മലയാളികള്‍ക്കും സുപരിചിതനായ താരമാണ് സഞ്ജയ് ദത്ത്. സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ ഹിറാനി ഒരുക്കിയ സഞ്ജു എന്ന ചിത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. ബോളിവുഡിലെ തന്നെ വിവാദനായകന്‍ കൂടിയാണ് സഞ്ജയ് ദത്ത്. ഇന്ത്യയെ മുഴുവന്‍ നടുക്കിയ മുംബൈ സ്ഫോടനകേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച സഞ്ജയ് ജയില്‍ മോചിതനായത് 2016ല്‍ മാത്രമായിരുന്നു. ഭാര്യ മാന്യതയ്ക്കൊപ്പമാണ് ഇപ്പോള്‍ സഞ്ജയുടെ ജീവിതം. അതേസമയം സഞ്ജയ് ദത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങളാണ് ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചാവിഷയം.
കാന്‍സര്‍ ബാധിതനാണെന്ന് അടുത്തിടെയാണ് സഞ്ജയ് പങ്കുവച്ചത്. മൂന്നാം ഘട്ടത്തിലെത്തിയ ലങ്ങ് കാന്‍സറാണ് തനിക്കെന്ന സഞ്ജയുടെ തുറന്നുപറച്ചില്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ കാന്‍സര്‍ രോഗത്തിന് മുംബൈയില്‍ ചികിത്സയിലാണ് ഇദ്ദേഹം. നടന്റെ രോഗവിവരം അറിഞ്ഞതിന് പിന്നാലെ പ്രിയതാരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രോഗബാധിതനായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
'ബാബാ, എത്രയും വേഗം ആരോഗ്യവാനായി തിരിച്ചു വരൂ', എന്നാണ് ചിത്രം കണ്ട ആരാധകര്‍ പറയുന്നത്. ചിത്രത്തില്‍ ഏറെ ക്ഷീണിതനായാണ് കാണപ്പെടുന്നതും. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടുന്നത്. അസുഖ ബാധിതനാണെന്ന കാര്യം സഞ്ജയ് ദത്ത് തന്നെയാണ് ആദ്യമായി പങ്കുവെച്ചത്. ചികിത്സയ്ക്ക് തയ്യാറെടുക്കുകയാണെന്നും ജോലിയില്‍ നിന്നും താത്കാലികമായി വിട്ടു നില്‍ക്കുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡക് 2 ആണ് സഞ്ജയ് ദത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കന്നഡ ചിത്രം െകജിഎഫ് 2 ആണ് മറ്റൊരു പ്രധാനചിത്രം. ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു.
അതേസമയം സഞ്ജയുടെ വഴിവിട്ട ജീവിതരീതികളാണ് അദ്ദേഹത്തെ ഈ നിലയില്‍ കൊണ്ടെത്തിച്ചതെന്നാണ് ഒരു സംഘം ആരാധകര്‍ പറയുന്നത്. സിഗരറ്റിനും മയക്കുമരുന്നിന് തീര്‍ത്തും അടിമായിരുന്നു സഞ്ജു. പിന്നീട് ഉപയോഗം തുടര്‍ന്ന് ക്ഷീണിച്ച് അവശനായി മരിച്ചുപോകുമെന്ന അവസ്ഥ വന്നപ്പോള്‍ പിതാവ് സുനില്‍ ദത്ത്, സഞ്ജയ്യെ യു.എസിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തില്‍ കൊണ്ടുപോകുകയായിരുന്നു. നിരവധി ചികിത്സകള്‍ക്കൊക്കെ ഒടുവിലാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.