അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ തിരഞ്ഞെടു തിരഞ്ഞെടുത്തത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ച് എട്ട് സംവിധായകര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.ഡോ. സുനില്‍കുമാര്‍ സുകുമാരന്‍, സതീഷ് ബാബുസേനന്‍, പ്രതാപ് ജോസഫ്, സന്തോഷ് ബാബുസേനന്‍, വേണുനായര്‍, വിനോദ് കൃഷ്ണ, സജാസ് റഹ്മാന്‍, സിദ്ദീഖ് പറവൂര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. 2019 ഡിസംബര്‍ ആറ് മുതല്‍ 13 വരെ തിരുവനന്തപുരത്താണ് ചലച്ചിത്രോത്സവം.
കുമ്പളങ്ങി നൈറ്റ്സ്, വൈറസ്, ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു, ഉയരെ, ജല്ലിക്കട്ട്, ഉണ്ട, രൗദ്രം 2018, ഇഷ്‌ക് എന്നീ ചിത്രങ്ങള്‍ക്കെതിരേയാണ് ഹര്‍ജിക്കാര്‍ ആരോപണം ഉന്നയിക്കുന്നത്. 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം ഗ്രാന്റുണ്ട്. വാണിജ്യ സിനിമകള്‍ക്ക് ഗ്രാന്റ് നല്‍കുന്നതു വഴി ചലച്ചിത്രോത്സവത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിച്ചു.സെലക്ഷന്‍ കമ്മിറ്റിക്ക് രൂപംനല്‍കിയതും സിനിമകള്‍ തിരഞ്ഞെടുത്തതും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം, കമ്മിറ്റിയിലുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ ഒഴിവാക്കി ചിത്രങ്ങള്‍ വീണ്ടും തിരഞ്ഞെടുക്കണം എന്നിവയാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍.സംസ്ഥാനസര്‍ക്കാരിനും ചലച്ചിത്ര അക്കാദമി ചെയര്‍മാനും സെലക്ഷന്‍ കമ്മിറ്റിക്കും നോട്ടീസ് നല്‍കാനാണ് കോടതി നിര്‍ദേശം.