സംഗീതലോകത്തെ പിന്നണി ഗായകരില്‍ പ്രശ്‌സതനായിരുന്ന ഗായകന്‍ മുഹമ്മദ് അസീസിന് വിട. കൊല്‍ക്കത്തയില്‍ സംഗീതപരിപാടി കഴിഞ്ഞ് മടങ്ങി മുംബൈ വിമാനത്താവളത്തിലെത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നെന്ന് മകള്‍ സന അസീസ് പറഞ്ഞു. നാനാവതി ആശുപത്രിയില്‍ മരിച്ച നിലയിലാണ് അദ്ദേഹത്തെ എത്തിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. 64 വയസ്സായിരുന്നു.
മൂന്നു ദശാബ്ദങ്ങളായി സംഗീതലോകത്ത് അദ്ദേഹം സജീവമായിരുന്നു. ഹിന്ദി, ബംഗാളി, ഒഡിയ ചിത്രങ്ങളിലെല്ലാം പിന്നണി ഗായകനായി പ്രവര്‍ത്തിച്ച അസീസ് ഇന്ത്യയ്ക്ക് അകത്തും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. എണ്‍പതുകളിലും തൊണ്ണൂറികളിലാദ്യവും മികച്ചു നിന്ന പാട്ടുകാരിലൊരാളായിരുന്നു അസീസ്. മുഹമ്മദ് റാഫിയുടെ കടുത്ത ആരാധകനായ അസീസ് ചെറുപ്പം മുതലേ പാടുമായിരുന്നു.
ബംഗാളി ചിത്രം 'ജ്യോതി'യിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. 1984 ല്‍ ഇറങ്ങിയ 'അമ്പര്‍' ആയിരുന്നു അസീസ് പിന്നണി ഗായകനായ ആദ്യ ഹിന്ദി ചിത്രം. 'മര്‍ദ്' എന്ന ചിത്രത്തില്‍ അനു മാലിക്കിന്റെ സംഗീത സംവിധാനത്തില്‍ അമിതാഭ് ബച്ചനു വേണ്ടി പാടിയ രണ്ടു പാട്ടുകളാണ് അസീസിന്റെ കരിയറിലെ നാഴികകല്ല്.
ലക്ഷ്മികാന്ത്- പ്യാരിലാല്‍, കല്യാണ്‍ജി- ആനന്ദ്ജി, ആര്‍ ഡി ബര്‍മന്‍, നൗഷാദ്, ഒ.പി.നയ്യാര്‍, ബാപ്പി ലാഹിരി തുടങ്ങിയവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ച ഗായകനായിരുന്നു അസീസ്. 1980 കള്‍ മുതല്‍ 1990 വരെ അനുരാധ പദുവാള്‍, ആശ ബോസ്ലെ, കവിത കൃഷ്ണ മൂര്‍ത്തി എന്നിവര്‍ക്കൊപ്പം നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിക്കാനും അസീസിനു കഴിഞ്ഞു. ഇരുപതിനായിരത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കൂടാതെ ഭജനുകളും സൂഫി ഗാനങ്ങളും അദ്ദേഹം പാടിയിട്ടുണ്ട്.