‍ പുറത്തിറങ്ങിയ സെല്ലുലോയ്ഡ് എന്ന ചിത്രവും റോസിയുടെ വിഗതകുമാരനിലെ നായികയെ ചിത്രീകരിച്ചു. 91 വര്ഷങ്ങള് പിന്നിടുമ്പോള് വിഗതകുമാരന്റെ സംവിധായകന് ജെ.സി ഡാനിയേലോ മറ്റു അണിയറ പ്രവര്ത്തകരോ അഭിനേതാക്കളോ ആരും തന്നെ ജീവിച്ചിരിപ്പില്ല. സിനിമയുടെ ആദ്യ പ്രിന്റ് പോലും കാലയവനികയ്ക്കുള്ളില് മറഞ്ഞു കഴിഞ്ഞു.