സുകുമാരന്‍ നായരുടെ ധാര്‍ഷ്ട്യവും അഹങ്കാരവും താന്‍ അംഗീകരിക്കില്ലെന്നും, പെരുന്നയില്‍ പോയി ഓച്ഛാനിച്ച് നില്‍ക്കാന്‍ തന്നെ കിട്ടില്ലെന്നും ബി.ജെ.പി. നേതാവും സംവിധായകനുമായ മേജര്‍ രവി. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പെരുമാറ്റരീതികളെയും ശൈലിയെയും കടുത്ത ഭാഷയിലാണ് മേജര്‍ രവി വിമര്‍ശിച്ചത്.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി നിലപാട് വ്യക്തമാക്കിയത്. തന്റെ മക്കളെ എന്‍.എസ്.എസ്. കോളേജില്‍ പഠിപ്പിക്കാനോ ഭാര്യയ്ക്ക് അവിടെ ജോലി വാങ്ങാനോ താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് മേജര്‍ രവി പറഞ്ഞു.
തങ്ങള്‍ മലബാര്‍ നായന്മാരാണെന്നും ആരുടെയും മുന്നില്‍ തലകുനിക്കുന്നവരായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'സമൂഹത്തിനായി പോരാടുന്നവരാണ് നായന്മാര്‍. ആരെങ്കിലും പ്രശ്‌നങ്ങളുമായി വന്നാല്‍ മുന്നിട്ടിറങ്ങാന്‍ അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ എല്ലാ ജാതിക്കാര്‍ക്കും വേണ്ടി നിലകൊള്ളുന്ന വിഭാഗമാണ്'- മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ രംഗത്ത് പെരുന്നയുടെ സ്വാധീനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പെരുന്നയില്‍ നിന്ന് വിളിച്ചു പറഞ്ഞാല്‍ ഒറ്റപ്പാലത്തെ നായന്മാര്‍ തനിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്ന രാഷ്ട്രീയക്കാര്‍ മണ്ടന്മാരാണെന്നും, അങ്ങനെ ഓച്ഛാനിച്ച് ചെന്നാല്‍ പത്ത് വോട്ട് പോലും കിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. പാണക്കാട് തങ്ങള്‍മാരെ സമുദായം അനുസരിക്കുന്നത് അവരുടെ ഐക്യം കൊണ്ടാണെന്നും മേജര്‍ രവി പറഞ്ഞു. ധാര്‍ഷ്ട്യവും അഹങ്കാരവും തനിക്ക് പണ്ടേ ഇഷ്ടമല്ലെന്നും, മുഖ്യമന്ത്രി പിണറായി വിജയനെ എതിര്‍ക്കുന്നതും ഇക്കാരണത്താലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചിരിക്കുന്ന മുഖവും അധികാരിയുടെ ഭാവമില്ലാത്ത രീതിയും അംഗീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍. അസംബ്ലി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന, അന്താരാഷ്ട്ര തലത്തില്‍ പേരുണ്ടാക്കിയ ശശി തരൂര്‍ പെരുന്നയില്‍ എത്തുമ്പോള്‍ ഇരിക്കാന്‍ പോലും പറയാതെ അപമാനിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും മേജര്‍ രവി തുറന്നടിച്ചു. 'ശശി തരൂര്‍ അടക്കം അവിടെ ചെന്നാല്‍ ഇയാള്‍ തലയാട്ടിക്കൊണ്ടിരിക്കും, ഇരിക്കാന്‍ പറയില്ല.
ശശി തരൂര്‍ ആരാണ്? ഹി ഈസ് എ സ്‌കോളര്‍, ഹി ഈസ് ആന്‍ ഇന്റര്‍നാഷണല്‍ ഫിഗര്‍. അല്ലാതെ ഈ പെരുന്ന വട്ടത്ത് കിടക്കുന്ന നായരല്ല. ലോകത്ത് പോയി പേരുണ്ടാക്കിയ നായര്‍ ക്ലാനില്‍ നിന്ന് പോയ ഒരാളാണ്. ഈ മനുഷ്യന്‍ യു.എന്‍ അസംബ്ലി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന ആളാണ്. ആദ്യം യു.എന്‍ എന്താണ്? യു.എന്നിന്റെ ജനറല്‍ അസംബ്ലി എന്താണ്? ഇതൊക്കെ അറിയാവുന്ന വിദ്യാഭ്യാസമുള്ള ആളുകളാണെങ്കില്‍ മാത്രമേ അഹങ്കാരം താഴ്ത്തിവെച്ചിട്ട് ആ ആളെ ബഹുമാനിക്കാന്‍ കഴിയൂ.' രവി പറഞ്ഞു.
വിസ്മയ മോഹന്‍ലാലിന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് സംസാരിച്ച മേജര്‍ രവിക്കെതിരെ നേരത്തെ സംവിധായകന്‍ ശാന്തിവിള ദിനേശ് സംസാരിച്ചിരുന്നു.ഇപ്പോള്‍ ഇതിനെതിരെയും രൂക്ഷയുമായി പ്രതികിരിച്ചിരിക്കുകയാണ് ് മേജര്‍ രവി. എന്തോ ഒരു ദിനേശനുണ്ടല്ലോ. ശാന്തിവിള ദിനേശ്. അവന്‍ ഞാന്‍ മായ എന്ന് വിളിക്കുന്നതിനെതിരെ പറഞ്ഞു. എന്റെ മോനും ഇവരും ഒരുമിച്ച് ഊട്ടിയില്‍ പഠിച്ചതാണ്. എന്റെ മുന്നില്‍ വളര്‍ന്ന കുട്ടിയാണ്. അവനീ റിലേഷനൊന്നും അറിയില്ല. കാരണം അവന്‍ എവിടെയൊക്കെയോ പിരി ലൂസായ ഒരുത്തനാണ്. അവനോടും ഞാന്‍ മറുപടി പറയുന്നില്ല. ആര്‍മി ഓഫീസാറായ, നാഷണല്‍ പുരസ്‌കാരം മേടിച്ച എന്നെ അവന് സംശയമാണ്. പക്ഷെ പട്ടാളക്കാര്‍ ഇപ്പോള്‍ കയറിയിരുന്ന് നിരങ്ങുന്നുണ്ട് അവന് മുകളില്‍. അതും ഞാനറിയുന്നുണ്ട്. അത് വിട്ടേക്കുക. ഇനിയിപ്പോള്‍ അവന്‍ ഇതിന്റെ മുകളില്‍ പോഡ്കാസ്റ്റ് ചെയ്ത് പത്ത് കാശുണ്ടാക്കുമെന്നും മേജര്‍ രവി തുറന്നടിച്ചു.