Latest News

ഹൈബ്രിഡ് കഞ്ചാവ് കേസ്; ചേര്‍ത്തല കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തി ശ്രീനാഥ് ഭാസി

Malayalilife
 ഹൈബ്രിഡ് കഞ്ചാവ് കേസ്; ചേര്‍ത്തല കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തി ശ്രീനാഥ് ഭാസി

രണ്ടുകോടി വിലമതിക്കുന്ന മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവ് കടത്തിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചേര്‍ത്തല കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. എക്സൈസിന്റെ ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ് ഭാസിയെ അന്വേഷണ സംഘം സാക്ഷിയാക്കിയിരുന്നു. താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ശ്രീനാഥ് ഭാസി സമ്മതിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ തസ്ലിമ സുല്‍ത്താനയും (ക്രിസ്റ്റീന - 43) ശ്രീനാഥ് ഭാസിയുമായുള്ള വാട്സാപ് ചാറ്റ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. 

തസ്ലീമയും ശ്രീനാഥ് ഭാസിയുമായി നടത്തിയ വാട്സ്ആപ് ചാറ്റുകളില്‍ കുഷ് വേണോ എന്ന തസ്ലീമയുടെ ചോദ്യത്തിന് വെയിറ്റ് എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി. കുഷ് എന്നും ഗ്രീന്‍ എന്നും കഞ്ചാവിന്റെ കോഡ് നാമമാണ്. ഇരുവരും തമ്മില്‍ പരിചയമുണ്ടെങ്കിലും ലഹരി ഇടപാട് നടന്നതായി സ്ഥിരീകരിച്ചിട്ടില്ല.  മോഡലായ സൗമ്യ ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പറഞ്ഞ കാര്യങ്ങള്‍ എക്സൈസ് വിശ്വാസത്തിലെടുത്തട്ടില്ല. 2000-3000 രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ ഗൂഗിള്‍പേ വഴി ഇവര്‍ തസ്ലീമയുമായി നടത്തിയിട്ടുണ്ട്. ഇതിന്റെ ദൂരുഹത മാറ്റാന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കണം. ഇത് പൂര്‍ത്തിയായാല്‍ മോഡലിനെ വീണ്ടും ചോദ്യം ചെയ്യും. കൂടുതല്‍ തെളിവ് ലഭിച്ചാല്‍ ഈ കേസില്‍ മോഡലിനെകൂടി പ്രതിചേര്‍ക്കാനുള്ള സാധ്യതയുണ്ട്. 

സിനിമ മേഖലയിലടക്കം പ്രമുഖരായ അഞ്ചുപേരെയാണ് അന്വേഷണസംഘം ഇതുവരെ ചോദ്യംചെയ്തത്. നടന്മാരായ ഷൈന്‍ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡല്‍ സൗമ്യ, റിയാലിറ്റി ഷോ താരം ജിന്റോ, സിനിമ അണിയറ പ്രവര്‍ത്തകന്‍ ജോഷി എന്നിവരെയാണ് ചോദ്യംചെയ്തത്. ഇവരില്‍നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പലരെയും ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി എക്സൈസ് ചോദ്യംചെയ്യല്‍ തുടരുകയാണ്. 

പ്രതികള്‍ക്കെതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ച് ഒരുമാസത്തിനകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. തസ്ലീമക്ക് കഞ്ചാവ് കടത്തിനൊപ്പം മറ്റ് ചില ഇടപാടുകള്‍ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതേ കേസില്‍ ചോദ്യം ചെയ്ത ശേഷമാണ് നടന്‍ ഷൈന്‍ ടോം ചാക്കോയെ എക്സൈസ് ലഹരി മോചന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.

sreenath bhasi case cherthala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES