കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വൃദ്ധസദനത്തില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന നടനും സംവിധായകനുമായ മോഹന്‍ ശര്‍മയ്ക്ക് സഹായവുമായി സൂപ്പര്‍താരം രജനീകാന്ത്. മോഹന്‍ ശര്‍മയുടെ ദയനീയാവസ്ഥ വിവരിക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് രജനീകാന്ത് അടിയന്തര സഹായവുമായെത്തിയത്. സിനിമയില്‍ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള ഒരു കലാകാരന്റെ ദുരവസ്ഥ തിരിച്ചറിഞ്ഞ ഉടന്‍ തന്നെ രജനികാന്ത് ഒരു ലക്ഷം രൂപയാണ് അദ്ദേഹത്തിന് കൈമാറിയത്. സഹായം ലഭിച്ച വിവരം മോഹന്‍ ശര്‍മ തന്നെയാണ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്.
എന്റെ സാഹചര്യം രജനീകാന്ത് അറിഞ്ഞതായി വിവരം ലഭിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തില്‍ നിന്ന് 1 ലക്ഷം രൂപ സാമ്പത്തിക സഹായം എനിക്ക് ലഭിച്ചു. ആ സഹായത്തോടെയാണ് ഞാനെന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. പോയസ് ഗാര്‍ഡനില്‍ എനിക്കൊരു വീടുണ്ടായിരുന്നു, പക്ഷേ അത് വില്‍ക്കേണ്ടി വന്നു. എന്റെ കുടുംബജീവിതം ശരിയായി നടന്നില്ല. എന്റെ കയ്യില്‍ പണമില്ല, രോഗിയായാല്‍ പരിചരിക്കാനും ആരുമില്ല.' - മോഹന്‍ ശര്‍മ വേദനയോടെ പറയുന്നു.
വൃദ്ധസദനത്തില്‍ ഭക്ഷണവും താമസവും സൗജന്യമാണെങ്കിലും, മരുന്നുകള്‍ വാങ്ങാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന മോഹന്‍ ശര്‍മ്മയ്ക്ക് ഈ തുക വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ്. ദേശീയ പുരസ്‌കാരം നേടിയ തന്റെ 'നമ്മ ഗ്രാമം' (ഗ്രാമം) എന്ന സിനിമയുടെ സാറ്റലൈറ്റ് അവകാശങ്ങള്‍ ആരെങ്കിലും വാങ്ങുകയാണെങ്കില്‍ തന്റെ ചികിത്സാ ചെലവുകള്‍ക്ക് അത് വലിയ സഹായമാകുമെന്നും അദ്ദേഹം ചലച്ചിത്ര പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
ചെന്നൈയ്ക്കടുത്തുള്ള ഗുമ്മിഡിപൂണ്ടിയിലെ വൃദ്ധസദനത്തില്‍ ജീവിതസായാഹ്നം തള്ളിനീക്കുകയാണ് ഒരുകാലത്ത് മലയാളസിനിമയില്‍ നായകനായി തിളങ്ങിയ എണ്‍പതുകാരനായ മോഹന്‍ ശര്‍മ. പാലക്കാട് തത്തമംഗലം സ്വദേശിയായ അദ്ദേഹം മലയാളത്തിലും തമിഴിലുമടക്കം ഒട്ടേറെ സിനിമകളില്‍ നായകനായും തിരക്കഥാകൃത്തായും സംവിധായകനായും നിര്‍മാതാവായും പിന്നണിഗായകനായും തിളങ്ങിയിട്ടുണ്ട്. തമിഴ്‌നാട്, കേരള സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് അഭിനയം പഠിച്ച ആദ്യ ദക്ഷിണേന്ത്യക്കാരന്‍ കൂടിയാണ് മോഹന്‍ ശര്‍മ.
കുടുംബജീവിതത്തിലെ പരാജയവും സിനിമ നിര്‍മിച്ച് ഉണ്ടായ കടബാധ്യതയുമാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ധനികര്‍ മാത്രം താമസിക്കുന്ന ചെന്നൈ പോയസ് ഗാര്‍ഡനിലെ വീട് പോലും അദ്ദേഹത്തിന് വില്‍ക്കേണ്ടിവന്നു. ചില സുഹൃത്തുക്കളുടെ സഹായത്തോടെ ജൈന സംഘടന നടത്തുന്ന വൃദ്ധസദനത്തില്‍ എത്തിപ്പെട്ടിട്ട് ഇപ്പോള്‍ മൂന്നുമാസമായി. 1972-ല്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത 'പണിമുടക്ക്' ആയിരുന്നു മോഹന്‍ ശര്‍മയുടെ ആദ്യ ചിത്രം. 1974-ല്‍ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത 'ചട്ടക്കാരി' എന്ന സിനിമയില്‍ നായകനായത് അദ്ദേഹത്തിന് വലിയ ശ്രദ്ധ നേടിക്കൊടുത്തു.
തുടര്‍ന്ന് നെല്ല്, പ്രയാണം ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ വേഷമിട്ടു. 1985 വരെ സിനിമയില്‍ സജീവമായിരുന്നു. വലിയൊരു ഇടവേളയ്ക്കുശേഷം 2000-ത്തില്‍ 'ദാദാ സാഹിബ്' എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേക്ക് അദ്ദേഹം തിരിച്ചെത്തി. ഇരുപതിലധികം തമിഴ് ചിത്രങ്ങളിലും നാല് ഹിന്ദി സിനിമകളിലും തെലുഗു, കന്നഡ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1983-ല്‍ 'ബന്ധം' എന്ന സിനിമയിലൂടെ നിര്‍മാതാവായി മാറിയ അദ്ദേഹം, 2012-ല്‍ മലയാളത്തിലും തമിഴിലുമായി നിര്‍മിച്ച് സംവിധാനം ചെയ്ത 'ഗ്രാമം' എന്ന സിനിമയിലൂടെ നിരവധി പുരസ്‌കാരങ്ങളും വാരിക്കൂട്ടിയിരുന്നു.