Latest News

സംഗീത ലോകത്തെ ഇരട്ട വിസ്മയങ്ങള്‍; മലയാളത്തിന് പിന്നാലെ ഇംഗ്ലീഷിലും സാന്നിധ്യമറിയിച്ച് അരുണ്‍ റംഹാനും അനൂപ് റംഹാനും; ദേശീയ തരത്തിലും അന്തര്‍ദേശിയ തലത്തിലും പുരസ്‌കാരങ്ങളുമായി മലയാള സംഗീത സംവിധായകര്‍; ട്വിന്‍സ്ചാന്‍ സഹോദരങ്ങളുടെ സംഗീത വഴി ഇങ്ങനെ

Malayalilife
സംഗീത ലോകത്തെ ഇരട്ട വിസ്മയങ്ങള്‍; മലയാളത്തിന് പിന്നാലെ ഇംഗ്ലീഷിലും സാന്നിധ്യമറിയിച്ച് അരുണ്‍ റംഹാനും അനൂപ് റംഹാനും; ദേശീയ തരത്തിലും അന്തര്‍ദേശിയ തലത്തിലും  പുരസ്‌കാരങ്ങളുമായി  മലയാള സംഗീത സംവിധായകര്‍; ട്വിന്‍സ്ചാന്‍ സഹോദരങ്ങളുടെ സംഗീത വഴി ഇങ്ങനെ

സംഗീത സംവിധാനത്തിലെ ഇരട്ട വൈവിധ്യം എന്ന് വിശേഷിപ്പിക്കാവുന്നവരാണ് ട്വിന്‍സ്ചാന്‍. അരുണ്‍ റംഹാന്‍ അനൂപ് റംഹാന്‍ എന്നിവരാണ് ട്വിന്‍സ്ചാന്‍ എന്ന് അറിയപ്പെടുന്ന സഹോദരങ്ങള്‍. 2004ല്‍ പുറത്തിറങ്ങിയ 'ബോധി' എന്ന ആല്‍ബത്തിലൂടെയാണ് ട്വിന്‍സ്ചാന്‍ ശ്രദ്ധിക്കപ്പെട്ടത്. 'വണ്‍വേ ടിക്കറ്റ്', പോപ്കോണ്‍ എന്നീ മലയാള ചിത്രങ്ങള്‍ക്കു വേണ്ടി അവര്‍ സംഗീതമെരുക്കി. ഇപ്പോള്‍ 'എ വണ്ടര്‍ഫുള്‍ ഡേ' എന്ന ചിത്രത്തിലൂടെ  ഹോളിവുഡില്‍ എത്തിയിരിക്കുകയാണ് അരുണും അനൂപും.

ട്വിന്‍സ്ചാനിന്റെ ആദ്യ ഹോളിവുഡ് കാല്‍വയ്പ്പാണ് ഇത്. വൈകാരിക നിമിഷങ്ങളും നര്‍മവും കോര്‍ത്തിണക്കിയ ഹോളിവുഡ് ചിത്രമാണ് എ വണ്ടര്‍ഫുള്‍ ഡേ. റോമിയോ കാട്ടൂക്കാരന്‍ എന്ന മലയാളിയാണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച നവാഗത സംവിധായകനും നിര്‍മാതാവിനുമുള്ള ഒളിമ്പസ് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ഉള്‍പ്പെടെ മൂന്ന് അവാര്‍ഡുകള്‍ ചിത്രം ഇതിനോടകം കരസ്ഥമാക്കി. അമേരിക്കയിലെ ഷിക്കാഗോയിലും മിഷിഗണിലുമാണ് എ വണ്ടര്‍ഫുള്‍ ഡേ ചിത്രീകരിച്ചത്. കെന്‍വുഡ് ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച സിനിമയുടെ ആദ്യ പ്രദര്‍ശനം ജൂലായ് 21 ന് മിഷിഗണിലെ സെലിബ്രേഷന്‍ സിനിമാസില്‍ നടന്നു. തങ്ങളുടെ സംഗീത വഴിയെക്കുറിച്ച് ട്വിന്‍സ് ചാന്‍ മലയാളി ലൈഫിനോട് വിശേഷങ്ങള്‍ പങ്കുവച്ചപ്പോള്‍.  


സംഗീതമേ ജീവിതം

പത്തു വയസു മുതലാണ് ട്വിന്‍സ്ചാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അനൂപും അരുണും സംഗീതം അഭ്യസിച്ചുതുടങ്ങിയത്. അച്ഛന്‍ നന്നായി പാടുമായിരുന്നു. കര്‍ണാടക സംഗീതത്തില്‍ നിന്നാണ് തുടക്കം. ആദ്യം വായ്പ്പാട്ടും മൃദംഗവും ഹാര്‍മോണിയവും അഭ്യസിച്ചു. ബിഥോവന്റെയും മൊസാര്‍ട്ടിന്റെയും ആരാധകരായി മാറിയതോടെയാണ് ട്വിന്‍സ്ചാന്റെ സംഗീതം അതിരുകള്‍ പിന്നിട്ട് വളര്‍ന്നത്. പശ്ചാത്യ ക്ലാസിക്കല്‍ സംഗീതം പഠിക്കുന്നത് അങ്ങനെയാണ്. അതിനിടെ ഹിന്ദുസ്ഥാനിയും പഠിച്ചു. ബംഗാളി സംഗീതജ്ഞ അപ്രജിത ബാനര്‍ജിയായിരുന്നു ഗുരു. അതിനൊപ്പം പിയാനോയും പരിശീലിച്ചു. ലോക സംഗീതത്തിലേക്ക് എത്തണമെങ്കില്‍ എന്തൊക്കെ പഠിക്കണം എന്നായി പിന്നീടുള്ള ചിന്ത.അതിരുകളില്ലാത്ത ലോകം സൃഷ്ടിക്കാനുള്ള ആയുധമായാണ് ഇരുവര്‍ക്കും സംഗീതം. ലോകത്തിലെ വിവിധ സംഗീതധാരകളെ അറിയാനും സ്വായത്തമാക്കാനും അവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ലോകം മുഴുവന്‍ തങ്ങളുടെ സംഗീതം കേള്‍ക്കണം എന്ന ആഗ്രഹമാണ് ഈ സഹോദരങ്ങള്‍ക്കുള്ളത്.

സിനിമയിലേക്ക് ഒരു വണ്‍ വെ ടിക്കറ്റ് 

2004 ല്‍ പുറത്തുവന്ന ബോധി എന്ന ആല്‍ബത്തിലൂടെയാണ്  ട്വിന്‍സ്ചാന്‍ ശ്രദ്ധിക്കപ്പെട്ടത്. ആല്‍ബത്തിലെ ശ്രീ ശ്രീ തിലകം നീ എന്ന ഗാനം ഇന്ത്യ മുഴുവന്‍ ഏറ്റുപാടി. ക്രിക്കറ്റ് താരം ശ്രീശാന്ത് ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടതിന്റെ ആഹ്ലാദമാണ് ബോധിയായി പെയ്തിറങ്ങിയത്. ബോധിയില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി എട്ടു ഗാനങ്ങളാണ് ഉണ്ടായിരുന്നത്. 2008 ല്‍ പൃഥ്വിരാജ് നായകനായ വണ്‍ വേ ടിക്കറ്റിലൂടെ ട്വിന്‍സ്ചാന്‍ മലയാള സിനിമയിലും മാന്ത്രിക സംഗീതം ഒരുക്കി. എന്‍ ഖല്‍ബിലൊരു... എന്ന ഗാനം സൂപ്പര്‍ ഹിറ്റായി. പിന്നീട് കൊച്ചിയിലും മുംബൈയിലും ബംഗളൂരുമായി നിരവധി പരസ്യചിത്രങ്ങള്‍ക്കും ഇവര്‍ സംഗീതം നല്‍കി. കാനേഡിയല്‍ എഫ്എം കമ്പനിക്കായി തയ്യാറാക്കിയ സിഗ്‌നേച്ചര്‍ സോങ് ട്വിന്‍സ്ചാന്‍ എന്ന പേര് കടലുകള്‍ക്കപ്പുറം എത്തിച്ചു. ട്വിന്‍സ്ചാന്റെ ഹോളിവുഡ് സ്വപ്നങ്ങള്‍ക്ക് വര്‍ണച്ചിറകുകള്‍ നല്‍കിയതും ഈ സിഗ്‌നേച്ചര്‍ സോങ്ങാണ്. കേരള അന്തര്‍ദേശീയ ഡോക്യുമെന്ററി ഗ്രസ്വചിത്ര മേളയില്‍ ട്വിന്‍സ്ചാന്‍ ഒരുക്കിയ സിഗ്‌നേച്ചര്‍ സോങ് ഏറെ ശ്രദ്ധിക്കപ്പെട്ടു. വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സിഗ്‌നേച്ചര്‍ സോങ്ങിനെ പുകഴ്ത്തിയതോടെ ട്വിന്‍സ്ചാന്റെ പ്രതിഭ ഒരിക്കല്‍ കൂടി അംഗീകരിക്കപ്പെട്ടു.  ഇപ്പോള്‍ പരസ്യചിത്ര, ഡോക്യുമെന്ററി മേഖലയിലെ ബിഗ് നെയിമുകളിലൊന്നാണ് ട്വിന്‍സ്ചാന്‍. ഏറെ ശ്രദ്ധിക്കപ്പെട്ട പരസ്യമായ ബീവീസ് പിക്കിള്‍സിന്റെ സംഗീതം ഈ സഹോദരങ്ങളാണ്. സൗണ്ട് ട്രാക്സ് കംപോസിംഗിനു പുറമെ, ഇന്ത്യയിലെ ഏറ്റവും മികച്ച ബാക്ക്ഗ്രൗണ്ട്-സ്‌കോര്‍ കംപോസേഴ്സിന്റെ പട്ടികയിലും ട്വിന്‍സ്ചാന്‍ ഇടംപിടിച്ചിട്ടുണ്ട്. ഡിസ്‌കവറി ചാനലിനു വേണ്ടിയുള്ള ഡോക്യുമെന്ററികള്‍ക്കും ഇവര്‍ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ നല്‍കിയിട്ടുണ്ട്.

കറുവിഴിയുമായി തമിഴില്‍

പുതുമുഖങ്ങള്‍ തേവൈ എന്ന തമിഴ് ചിത്രമാണ് ട്വിന്‍സ്ചാന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയത്. 2012 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ ഓഡിയോ പുറത്തിറക്കിയത് സോണി മ്യൂസിക്കായിരുന്നു. അതോടെ ട്വിന്‍സ്ചാന്‍ സംഗീത വിപണിയില്‍ വിലപിടിപ്പുള്ള പേരായി വളര്‍ന്നു. മനീഷ് ബാബു സംവിധാനം ചെയ്ത പുതുമുഖങ്ങള്‍ തേവൈയിലെ കറുവിഴി, എന്‍ ഉയിരില്‍ എന്നീ ഗാനങ്ങള്‍ വലിയ ഹിറ്റുകളായി. ഹരിചരണും ശ്വേത മോഹനുമാണ് കറുവിഴി... പാടിയത്. തമിഴ് സിനിമയിലെ ഇതിഹാസം ബാലു മഹേന്ദ്ര, പുതുതലമുറയിലെ പ്രമുഖ സംവിധായകരായ വെങ്കട് പ്രഭു, ചേരന്‍, യുവതാരം ജയം രവി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ സംഗീതപ്രേമികള്‍ക്കു പരിചയപ്പെടുത്തിയത്.

കാവ്യദളങ്ങളിലൂടെ അതിജീവനം  

ചലച്ചിത്രതാരം കാവ്യാ മാധവന്റെ വരികള്‍ക്ക് ട്വിന്‍സ്ചാന്‍ നല്‍കിയ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടു. സംഗീത സഹോദരങ്ങളുടെ പ്രതിഭ തിളങ്ങി നില്‍ക്കുന്ന ഗാനങ്ങള്‍, കാവ്യദളങ്ങള്‍ എന്ന ആല്‍ബമായി ആസ്വാദകര്‍ക്കു മുന്നിലെത്തി. കെ. എസ്. ചിത്ര, സുജാത മോഹന്‍, വിധു പ്രതാപ്, ജ്യോല്‍സ്ന, റിമി ടോമി, ശ്വേത മോഹന്‍, സുചിത്ര സുരേശന്‍ എന്നീ ഗായകര്‍ക്കൊപ്പം കാവ്യാമാധവനും കാവ്യാദളങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചു. താരപ്രഭയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഓഎന്‍വി കുറുപ്പും ചേര്‍ന്നാണ് ആല്‍ബം പ്രകാശനം ചെയ്തത്. 
ഷൈന്‍ ടോം ചാക്കോയും സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ അഭിനയിച്ച അനീഷ് ഉപാസന സംവിധാനം ചെയ്ത പോപ്കോണ്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കും സംഗീതം നല്‍കി. 
കേരളത്തെ മുറിവേല്‍പ്പിച്ച പ്രളയത്തിന്റെ വൈകാരികത മുഴുവന്‍ വരികളിലും പിന്നീട് ഈണത്തിലും ആവാഹിച്ച കേരളത്തില്‍.. എന്ന ഹൃദയസ്പര്‍ശിയായ ഗാനം എല്ലാ മലയാളികള്‍ക്കുമായി ട്വിന്‍സ്ചാന്റെ സമര്‍പ്പണമാണ്. ഗാനത്തിന്റെ വരികള്‍ എഴുതിയതും ട്വിന്‍സ്ചാന്‍ ആണ്. ഗാനം ആലപിച്ചത് ട്വിന്‍സ്ചാന്‍ സഹോദരന്മാരിലെ അനൂപ് റംഹാനാണ്. ഗാനത്തിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും യുകെ ലൂക്കാഗ്രാഫിയിലെ മിഥുന്‍ റിഷാനാണ്.

ഹോളിവുഡ് മൂവിയിലെ പഞ്ചാത്തല സംഗീതത്തിന്റെ യാത്ര

എ വണ്ടര്‍ഫുള്‍ ഡേ എന്ന ചിത്രത്തിലൂടെ ട്വിന്‍സ്ചാന്റെ സംഗീതം ഹോളിവുഡിലും എത്തി. ചിത്രത്തിന്റെ സംവിധായകന്‍ റോമിയോ കാട്ടൂക്കാരന്‍ മലയാളിയാണ്. മലയാളി സംവിധാനം ചെയ്ത ചിത്രമാണ് എന്നേയുള്ളൂ. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഹോളിവുഡില്‍ നിന്നുള്ളവരാണ്. നൂറി ബൗസ് വെല്ലാണ് ഛായാഗ്രഹണം. ഹോളിവുഡ് താരങ്ങളായ ജാഫറി ഷാലക്ക്, സ്റ്റീവ് ഓസ്ട്രാന്‍ഡര്‍, ബ്രിയാന്‍ കാസറസ്, ബില്‍ കെ. കെന്നി എന്നിവരാണ് പ്രധാന വേഷത്തില്‍.   ഇന്നു ലോകം നേരിടുന്ന ഏറ്റവും വാലിയ പ്രതിസന്തികളില്‍ ഒന്നായ ഫുഡ് വേസ്റ്റേജാണു പ്രധാന വിഷയം. സമൂഹത്തില്‍ നന്മചെയുവാനായി ഇറങ്ങിത്തിരിക്കുന്ന യുവാവ്, പക്ഷെ അതിന്റെ ഫലമായി അദ്ദേഹത്തിനുണ്ടാകുന്ന തിക്താനുഭവവും, എന്നാല്‍ അതു മൂലം അദ്ദേഹത്തിനു സമൂഹത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന നല്ലൊരു മാറ്റത്തിന്റെ തുടക്കവും. ഇതാണു ചിത്രത്തിന്റെ ഇതിവൃത്തം. തികച്ചും ഒരു ഹോളിവുഡ് ചിത്രം. ഹോളിവുഡ് സിനിമാപ്രവേശം ട്വിന്‍സ്ചാന് അത്ര അത്ര എളുപ്പമായിരുന്നില്ല. പശ്ചാത്തല സംഗീതം വിഷ്വലുമായി ചേര്‍ന്നുപോകണം. ഇന്ത്യന്‍ സംഗീതത്തിന്റെ സ്വാധീനം ഒട്ടും ഉണ്ടാവരുത്. അതിനായി ഹോളിവുഡ് സിനിമകള്‍ കണ്ടു. എ വണ്ടര്‍ഫുള്‍ ഡേയുടെ ഹോളിവുഡ് സംഗീതം ട്വിന്‍സ്ചാന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്. മികച്ച നവാഗത സംവിധായകനും നിര്‍മ്മാതാവിനുമുള്ള ഒളിമ്പസ് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ഉള്‍പ്പെടെ മൂന്ന് അവാര്‍ഡുകള്‍ ചിത്രം ഇതിനോടകം കരസ്ഥമാക്കി. അമേരിക്കയിലെ ഷിക്കാഗോയിലും മിഷിഗണിലുമാണ് എ വണ്ടര്‍ഫുള്‍ ഡേ ചിത്രീകരിച്ചത്. കെന്‍വുഡ് ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച സിനിമയുടെ ആദ്യ പ്രദര്‍ശനം ജൂലായ് 21 ന് മിഷിഗണിലെ സെലിബ്രേഷന്‍ സിനിമാസില്‍ നടന്നു.

Read more topics: # twinz chan arun anoop,# music
twinz chan arun anoop music

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക