ഇരിങ്ങാലക്കുടയിലെ വമ്പന്‍ മൂന്നു നില വീട്; ഇന്നസെന്റ് മോഹിച്ചു പണിത നാലാമത്തെ ഗൃഹം; മുകളില്‍ കയറിയാല്‍ ആ നാട് മുഴുവന്‍ കാണാം.. പാര്‍പ്പിട'ത്തിനു പിന്നിലെ രഹസ്യ കഥ

Malayalilife
ഇരിങ്ങാലക്കുടയിലെ വമ്പന്‍ മൂന്നു നില വീട്; ഇന്നസെന്റ് മോഹിച്ചു പണിത നാലാമത്തെ ഗൃഹം; മുകളില്‍ കയറിയാല്‍ ആ നാട് മുഴുവന്‍ കാണാം.. പാര്‍പ്പിട'ത്തിനു പിന്നിലെ രഹസ്യ കഥ

പേരിലെ നിഷ്‌കളങ്കത്വം ജീവിതത്തിലും സൂക്ഷിച്ച നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയായിരുന്നു ഇന്നസെന്റ്. തന്റെ ഓരോ ജീവിതാനുഭവങ്ങള്‍ക്കു പിന്നിലും ഒരു രസകരമായ കഥ അദ്ദേഹത്തിനു പറയാനുണ്ടാകും. അതുപോലെയൊന്നാണ് അദ്ദേഹത്തിന്റെ വീടിനും ഉണ്ടായിരുന്നത്. ഇന്നസെന്റിന്റെ മൃതദേഹം അവസാനമായി ഇരിങ്ങാലക്കുടയിലെ വീട്ടു മുറ്റത്തേക്ക് എത്തിച്ചപ്പോഴാണ് മലയാളികള്‍ അദ്ദേഹത്തിന്റെ വീടിനു പിന്നിലെ കഥ അറിഞ്ഞത്. തന്റെ അഭിനയ ജീവിതം പച്ചപിടിച്ചതിനു ശേഷം അദ്ദേഹം പണിത നാലാമത്തെ വീടായിരുന്നു ഇത്. പാര്‍പ്പിടം എന്ന വീട്ടു പേരാണ് ആരാധകര്‍ക്കെല്ലാം ആദ്യം കൗതുകമായത്. ഇവിടെ താമസിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കവേയാണ് ഇന്നസെന്റിനെ മരണം തട്ടിയെടുത്തത്.

അദ്ദേഹം മുന്‍പ് പണികഴിപ്പിച്ച മൂന്നു വീടുകളുടെയും പേര് പാര്‍പ്പിടം എന്നു തന്നെയായിരുന്നു. എല്ലാം ഇരിങ്ങാലക്കുടയില്‍ തന്നെ. ക്രൈസ്റ്റ് കോളജ് റോഡില്‍ ആയിരുന്നു ഇന്നസെന്റ് ആദ്യമായി സ്വന്തമായി ഒരു വീടു വയ്ക്കുന്നത്. വീടു പണി കഴിഞ്ഞപ്പോള്‍ ഒരു കപ്പേള പോലെ അഥവാ ഒരു കുരിശുപള്ളി പോലെയായിരുന്നു അതു തോന്നിയത്. ആരെങ്കിലും അതു കണ്ടാല്‍ പള്ളിയോ ക്ഷേത്രമോ എന്നു വിചാരിച്ചാല്‍ പോലും തെറ്റു പറയാന്‍ പറ്റില്ല. എന്തിനാ ഇങ്ങനൊരു വീട് വച്ചതെന്ന് അന്വേഷിക്കുന്ന നാട്ടുകാരോട് പറയാന്‍ ഇന്നസെന്റിന് ഒരു റെഡിമെയ്ഡ് മറുപടി ഉണ്ടായിരുന്നു.

പള്ളിയോ ക്ഷേത്രമോ ആണെന്നു കരുതി ആരെങ്കിലും പൈസ കാണിക്കയായി ഇട്ടാല്‍ അതുവച്ച് വയസ്സു കാലത്ത് ജീവിക്കാമല്ലോ എന്നതായിരുന്നു അത്. പക്ഷേ, ഇങ്ങനെ സിനിമാ സ്‌റ്റൈലില്‍ മറുപടിയൊക്കെ പറഞ്ഞിരുന്നെങ്കിലും ആളുകളുടെ ചോദ്യം ഇന്നസെന്റിനെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. നെടുമുടി വേണുവിനോടാണ് ഇന്നസെന്റ് ഈ സങ്കടം സിനിമാ സെറ്റില്‍ വച്ച് പങ്കുവച്ചത്. അപ്പോള്‍ അദ്ദേഹമാണ് താമസിക്കുന്ന സ്ഥലം എന്ന് അര്‍ഥം വരുന്ന പാര്‍പ്പിടം എന്ന് വീടിനു മുന്‍പില്‍ പേരെഴുതി വയ്ക്കാന്‍ നിര്‍ദേശിച്ചത്. പിന്നീട് തെക്കേ അങ്ങാടിയില്‍ രണ്ടു വീടുകള്‍ വച്ചപ്പോഴും പാര്‍പ്പിടം എന്നു തന്നെയാണ് പേരിട്ടത്.

2021 ല്‍ കോവിഡും ലോക്ഡൗണുമെല്ലാം പ്രതിസന്ധി തീര്‍ത്ത സമയത്താണ് അദ്ദേഹം പുതിയ വീട് പണിയാന്‍ തീരുമാനിച്ചത്. ഇതിനായി സ്വന്തം നാട്ടുകാരനായ ജോസഫിനെയാണ് ഇന്നസെന്റ് സമീപിച്ചത്. പ്രാഥമിക ചര്‍ച്ചകള്‍ക്കായി അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ ഒരു നര്‍മ്മത്തെ ജോസഫ് പറഞ്ഞത് ഇങ്ങനെയാണ്. കോവിഡിന്റേയും കാന്‍സറിന്റെയും ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ വലച്ചിരുന്നു. അദ്ദേഹം ആദ്യംതന്നെ ഒരു ഡിമാന്റ് ഉന്നയിച്ചു. 'എത്രയും പെട്ടെന്ന് വീടുപണി തീര്‍ക്കണം. മനുഷ്യന്റെ കാര്യമാണ്. ഒരു ഗ്യാരന്റിയും ഇല്ലാത്ത കാലവും'... അതുകേട്ട് ഭാര്യ ആലീസ് തടയിട്ടു: അങ്ങനെയൊന്നും പറയാന്‍ പാടില്ല.. പൊടുന്നനെയായിരുന്നു അദ്ദേഹത്തിന്റെ കൗണ്ടര്‍. നീ എന്താ വിചാരിച്ചേ, ഞാന്‍ എന്റെ കാര്യമല്ല, നിന്റെ കാര്യമാ പറഞ്ഞത്... എന്നിട്ടൊരു കള്ളചിരിയും.

സംഭവം എന്തായാലും ചര്‍ച്ചകളൊക്കെ കഴിഞ്ഞ് വീട് പണി പൂര്‍ത്തിയായി. തന്റെ മുറിയില്‍ ഇരുന്നാല്‍ വീടിന്റെ മിക്കയിടങ്ങളും കാണണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് അകത്തളങ്ങള്‍ രൂപകല്‍പന ചെയ്തത്. മൂന്നു നിലയായിട്ടാണ് ആ വീട് പണിതത്. വലിയ മുറ്റവും മനോഹരമായ ഡിസൈനും എല്ലാം. വീടിന്റെ മുകളില്‍ കയറി നിന്നാല്‍ ഇരിങ്ങാലക്കുടയെന്ന തന്റെ നാട് മുഴുവന്‍ കാണാന്‍ ഇന്നസെന്റിന് സാധിക്കുമായിരുന്നു. കോവിഡ് മൂലമുള്ള പ്രതിസന്ധികള്‍ക്കിടയിലും 2022 ഫെബ്രുവരിയില്‍ വീടുപണി തീര്‍ത്തു. പാലുകാച്ചല്‍ ദിവസം സമ്മാനങ്ങള്‍ നല്‍കിയാണ് അദ്ദേഹം എല്ലാവരെയും യാത്രയാക്കിയത്. കോവിഡ് കാലമായതിനാല്‍ സിനിമാതാരങ്ങളെ എല്ലാം വിളിച്ചുള്ള പാലുകാച്ചല്‍ നടന്നില്ല. അടുത്ത ബന്ധുക്കളും നാട്ടുകാരും മാത്രമാണ് അന്നുണ്ടായിരുന്നത്. പിന്നീട് മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ വന്നിരുന്നു.

ചെറുപ്പകാലത്ത് ദാരിദ്ര്യത്തിലൂടെ കടന്നുപോയതുകൊണ്ടാകാം, പുതിയ വീടുകളോട് അദ്ദേഹത്തിന് ഒരിഷ്ടമുണ്ടായിരുന്നു. ഇരിങ്ങാലക്കുടയില്‍ അദ്ദേഹം വച്ച വീട് പത്തുകൊല്ലത്തിലേറെ ആയപ്പോഴാണ് പുതിയ വീട് പണിയുന്നത്. അപ്പോഴും പാര്‍പ്പിടം എന്ന വീടിന്റെ പേര് മാത്രം മാറ്റിയിരുന്നില്ല.

Read more topics: # ഇന്നസെന്റ്
innocent HOUSE parpidam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES