ഇരുപത്തിനാലാമത് രാജ്യാന്തര ചലചിത്ര മേളയ്ക്ക് നാളെ തുടക്കമാകും .ഉദ്ഘാടനം ആറിന് വൈകീട്ട് ആറിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണ നേടിയ ശാരദയാണ് ചടങ്ങിലെ വിശിഷ്ടാതിഥി. സെര്‍ഹത്ത് കരാസ്‌ളാന്‍ സംവിധാനം ചെയ്ത 'പാസ്ഡ് ബൈ സെന്‍സര്‍' ആണ് ഉദ്ഘാടന ചിത്രം. എട്ടുദിവസം നീളുന്ന മേളയില്‍ 186 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
മേളയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മന്ത്രി എ.കെ. ബാലന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 12 വരെ നീളുന്ന മേളയില്‍ 10,500 പേരാണ് ഇതുവരെ ഡെലിഗേറ്റുകളായി രജിസ്റ്റര്‍ ചെയ്തത്.തലസ്ഥാന നഗരിയിലെ 14 തിയറ്ററുകള്‍ പ്രദര്‍ശനസജ്ജമായി. വിവിധ തിയറ്ററുകളിലായി 8998 സീറ്റുകളാണുള്ളത്. 3500 സീറ്റുകളുള്ള നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദര്‍ശന വേദി. സിനിമകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷനും ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സിനിമ പ്രദര്‍ശനത്തിന്റെ തലേദിവസം 12 മണി മുതല്‍ അര്‍ധരാത്രി 12 വരെ റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ക്യൂ നില്‍ക്കാതെ ഭിന്നശേഷിക്കാര്‍ക്കും എഴുപതു കഴിഞ്ഞവര്‍ക്കും തിയറ്ററുകളില്‍ പ്രവേശനം ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കായി തിയറ്ററുകളില്‍ റാമ്പ്് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.