മലയാളത്തിന്റെ പ്രിയ ഗായികയാണ് സിതാര കൃഷ്ണകുമാര്‍. നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ സിതാര താന്‍ ഒരു ഗായിക മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. സിതാര തന്നെ ആലപിച്ച് നൃത്തം ചെയ്തിരിക്കുന്ന സംഗീത- നൃത്ത വീഡിയോ മികച്ച കാഴ്ചാനുഭവമാണ് ഏവര്‍ക്കും നല്‍കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ നൃത്തം ചെയ്യുന്നതെന്നും തന്റെ മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്ക്കുമായി ഈ വീഡിയോ സമര്‍പ്പിക്കുന്നുവെന്ന് സിതാര ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഈ ദിവസം ഇനിയെന്നും എനിക്ക് ഓര്‍ക്കാനുള്ളതാണ് , ഒറ്റയ്ക്കിരിക്കുമ്പോള്‍ ഓര്‍ത്ത് ഉള്ളറിഞ്ഞ് സന്തോഷിക്കാനുള്ളതാണ് ഈ കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ നൃത്തം ചെയ്തതൊന്നും കണ്ണാടികള്‍ അല്ലാതെ മറ്റാരും കണ്ടിരുന്നില്ല മണിക്കൂറുകളോളം പരിശീലിച്ചിരുന്ന ഒരു വിദ്യ ഒരു ദിവസം നിര്‍ത്തുക എന്നത് എത്ര വലിയ വേദനയാണെന്ന് ഇടയ്ക്കിടെ എന്റെ മനസ്സും ,ശരീരവും ഒരുപോലെ അറിഞ്ഞിരുന്നു
നെറുകയില്‍ കൈകള്‍ അമര്‍ത്തിയ അന്നുമുതല്‍ ഈ നിമിഷം വരെ ധൈര്യം തന്ന് വെളിച്ചം തന്ന പ്രിയ ഗുരുക്കന്മാരോടുള്ള സ്നേഹമാണ് ,ഈ എളിയ ശ്രമം ! നാലുവയസുകാരിയെയും കൊണ്ട് മണിക്കൂറുകളോളം ബസ് യാത്ര ചെയ്ത് പാട്ടും ഡാന്‍സും പരിശീലിപ്പിക്കാന്‍ ഓടി നടക്കുമ്പോള്‍ പലപ്പോഴും 'അമ്മ സമയത്തിന് ആഹാരം പോലും കഴിക്കാന്‍ മറന്നിരുന്നു , ഒരായുസ്സിന്റെ സമ്പാദ്യത്തിലത്രയും, അതിലധികവും മകളുടെ ആവശ്യങ്ങള്‍ക്കായി മാറ്റി വയ്ക്കുമ്പോള്‍ എന്റെ അച്ഛന് അദ്ദേഹത്തിന് പ്രിയപ്പെട്ട പലതും ഉപേക്ഷിച്ചുകാണുമെന്ന് ഈ പ്രായത്തില്‍ എനിക്ക് എളുപ്പം ഊഹിക്കാം ! ശ്രീമതി കലാമണ്ഡലം വിനോദിനി ടീച്ചര്‍ - ഒരായിരം തവണ വഴക്കു പറഞ്ഞുകാണും , അതിലേറെ ചേര്‍ത്ത് പിടിച്ചും ,ഇന്നും ആ പേര് കേള്‍ക്കുമ്പോള്‍ ,ശബ്ദം കേള്‍ക്കുമ്പോള്‍ സ്നേഹം കൊണ്ട് നെഞ്ചിടിപ്പേറും ഇന്നേറ്റവും സന്തോഷിക്കുന്ന മൂന്നുപേര്‍ ഇവര്‍ തന്നെ ആയിരിക്കുംപാലാ സി .കെ . രാമചന്ദ്രന് മാസ്റ്റര്‍ , രാമനാട്ടുകര സതീശന് മാസ്റ്റര്‍ , ഉസ്താദ് ഫൈയാസ് ഖാന് , എല്ലാ ഗുരുക്കന്മാര്ക്കും പ്രണാമം ! എന്തിനും കൂട്ടായ എന്റെ മകള്‍ക്കും, മകളുടെ അച്ഛനും നിറച്ചും നിറച്ചും സ്നേഹം ! കൂട്ടുകാര്‍ക്ക് നന്ദി ! ഒരു പേരുകൂടി പറയേണ്ടതുണ്ട് ,വീണ്ടും നൃത്തം ചെയ്യാന്‍ ആഗ്രഹം വന്ന നേരം , പഠിപ്പിക്കാം എന്ന് വാക്കു തന്ന പ്രിയപ്പെട്ടവള്‍ക്ക് , മറ്റേതോ മനോഹരമായ ഇടത്തില്‍ നിന്നും അനുഗ്രഹിക്കുന്ന ആ ഗുരുവിന് , പ്രിയപ്പെട്ട ശാന്തിച്ചേച്ചിക്ക് , നിറച്ചും സ്നേഹം!
ഈ സ്തുതി പാടാന്‍ കാരണക്കാരായ Mithun Jayaraj, Binish Bhaskaran, Madhavan Kizhakoott , P RajeevGopal Bellikoth എന്നീ പ്രിയപ്പെട്ടവര്‍ക്കും നന്ദി !