കാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യാ പാക്കിസ്ഥാന്‍ യുദ്ധം മുറുകുമ്പോള്‍ അതിര്‍ത്തി കാക്കാന്‍ ഒരു മലയാളി പെണ്‍പുലിയും ഉണ്ട്. ഓമനത്തം തുളുമ്പുന്ന മുഖവും നീണ്ട മുടിയും ചന്ദനക്കുറിയും അണിഞ്ഞ കായംകുളംകാരി ആതിര. നാലു വര്‍ഷം മുമ്പ് കശ്മീരില്‍ അതിര്‍ത്തി കാക്കാന്‍ ആദ്യമായി സ്ത്രീ പട്ടാളക്കാര്‍ നിയോഗിക്കപ്പെട്ടപ്പോള്‍ അതില്‍ ഒരാള്‍ ആതിരയായിരുന്നു. കായംകുളംകാരിയുടെ മുഖചിത്രത്തോടെ പുറത്തു വന്ന വാര്‍ത്തകള്‍ അത് രാജ്യമാകെ വൈറലായി. ഇപ്പോള്‍ പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ വാര്‍ത്തകള്‍ ഓരോ നിമിഷവും പുറത്തുവരുമ്പോള്‍ മലയാളികള്‍ക്കും നെഞ്ചിടിപ്പേറെയാണ്.
എട്ടുവര്‍ഷം മുമ്പാണ് കായംകുളം പുള്ളിക്കണക്ക് തെക്കേ മങ്കുഴി ഐക്കര കിഴക്കതില്‍ ആതിര കെ.പിള്ള സൈന്യത്തില്‍ ചേരുന്നത്. ആതിരയുടെ അച്ഛന്‍ കേശവപിള്ള സൈനികന്‍ ആയിരുന്നു. സര്‍വ്വീസിലിരിക്കെയാണ് അച്ഛന്‍ മരിച്ചപ്പോള്‍ ആ ജോലിയാണ് ആതിരയ്ക്കു ലഭിച്ചത്. ചേട്ടന് സൈനിക സേവനത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനായി ഡിപെന്‍ഡന്റ് റാലി നടത്തിയപ്പോഴാണ് ജോലി ലഭിച്ചത്. പരീക്ഷ ഉണ്ടായിരുന്നില്ല. പക്ഷേ, മറ്റു ട്രെയിനിംഗുകള്‍ അടക്കമുള്ള കഠിനമായ പരിശീലനം മുഴുവന്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് ജോലി ലഭിച്ചത്. ഇന്ത്യന്‍ സേനയിലെ അര്‍ദ്ധ സൈനിക വിഭാഗമായ അസം റൈഫിള്‍സിലെ വനിതാ സൈനികരില്‍ ഏക മലയാളിയാണ് ആതിര. അന്ന് 25 വയസ് മാത്രമായിരുന്നു ആതിരയുടെ പ്രായം.
നാഗാലാന്റ്, മണിപ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു തുടക്കത്തില്‍ സേവനമനുഷ്ടിച്ചത്. രണ്ടു വര്‍ഷം കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് വിവാഹം കഴിഞ്ഞത്. ഗള്‍ഫില്‍ എന്‍എസ്എച്ച് എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന സ്മിതേഷ് പരമേശ്വറിനെയാണ് വിവാഹം കഴിച്ചത്. ട്രെയിനിങ് സമയത്ത് മുടി വെട്ടണം എന്നാണ് നിയമം ഉണ്ടായിരുന്നതെങ്കിലും മക്കളുടെ മുന്നില്‍ മുടി വെട്ടിക്കളഞ്ഞ ശേഷം ചെല്ലാന്‍ ബുദ്ധിമുട്ടാണ് എന്ന് പലരും സങ്കടത്തോടെ അറിയിച്ചപ്പോള്‍ മനസില്ലാ മനസ്സോടെ മുടി വെട്ടാതെ പരിശീലനം നേടാന്‍ ഓഫിസര്‍മാര്‍ സമ്മതിച്ചു. മുടി അഴിഞ്ഞു കിടക്കുന്ന കണ്ടാല്‍ അപ്പോള്‍ മുടി വെട്ടിക്കളയും എന്നറിയിച്ചിരുന്നു. അതുകൊണ്ട് ട്രെയിനിങ് പീരിയഡിലെ ഒന്നര വര്‍ഷക്കാലം 24 മണിക്കൂറും മുടി എയ്റ്റ് ഫിഗറില്‍ കെട്ടിവെക്കുകയായിരുന്നു.
എന്നാല്‍ അതിനിടെയാണ് കാശ്മീരിലേക്കും കാശ്മീര്‍ ഓപ്പറേഷനും എത്തിയത്. അന്ന് ശരിക്കും മുടി വെട്ടണമെന്ന് തോന്നിയിരുന്നു. കാരണം, അവിടെ എപ്പോഴും തല നനയ്ക്കാനും കുളിക്കാനും അവസരം കിട്ടിയിരുന്നില്ല. ഇടതൂര്‍ന്ന മുടി ശരിക്കും കഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍ ഭര്‍ത്താവിന് മുടി വളരെ ഇഷ്ടമായതിനാല്‍ മുറിക്കാതിരിക്കുകയായിരുന്നു ആതിര. മണിപ്പൂരിലായിരുന്നു നാലു ദിവസത്തെ ആദ്യ ഓപറേഷന്‍. നാലു ദിവസം കാട്ടില്‍ തന്നെ തങ്ങേണ്ടി വന്നു. ഡ്രൈ ഫ്രൂട്ട്സ് മാത്രമായിരുന്നു ഭക്ഷണം. കാട്ടിനുള്ളില്‍ അരുവികള്‍ കണ്ടാല്‍ വെള്ളം കുടിക്കാം ഇല്ലെങ്കില്‍ വെള്ളം കുടിക്കാതെ ദിവസങ്ങളോളം കഴിയേണ്ടി വരും.
കശ്മീര്‍ ഓപറേഷന്‍ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. കുത്തനെയുള്ള മല കയറണമായിരുന്നു. കാല്‍ തെറ്റിയാല്‍ ചെങ്കുത്തായ താഴ്ചയിലേക്ക് വീഴും. രാത്രി സമയം ടോര്‍ച്ച് പോലും ഉപയോഗിക്കാന്‍ പറ്റില്ല. കാരണം തീവ്രവാദികള്‍ പട്ടാളത്തിന്റെ വരവ് അറിയും. ഇതൊക്കെ നേരിടാനുള്ള കരുത്തുണ്ടെങ്കിലേ പട്ടാളത്തില്‍ സേവനമനുഷ്ഠിക്കാനാകൂ.'' ഓപ്പറേഷന് പോവുകയാണെന്ന് ആതിര വിളിച്ച് അമ്മയെ അറിയിച്ചാല്‍ പിന്നെ പ്രാര്‍ത്ഥനയോടെയായിരിക്കും അമ്മ ജയലക്ഷ്മി വീട്ടിലിരിക്കുക. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തും വരെ നെഞ്ചിടിപ്പാണ്. എങ്കിലും അഭിമാനത്തോടെയാണ് ഭര്‍ത്താവ് സ്മിതേഷും ഭാര്യയെ ചേര്‍ത്തുപിടിക്കുന്നത്.