സമകാലീന ചലച്ചിത്രലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള വിഖ്യാത സംവിധായക പ്രതിഭ കിം കി ഡുക്ക് അന്തരിച്ചൂ. കോവിഡ് ബാധിച്ച് അത്യാസന്നനിലയിലായിരുന്നു അദ്ദേഹമെന്നും വെള്ളിയാഴ്‌ച്ചയാണ് മരണം സംഭവിച്ചതെന്നും ലാറ്റ്‌വിയൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ബാൾട്ടിക് രാജ്യമായ ലാറ്റ്‌വിയയിൽ വസ്തു വാങ്ങാൻ വേണ്ട റസിഡൻസി സർട്ടിഫിക്കറ്റിനുവേണ്ടി നവംബർ 20 നാണ് അദ്ദേഹം എത്തിയത്. റിഗയ്ക്ക് അടുത്ത് ജുമാലയിലെ കടലോര വിശ്രമകേന്ദ്രത്തിലാണ് വീട് വാങ്ങാൻ തീരുമാനിച്ചിരുന്നത്. നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ച കൂടിക്കാഴ്ചകൾക്ക് എത്താതിരുന്നതോടെ സഹപ്രവർത്തകർ അദ്ദേഹത്തെ അന്വേഷിച്ച് ചെല്ലുകയായിരുന്നു. പക്ഷേ ലാറ്റ്‌വിയയിലെ കർശനമായ സ്വകാര്യതാ നിയമങ്ങൾ തിരച്ചിലിന് തടസ്സമായി. വെള്ളയാഴ്ച അർധരാത്രിയോടെ അദ്ദേഹം ഒരു ആശുപത്രിയിൽ കോവിഡ് മൂർച്ഛിച്ചതിനെ തുടർന്ന് മരണമടയുകയായിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങൾ പറയുന്നത്.
മലയാളികളുടെയും ആരാധനാപാത്രമാണ് കിം കി ഡുക്ക്. സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സമ്മർ അടക്കമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ കേരളത്തിൽ തരംഗം തീർത്തിരുന്നു. 2013ൽ തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യാതിഥിയായിരുന്നു. അന്ന് അദ്ദേഹം റോഡിലറിങ്ങി നടന്നപ്പോൾ പോലും വൻ ജനാവലിയായിരുന്നു തടിച്ചു കൂടിയിരുന്നത്. കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകൾ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ. വ്യക്തിപരമായ മാനസിക സംഘർഷങ്ങളുടെയും പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളുടെയും ചിത്രീകരണമാണ് കിം കി ഡുകിന്റെ ചലച്ചിത്രങ്ങളുടെ പ്രത്യേകത.
1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്‌സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്. ലോകപ്രശസ്ത ചലച്ചിത്രോത്സവങ്ങളായ കാനിലും ബെർലിനിലും വെനീസിലും പ്രധാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ ജീവിതം നാടകീയത നിറഞ്ഞതായിരുന്നു. ബാല്യ, കൗമാരങ്ങളിൽ സിനിമ കണ്ടിട്ടില്ലാത്ത ആളായിരുന്നു കിം. അരക്ഷിതത്വം നിറഞ്ഞ ജീവിതത്തിന്റെ ആദ്യകാലം അടിപിടികൾ നിറഞ്ഞതായിരുന്നെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. കിമ്മിന് പ്രാഥമിക വിദ്യാഭ്യാസമേയുള്ളൂ. വ്യാവസായിക വിപ്ലവത്തിന്റെ ചുവടുപിടിച്ചു മുന്നേറിക്കൊണ്ടിരുന്ന കൊറിയൻ കാലഘട്ടത്തിൽ പല ഫാക്ടറികളിലായിരുന്നു കിമ്മിന്റെ ജീവിതം.
ജീവിതത്തിന് ഒരു മാറ്റം വേണ്ടമെന്നാഗ്രഹിച്ച് ചിത്രകലയിൽ തൽപ്പരനായിരുന്ന കിം കി ഡുക്ക് പാരീസിലേക്ക് പോവുകയായിരുന്നു. അവിടെവച്ചാണ് ജീവിതത്തിൽ ആദ്യമായി സിനിമ എന്ന കല കാണുന്നത്. 1995-ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി ഡുക്കിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായ പിന്നീടുള്ളത് ചരിത്രം. തൊട്ടടുത്ത വർഷം 1996ൽ ആദ്യത്തെ സിനിമയെടുത്തു: ക്രോക്കഡൈൽ. പിന്നീടങ്ങോട്ട് ഇതുവരെ ഇരുപതിലേറെ ചിത്രങ്ങൾ. അതിനിടയിൽ ഒരേയൊരു ഡോക്യുമെന്ററി: അറിറാങ്. ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിലെ വ്യത്യസ്തവും ഒറിജിനലുമായ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിനിമകൾക്ക് പാം ദി ഓർ പുരസ്‌കാരം നൽകുന്നതിനു തുല്യമായാണ് ഡോക്യുമെന്ററി വിഭാഗത്തിലെ ഈ നേട്ടം.
2004-ൽ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങൾക്ക് അർഹനായി- സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ത്രീ-അയേൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും. സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർറ ആൻ് സ്പ്രിങ് (2003), വൈൽഡ് ആനിമൽസ് (1996) ബ്രിഡ്‌കേജ് ഇൻ (1998) റിയൽ ഫിക്ഷൻ (2000) ദെ ഐസ്?ൽ (2000) അഡ്രസ് അൺനോൺ (2001) ബാഡ് ഗയ് (2001) ദി കോസ്റ്റ് ഗാർഡ് (2002) ദി ബോ (2005) ബ്രീത്ത് (2007) ഡ്രീം (2008) പിയാത്ത (2012) മോബിയസ് (2013) തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.