തന്മയത്വമാർന്ന അഭിനയത്തിലൂടെ ശ്രദ്ധേയയായ താരമാണ് മീരാ ജാസ്മിൻ. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരത്തിന് പ്രേക്ഷക മനസ്സിൽ ഇടം നേടാൻ സാധിച്ചിരുന്നു. നമ്പര്‍ വണ്‍ നായികയായി കത്തിനില്‍ക്കുമ്പോഴും അന്നത്തെ ആ പൊടിനിറഞ്ഞ തന്റെ സ്റ്റുഡിയോയിലേയ്ക്ക് പരാതികളൊന്നുമില്ലാതെ വന്ന് നടി മീര ജാസ്മിൻ ഫോട്ടോഷൂട്ട് തീര്‍ത്തുപോയതിനെക്കുറിച്ച് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജമേഷ് കോട്ടക്കൽ എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്..
ജമേഷ് കോട്ടക്കലിന്റെ കുറിപ്പിലൂടെ
2002 ൽ ഇറങ്ങിയ 'നമ്മൾ' എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ ഞാൻ ഒരു വേഷം ചെയ്തിരുന്നു. ഫോട്ടോഗ്രഫിയിൽ നിന്നുണ്ടായ സിനിമാ സൗഹൃദങ്ങൾ തന്ന അവസരം. 'നമ്മളി'ലെ നായകരായ ജിഷ്ണുവിന്റെയും സിദ്ധാർത്ഥ് ഭരതന്റെയും കോളെജ് കൂട്ടുകാരിൽ ഒരാളായി ഞാൻ അഭിനയിച്ചുതകർത്തു! സിനിമ കാണുമ്പോൾ പലപ്പോഴും എനിക്ക് എന്നെ സ്ക്രീനിൽ കണ്ടുപിടിക്കാൻ സാധിച്ചിരുന്നെങ്കിലും നാട്ടുകാർക്കാർക്കും എന്റത്രയും കഴിവോ വിവരമോ ഉണ്ടായിരുന്നില്ല!
എന്റെ വളരെ അടുത്ത കൂട്ടുകാരിലൊരാൾ പോലും ഞാനുള്ള സീനിൽ ജിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി ഇരുന്നതല്ലാതെ എന്നെ ശ്രദ്ധിച്ചില്ല! അവന്റെ കഷ്ടകാലത്തിന് ഇക്കാര്യം ഞാൻ നന്നായി ശ്രദ്ധിക്കുകയും ചെയ്തു. സിനിമ കഴിഞ്ഞാൽ അവനെ കൈകകാര്യം ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചിരുന്നെങ്കിലും അവന്റെ ബൈക്കിന്റെ പിറകിലിരുന്നാണ് പടം കാണാൻ വന്നത് എന്നതിനാൽ വലിയ പ്രശ്നമുണ്ടാക്കാതെ ഞാൻ അടങ്ങി. എന്തായാലും 'നമ്മൾ' കാലം കഴിഞ്ഞതോടെ അഭിനയമോഹത്തിന് ഇടിവുവരികയും ഞാൻ കൊച്ചിയിലേക്ക് ക്യാമറയും അനുബന്ധ സാധനങ്ങളും ഭാര്യയും കുട്ടിയുമായി ചേക്കേറുകയും ചെയ്തു.
ഫോട്ടോഗ്രഫി കൂടുതൽ സീരിയസായി ചെയ്യണമെന്ന ഉറച്ച തീരുമാനവുമായിട്ടായിരുന്നു ആ കൂടുമാറ്റം. അതിനായി ഒരു മീഡിയം ഫോർമാറ്റ് ക്യാമറ പുതുതായി വാങ്ങുകയും ചെയ്തിരുന്നു.
കൊച്ചിയിൽ ഒരു വീട് വാടകക്കെടുത്തു. പിറവത്തുള്ള ഒരു ഡോക്ടറാണ് ഉടമ. താമസം തുടങ്ങിയതിന്റെ പിറ്റേദിവസം തന്നെ ഒരു ഫോട്ടോഷൂട്ടും നടത്തേണ്ടി വന്നു. ഗീതുമോഹൻദാസ് ആയിരുന്നു താരം. വീടിന്റെ ഹാളിനകത്ത് ലൈറ്റ് ഒക്കെ സെറ്റ് ചെയ്ത് രാത്രിയായിരുന്നു ഷൂട്ട്. ഗീതു അന്നേ എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു. അതിനാൽ ആദ്യത്തെ ഫോട്ടോഷൂട്ട് പരാധീനതകൾക്കിടയിലും വളരെ സന്തോഷകരമായി നടന്നു. പുതിയ ക്യാമറയിൽ നല്ല റിസൽട്ട് കിട്ടി. ഗീതു നല്ല സുന്ദരിയായി സ്ക്രീനിൽ റിഫ്ളക്ടട് ചെയ്തു. താഴയുള്ള ഫോട്ടോ അന്നെടുത്തതാണ്. ഗീതുവിന്റെ കൈയിലുള്ള എന്റെ മകൻ ജിത്തുവിന് അന്ന് പ്രായം ഒരു വയസ്.
അന്നത്തെ ഷൂട്ടിംഗിനിടയിൽ ഭാര്യ ആപ്പിൾ ഒരെണ്ണം ചെത്തിതന്നത് കഴിച്ചത് ഞാൻ ഓർക്കുന്നുണ്ട്. പക്ഷേ കാര്യമുണ്ടായില്ല പിറ്റേദിവസം രാവിലെ തന്നെ വീട്ടുടമസ്ഥനായ ഡോക്ടർ വീട്ടിലെത്തി!!!
നാട്ടുകാരാരോ ഉൽസാഹിച്ച് ഏഷണികൊടുത്തതാണ്. "വീട് താമസത്തിന് മാത്രമേ ഉപയോഗിക്കൂ എന്നാണ് കരുതിയത്, ഫോട്ടോഷൂട്ട് ബുദ്ധിമുട്ടാണ് ജമേഷ് " എന്നായി ഡോക്ടർ. ഞാൻ ഫോട്ടോഷൂട്ടുകൾ നടത്തുമെന്ന കാര്യം മുമ്പ് സൂചിപ്പിച്ചിരുന്നതായിരുന്നു. എങ്കിലും തർക്കിക്കാൻ പോയില്ല. ഒന്നുരണ്ട് മാസത്തിനകം ബുദ്ധിമുട്ടില്ലെങ്കിൽ മാറിത്തരണം എന്ന ഡോക്ടറുടെ അഭ്യർത്ഥന സ്വീകരിച്ചു.
അങ്ങനെ വീണ്ടും സ്റ്റുഡിയോക്കായി അന്വേഷണം. ഫോട്ടോഷൂട്ടുകൾ ആണെങ്കിൽ ക്യൂവിലും. ടെൻഷനായി നടന്ന അക്കാലത്താണ് ഒരു ബ്രോക്കർ വഴി ഇപ്പോഴുള്ള ഈ ഫ്ളോർ മുന്നിൽ വന്ന് അവതരിക്കുന്നത്. ആദ്യം കണ്ട കാഴ്ച ഒരിക്കലും മറക്കില്ല. സിനിമയിലെ പ്രേതസീനുകൾ എടുക്കാൻ പ്രത്യേകിച്ച് സെറ്റ് ഒന്നും ഇടേണ്ട കാര്യമില്ല! പൊടിനിറഞ്ഞ് കിടക്കുന്ന ഒരിടം! ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സംഭവം. എന്തായാലും എനിക്ക് എന്തോ ഒരു പ്രതീക്ഷയും ഇഷ്ടവും തോന്നി. അന്നത്തെ കൊച്ചിയുടെ നിലവാരം വെച്ചുനോക്കുമ്പോൾ വാടക തീരെ കുറവ്. അപ്പോ ഇഷ്ടം തോന്നുക സ്വാഭാവികം!
ഫർണീച്ചറുകളും ക്യാമറാ എക്യുപ്മെന്റുകളും ലൈറ്റുകളും ഒക്കെ ഷിഫ്റ്റ് ചെയ്ത് കഴിഞ്ഞപ്പോഴേക്കും ഉച്ചകഴിഞ്ഞു. അന്നേദിവസം വൈകുന്നേരം ആ ഫ്ലോറിൽ വെച്ച് എനിക്കൊരു ഫോട്ടോഷൂട്ട് ചെയ്യേണ്ടതുണ്ടായിരുന്നു. നായിക മീരാജാസ്മിൻ!!!
കുറെക്കാലം മുമ്പ് സൂത്രധാരന്റെ സെറ്റിലേക്ക് ലോഹിയേട്ടൻ വിളിപ്പിച്ച് പുതുമുഖനായികയുടെ കുറച്ച് സ്റ്റില്ലുകൾ എടുപ്പിച്ചതാണ് മീരയുമായുള്ള ഏക ബന്ധം.പരക്കം പാഞ്ഞ് എന്റെ സഹായികൾ വിയർത്തുകുളിച്ചു. ടെൻഷനിച്ച് ഞാനും. കാര്യങ്ങൾ എവിടെയും എത്തുന്നില്ല.
താമസിയാതെ എന്റെ പകുതിമാത്രം ഒരുക്കങ്ങൾ കഴിഞ്ഞ, വൃത്തികേടിനുള്ള ഫിലിംഫെയർ അവർഡുണ്ടെങ്കിൽ അത് വാങ്ങാൻ തയ്യാറായി നിൽക്കുന്ന, പൊടിനിറഞ്ഞ ഫ്ളോറിലേക്ക് മീര നെറ്റി ചുളിക്കാതെ ചിരിച്ചുകൊണ്ട് കയറിവന്നു.
വലിച്ചുവാരിയിട്ടിരിക്കുന്ന സാധനങ്ങൾ പല മൂലകളിലേക്കും നീക്കിവെച്ച് ലൈറ്റുകളും ബാക്ഡ്രോപ്പും സെറ്റുചെയ്യുന്നത് മീരയും അമ്മയും മുഷിപ്പില്ലാതെ നോക്കിയിരുന്നു. അന്ന് തെന്നിന്ത്യയിലെ സുപ്പർ നായികാ പട്ടത്തിലേക്ക് മീരാ ജാസ്മിൻ എന്ന നടി യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. മാധവൻ നായകനായ തമിഴ് സിനിമ 'റൺ' തമിഴ്നാട്ടിലും ഒപ്പം കേരളത്തിലും തകർത്ത് ഓടിക്കൊണ്ടിരിക്കുന്ന സമയമാണ്. മീരയെ കാണാൻ റോഡിൽ ആളുകൾ ഇരമ്പി കൂടുന്ന കാലം.
അന്ന് മീരയുടെ കുസൃതിക്കണ്ണുകളിലേക്ക് മിന്നിച്ച സോഫ്റ്റ് ഫ്ലാഷിൽ നിന്ന് കിട്ടിയ തെളിച്ചം ആ ഫ്ലോറിലാകെ നിറഞ്ഞു. പൊടിയും ചിതറിക്കിടക്കുന്ന വൃത്തിയില്ലായ്മയും എല്ലാവരും മറന്നു. രാത്രി പന്ത്രണ്ടരവരെ ഷൂട്ട് നീണ്ടുപോയി. അസമയത്ത് ഞങ്ങൾ എവിടെയോ പോയി സംഘടിപ്പിച്ച ഭക്ഷണം പരാതിയില്ലാതെ കഴിച്ച് മീരയും അമ്മയും യാത്ര പറഞ്ഞുപോയി. അതിനുശേഷം ആ ഫ്ളോർ എന്റെ രാശിയായി. ചിത്രഭൂമിക്കായുള്ള ഷൂട്ടിനായി താരങ്ങളും പോർട്ട് ഫോളിയോകൾക്കായി ഫാഷൻ മോഡലുകളും നിരവധി സിനിമാമോഹികളും ഇടതടവിലാതെ കയറിവന്നു. സ്റ്റുഡിയോ ഫ്ലോറും ഓരോ വർഷവും ആരോഗ്യം മെച്ചപ്പെടുത്തി സുന്ദരിയായി മാറിക്കൊണ്ടിരുന്നു.
വർഷങ്ങൾക്കിപ്പുറവും കാർപറ്റ് വിരിച്ച പടികൾ ചവുട്ടി എയർഫ്രഷ്നർ സുഗന്ധം പരത്തുന്ന ഫ്ളോറിലേക്ക് കയറിവരുമ്പോൾ പലപ്പോഴും ഞാൻ ആ പൊടിമണക്കുന്ന ആദ്യത്തെ ദിനം ഓർക്കും..