ശനിയാഴ്ച രാവിലെയോടെയാണ് തമിഴ് സിനിമാ-സീരിയല്‍ താരമായ രാധാ രവി ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ബിജെപി വര്‍ക്കിംഗ് പ്രസിഡണ്ട് ജെപി നദ്ദയാണ് നടന് അംഗത്വം കൊടുത്ത് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ആദ്യം ഡിഎംകെയിലും പിന്നീട് എഐഎഡിഎംകെയിലും ആയിരുന്നു രാധാ രവി.പൊള്ളാച്ചിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളേയും സൂപ്പര്‍ താരം നയന്‍ താരയേയും അപമാനിച്ചതിന്റെ പേരില്‍ രാധാ രവിക്ക് നേരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കൊലൈയുതിര്‍ക്കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് രാധാ രവി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
അണ്ണാ ഡിഎംകെയിലൂടെയാണ് രാധാരവി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 2002ല്‍ സെയ്ദാര്‍പേട്ട് മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച് ജയിച്ച് എംഎല്‍എ ആവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 2006ലെ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ പാര്‍ട്ടിയുമായി രാധാരവി അകന്നു. ജയലളിതയുടെ മരണശേഷം രാധാരവി പാര്‍ട്ടി വിട്ട് ഡിഎംകെ പാളയത്തില്‍ എത്തുകയായിരുന്നു