ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ ആര്‍മിയെ അഭിനന്ദിച്ച് താരങ്ങളും. മോഹന്‍ലാലും മമ്മൂട്ടിയും പൃഥിരാജും അടക്കമുള്ള താരങ്ങള്‍ സൈന്യത്തെ അഭിനന്ദിച്ച് രംഗത്തെത്തി.'പാരമ്പര്യത്തിന്റെ ഭാഗം എന്ന നിലയില്‍ മാത്രമല്ല നാം സിന്ദൂരം തൊടുന്നത്. നമ്മുടെ ഇളകാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ മുദ്രയായി കൂടിയാണ്. വെല്ലുവിളി വരുമ്പോള്‍ നാം ഉയരും, എപ്പോഴത്തേതിലും ഭയരഹിതമായും ശക്തമായും. ഇന്ത്യന്‍ ആര്‍മിയിലെയും നേവിയിലെയും എയര്‍ ഫോഴ്‌സിലെയും ബിഎസ്എ ഫിലെയും ഓരോ ധീര ഹൃദയങ്ങള്‍ക്കും സല്യൂട്ട്. നിങ്ങളുടെ ധൈര്യമാണ് ഞങ്ങളിലെ അഭിമാനത്തെ ഉണര്‍ത്തുന്നത്. ജയ് ഹിന്ദ്', മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നേരത്തെ ഓപറേഷന്‍ സിന്ദൂര്‍ എന്നെഴുതിയ ഒരു ചിത്രീകരണം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ തന്റെ കവര്‍ ഇമേജ് ആക്കിയിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിന് വലിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. നേരത്തെ മമ്മൂട്ടിയും ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് രം?ഗത്തെത്തിയിരുന്നു.
നമ്മുടെ യഥാര്‍ത്ഥ നായകന്മാര്‍ക്ക് സല്യൂട്ടെന്ന് നടന്‍ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു. രാഷ്ട്രം വിളിക്കുമ്പോള്‍ ഇന്ത്യന്‍ ആര്‍മി ഉത്തരം നല്‍കുമെന്നും ഓപ്പറേഷന്‍ സിന്ദൂറിലൂടെ അത് വീണ്ടും തെളിഞ്ഞെന്നും മമ്മൂട്ടി പറഞ്ഞു. ജീവന്‍ രക്ഷിക്കുന്നതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു..
നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരകന്‍. 'എവിടെയും, ഏത് രൂപത്തിലും അതിജീവനത്തിന് അര്‍ഹതയില്ലാത്ത ഒന്നാണ് തീവ്രവാദം. നമ്മുടെ സൈനികര്‍ക്ക് സല്യൂട്ട്. ജയ് ഹിന്ദ്', ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പൃഥ്വിരാജ് കുറിച്ചു.
പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും എത്തി. ഭീകരര്‍ക്ക് ശക്തമായ മറുപടി കൊടുക്കുക തന്നെ വേണമെന്നും എല്ലാം ശുഭമായി അവസാനിക്കട്ടെ എന്നും ജൂഡ് കുറിച്ചു. തീവ്രവാദികളെ തുടച്ചു നീക്കാന്‍ നമുക്ക് കഴിയട്ടെയെന്നും സംവിധായകന്‍ പറഞ്ഞു.
'ഭീകരര്‍ക്ക് ചുട്ട മറുപടി കൊടുക്കുക തന്നെ വേണം. ദയവു ചെയ്ത് നമ്മുടെ കയ്യടികള്‍ യുദ്ധത്തിന് വേണ്ടിയുള്ള പ്രോത്സാഹനങ്ങള്‍ ആകരുത്. യുദ്ധം കാരണം ആരും ജയിച്ചിട്ടില്ല, കുറെ പാവങ്ങളുടെ ജീവനും ജീവിതവും നഷ്ടപ്പെടും. അത്ര തന്നെ. എല്ലാം ശുഭമായി അവസാനിക്കട്ടെ. തീവ്രവാദികളെ തുടച്ചു നീക്കാന്‍ നമുക്ക് കഴിയട്ടെ. ജയ് ഹിന്ദ്', എന്നാണ് ജൂഡ് ആന്റണി ജോസഫ് കുറിച്ചത്.
താരങ്ങളായ ജൂനിയര്‍ എന്‍ടിആര്‍, അക്ഷയ് കുമാര്‍, റിതേഷ് ദേശ്മുഖ്, ചിരഞ്ജീവി തുടങ്ങിയവരും ഇന്ത്യയുടെ തിരിച്ചടിക്കലിനെ അഭിനന്ദിച്ച് മുന്നോട്ടെത്തി. 'ഓപ്പറേഷന്‍ സിന്ദൂറില്‍ നമ്മുടെ ഇന്ത്യന്‍ സൈന്യത്തിന്റെ സുരക്ഷയ്ക്കും ശക്തിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു', എന്നാണ് നടന്‍ ജൂനിയര്‍ എന്‍ടിആര്‍ എക്‌സില്‍ പങ്കുവെച്ചത്. 'ജയ് ഹിന്ദ് കി സേന, ഭാരത് മാതാ കി ജയ്', എന്നായിരുന്നു റിതേഷ് ദേശ്മുഖ് കുറിച്ചത്. ഇന്ത്യന്‍ പതാകയുടെ ഇമോജിക്കൊപ്പം ജയ് ഹിന്ദ് എന്നെഴുതികൊണ്ടുള്ള പോസ്റ്റ് ആണ് നടന്‍ ചിരഞ്ജീവി പങ്കുവെച്ചത്. അനുപം ഖേറും രജനികാന്തും ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ചു.
നീതി നടപ്പാകട്ടെ' എന്നായിരുന്നു നടന്‍ അല്ലു അര്‍ജുന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. 'ഇതാണ് ഇന്ത്യന്‍ സൈന്യത്തിന്റെ മുഖം, ജയ് ഹിന്ദ്', എന്നാണ് നടന്‍ ശിവകാര്‍ത്തികേയന്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്.