നിവിന്‍ പോളി നായകനായി എത്തിയ തിയേറ്റര്‍ വിജയവും ഇന്‍ഡസ്ട്രി ഹിറ്റുമായ 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗമായി മാറുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 330 കോടിയിലധികം രൂപ കളക്ഷന്‍ വാരിക്കൂട്ടിയ ചിത്രം, മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായാണ് ചരിത്രമെഴുതിയത്. തിയേറ്ററുകളില്‍ ചിരിയും ആവേശവും തീര്‍ത്ത ചിത്രം, ലൊക്കേഷനിലും ഒട്ടും കുറവില്ലാതെ ആ സന്തോഷം നിലനിര്‍ത്തിയിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന മേക്കിംഗ് വീഡിയോ.
'പ്രേമലു'വിന്റെ വന്‍ വിജയത്തിന് ശേഷം ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും വീണ്ടും ഒന്നിച്ച ഈ ചിത്രത്തില്‍ നിവിന്‍ പോളിയുടെ ഗംഭീര തിരിച്ചുവരവാണ് കാണാനായത്. ചിത്രത്തില്‍ നിവിന്‍ അവതരിപ്പിച്ച 'ജസ്റ്റിന്‍' എന്ന കഥാപാത്രവും മമിത ബൈജു അവതരിപ്പിച്ച 'ആഷ്ലി'യും തമ്മിലുള്ള ഓണ്‍ലൈന്‍ കെമിസ്ട്രി പ്രേക്ഷകര്‍ വലിയ രീതിയിലാണ് ഏറ്റെടുത്തത്. ചിത്രത്തില്‍ 'ജസ്റ്റിന്‍ ചേട്ടനാണ് താരം' എന്ന് പറയുന്നതുപോലെ, ലൊക്കേഷനിലെ രസകരമായ നിമിഷങ്ങളും നിവിന്‍ പോളിയുടെ തമാശകളുമെല്ലാം വീഡിയോയില്‍ കാണാം.
ഇതിനോടകം ഒന്‍പത് ലക്ഷത്തിലധികം ആളുകളാണ് ഈ മേക്കിംഗ് വീഡിയോ കണ്ടുകഴിഞ്ഞത്. ഡ്രാമ കാണുക ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. വിഷ്ണു വിജയന്റെ സംഗീതവും അജ്മല്‍ സാബുവിന്റെ ക്യാമറയും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. നിലവില്‍ ഒടിടി സ്ട്രീമിങ് തുടരുന്ന ചിത്രത്തിന് വിവിധ ഭാഷകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.