മോഹന്‍ലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം സൂപ്പര്‍ ഹിറ്റായിരുന്നു.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചത്. മലയാളി പ്രേക്ഷകരെ ചിത്രം ആകാംഷയുടെ മുള്‍ മുനയില്‍ എത്തിച്ചിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ നടി മീന, കലാഭവന്‍ ഷാജോണ്‍, അന്‍സിബ, എസ്തര്‍ അനില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. റോഷന്‍ ബഷീര്‍ എന്ന യുവതാരമാണ് ചിത്രത്തില്‍ വില്ലനായ വരുണ്‍ പ്രഭാകറായി എത്തിയത്. മലയാളത്തില്‍ ഹിറ്റായ ചിത്രത്തിന് തമിഴിലും ഹിന്ദിയിലും കന്നഡയിലും പതിപ്പുകള്‍ ഇറങ്ങിയിരുന്നു. തമിഴില്‍ മോഹല്‍ലാലിന്റെ വേഷം ചെയ്തത് കമല്‍ഹാസനും ഹിന്ദിയില്‍ അജയ് ദേവ്ഗണുമായിരുന്നു. എന്നാല്‍ മൂന്ന് ഭാഷകളിലും വില്ലന്‍ വേഷത്തില്‍ എത്തിയത് റോഷന്‍ തന്നെയാണ്. തമിഴില്‍ ജീത്തു തന്നെയായിരുന്നു സംവിധാനം ചെയ്തത്. പിന്നാലെ ചിത്രത്തിന് ശ്രീലങ്കയിലും റീമേക്ക് ഉണ്ടായി. പ്ലസ്ടു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ റോഷന്‍ ദൃശ്യം ഉള്‍പ്പെടെ അഞ്ച് മലയാള ചിത്രങ്ങളിലാണ് പിന്നീട് അഭിനയിച്ചത്.
പിന്നീട് തമിഴില്‍ സജീവമാകുകയായിരുന്നു താരം. എന്നാല്‍ റോഷന്റെ അച്ഛനും സിനിമാ താരമാണ് എന്ന കാര്യം അധികം ആര്‍ക്കും അറിയില്ല. നടന്‍ കലന്തന്‍ ബഷീറിന്റെ മകനാണ് റോഷന്‍ ബഷീര്‍. മേലേ വാര്യത്തെ മാലാഖക്കുട്ടികള്‍, കുടുംബവിശേഷങ്ങള്‍, കല്യാണപ്പിറ്റേന്ന് എന്നീ സിനിമകളിലൂടെ പരിചിതനാണ് കലന്തന്‍ ബഷീര്‍. ഈ താരകുടുംബത്തെക്കുറിച്ച് മനു വര്‍ഗീസ് എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കലന്തന്‍ ബഷീര്‍ എന്ന നടനെക്കുറിച്ച് മലയാള സിനിമ പ്രേക്ഷകര്‍ക്ക് അറിവുണ്ടാകാനിടയില്ല..പക്ഷേ പല സിനിമകളിലും നമ്മള്‍ ഈ നടനെ കണ്ടിട്ടുണ്ട് ..മേലേ വാര്യത്തെ മാലാഖക്കുട്ടികളില്‍ ..കുടുംബവിശേഷത്തില്‍..കല്യാണപ്പിറ്റേന്നില്‍ ..ഇമ്മിണി നല്ലൊരാളില്‍ .സിനിമയെ നെഞ്ചോട് ചേര്‍ത്ത ഇത്തരം ആയിരം ബഷീറുമാരുടേത് കൂടിയാണ് മലയാള സിനിമ ..നിരവധി സിനിമകളിലും ആല്‍ബങ്ങളിലും പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ടെങ്കിലും ബഷീര്‍ എന്ന നടന് ബ്രേക്കാവുന്ന കഥാപാത്രങ്ങള്‍ തേടിയെത്തിയില്ല. പക്ഷേ വര്‍ഷങ്ങള്‍ക്ക് ശേഷം ഉപ്പയുടെ സ്വപ്നങ്ങളുടെ പൂര്‍ത്തികരണം പോലെ മകന്‍ സിനിമയിലെത്തി..റോഷന്‍ ബഷീര്‍...ദൃശ്യത്തിലെ മലയാളി ഒരിക്കലും മറക്കാത്ത കഥാപാത്രമായി മാറിയ വരുണ്‍....ഇത് കാലത്തിന്റെ കാവ്യനീതിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.