നടന്‍ കലാഭവന്‍ നവാസിന്റെ ഓര്‍മകള്‍ക്ക് ഒരുവര്‍ഷം തികയുന്ന വേളയില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മകന്‍ റിഹാന്‍ നവാസും സഹോദരനും കലാകാരനുമായ നിയാസ് ബക്കറും.ഒരു വര്‍ഷം മുന്‍പാണ് ചോറ്റാനിക്കരയിലെ ഹോട്ടലില്‍ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണകാരണം. 'പ്രകമ്പനം' എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിച്ച് വരികയായിരുന്നു അദ്ദേഹം.
' എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഒരു വര്‍ഷം മുമ്പാണ് ഞങ്ങള്‍ക്ക് ഞങ്ങളുടെ ഹീറോയെ നഷ്ടമായത്. അദ്ദേഹം കണ്‍മറഞ്ഞു, പക്ഷേ ഞങ്ങളുടെ ഹൃദയങ്ങളില്‍ എന്നന്നേക്കുമായി ജീവിക്കുന്നു'', കുടുംബ ചിത്രം പങ്കുവച്ച് റിഹാന്‍ കുറിച്ചു.
നിയാസ് ബക്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
''ഞങ്ങളുടെ നവാസ് വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം തികയുകയാണ്. എനിക്ക് നഷ്ടപ്പെട്ടു പോയത് ഒരു അനുജന്‍ മാത്രമല്ല. എന്നേക്കാള്‍ രണ്ട് വയസിനു മാത്രം വ്യത്യാസമുള്ള അവന്‍ എനിക്കൊരു കളിക്കൂട്ടുകാരന്‍ കൂടിയായിരുന്നു. അല്പം കൂടി മുതിര്‍ന്നപ്പോള്‍ തൊഴില്‍ രംഗത്തും ഒരു സഹപ്രവര്‍ത്തകനായി കൂടെത്തന്നെയുണ്ടായിരുന്നു. കുടുംബവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങള്‍ക്കും തീരുമാനമെടുക്കുമ്പോള്‍ എന്റെ ബലം നവാസും നിസാമുമായിരുന്നു. എന്റെ വലം കൈ ആണ് പോയത്. മരണം സര്‍വ്വേശ്വരന്റെ സുനിശ്ചിതമായ തീരുമാനമാണല്ലോ അതുമായി പൊരുത്തപ്പെടലല്ലാതെ നിസാരരായ നമുക്ക് മറ്റു വഴികളില്ല.
ഉമ്മച്ചിയുടെ ശരീരത്തില്‍ നിന്നും ഞങ്ങളെ വേര്‍പ്പെടുത്തിയതിന്റെ അടയാളങ്ങള്‍ എന്റേയും നവാസിന്റെയും നിസാമിന്റെയും അടിവയറിനു മുകളില്‍ ഒരു പൊക്കിള്‍കുഴിയായി സര്‍വ്വശക്തന്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. എത്ര മായ്ച്ചാലും മായ്ക്കാന്‍ കഴിയാത്ത അടയാളങ്ങള്‍... മണ്ണോടു ചേരും വരെയും ആ അടയാളത്തിന്റെ അടിവേരുകള്‍ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി നില്‍ക്കും. അത് തിരിച്ചറിയിക്കാന്‍ കൂടെപ്പിറന്നവര്‍ക്ക് പ്രകടനപരമായി ഒന്നും ചെയ്യേണ്ടതില്ല. ചെയ്യുകയുമില്ല.
തിരഞ്ഞു വരുന്നവര്‍ക്ക് ബന്ധത്തിന്റെ തീവ്രത സൂചിപ്പിക്കാന്‍ അതിലും വലിയ അടയാളങ്ങള്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. തിരിച്ചറിവു മാത്രം മതി.
മക്കള്‍ നഷ്ടപ്പെട്ട അമ്മമാര്‍ക്കും. കൂടപ്പിറപ്പുകള്‍ നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്കും. നഷ്ടപ്പെട്ടവര്‍ നമുക്കൊപ്പമുണ്ടെന്ന ബോധ്യപ്പെടുത്തലിന്റെ ഈ ആശ്വാസക്കുറിപ്പല്ലാതെ മറ്റൊന്നും എനിക്കിന്ന് നല്‍കാനില്ല. പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനയില്‍ അവനെപ്പോഴും ഉണ്ടാകാറുണ്ട്. എങ്കിലും ഓര്‍മ്മപ്പെടുത്തുകയാണ് ഇന്നാണ് നമ്മുടെ നവാസ് മരണപ്പെട്ടിട്ട് ഒരു വര്‍ഷം തികയുന്നത്. ഇന്നത്തെ പ്രാര്‍ത്ഥനയില്‍ അവനെ പ്രത്യേകം ഓര്‍ക്കുമല്ലോ' എന്നാണ് നിയാസ് ബക്കര്‍ കുറിച്ചത്.
മിക്രിയിലൂടെ വന്ന് സിനിമ അഭിനയ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് കലാഭവന്‍ നവാസ് . 1995-ല്‍ പുറത്തിറങ്ങിയ ചൈതന്യം ആണ് ആദ്യ സിനിമ. തുടര്‍ന്ന് നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. നടി രഹനയാണ് ഭാര്യ. നഹറിന്‍, റിദ്വാന്‍, റിഹാന്‍ എന്നീ മൂന്ന് മക്കളാണ് ഇവര്‍ക്കുളളത്.