പ്രിയനടനെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകി എത്തിയത് നൂറ് കണക്കിനാളുകള്‍; ഇന്നസെന്റിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി നല്‍കി നാട്

Malayalilife
 പ്രിയനടനെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകി എത്തിയത് നൂറ് കണക്കിനാളുകള്‍; ഇന്നസെന്റിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി നല്‍കി നാട്

ഇരിങ്ങാലക്കുട: നടനും മുൻ എം പിയുമായ ഇന്നസെന്റിനെ അവസാനമായി ഒരു നോക്കുകാണാൻ നടി കാവ്യ മാധവൻ ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി. ജീവിതത്തിൽ ഏറ്റവുമധികം അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിടവാങ്ങലിലെ നഷ്ടം കാവ്യയുടെ മുഖത്തും പ്രകടമായിരുന്നു. മൃതദേഹത്തിന് അടുത്തെത്തിയപ്പോൾ കാവ്യ കരച്ചിലടക്കാൻ പാടുപെട്ടു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. ഭർത്താവും നടനുമായ ദിലീപ് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.

പാപ്പി അപ്പച്ച, ട്വന്റി ട്വന്റി, ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ കാവ്യയും ഇന്നസെന്റും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇന്നസെന്റിനോട് സഹോദരനോടോ, അച്ഛനോടോ ഒക്കെ തോന്നുന്ന അടുപ്പമാണെന്ന് ദിലീപ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇന്നസന്റിന്റെ അവസാന നിമിഷങ്ങളിൽ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരിൽ ഒരാളാണ് ദിലീപ്. ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചപ്പോഴും പിന്നീട് ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവന്നനപ്പോഴും എല്ലാ കാര്യങ്ങളിലും ദിലീപ് മുൻനിരയിൽ ഉണ്ടായിരുന്നു.

ഞായറാഴ്ച രാത്രിയും ഇന്നലെ മുഴുവനും മൃതദേഹത്തിന് സമീപം ദിലീപുണ്ടായിരുന്നു.സംവിധായകൻ കമലും ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിച്ചു. മന്ത്രി കെ രാജൻ അടക്കമുള്ളവർ സ്ഥലത്തെത്തി. ഞായറാഴ്ച രാത്രി പത്തരയോടെ വിടവാങ്ങിയ ഇന്നസെന്റിന്റെ ഭൗതീക ശരീരം ലേക്ഷോർ ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 7.55ന് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെത്തിച്ച് പൊതുദർശനത്തിനു വച്ചിരുന്നു. വലിയ ജനാവലിയാണ് തങ്ങളുടെ പ്രിയതാരത്തെക്കാണാൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.

ലേക്ഷോർ ആശുപത്രിയിലും പിന്നീട് സ്റ്റേഡിയത്തിലും പ്രിയപ്പെട്ട സഹപ്രവർത്തകനോടൊപ്പം ദുഃഖം ഘനീഭവിച്ച മുഖത്തോടെ മമ്മൂട്ടി ഒപ്പമുണ്ടായിരുന്നു. താരങ്ങളായ ദിലീപ്, സിദ്ദീഖ്, ഇടവേള ബാബു മധുപാൽ, സായികുമാർ, മുകേഷ്, ദുൽഖർ സൽമാൻ, നവ്യ നായർ, ബീന ആന്റണി തുടങ്ങി നിരവധിപേരാണ് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നസെന്റിനെ അവസാനയാത്ര അയയ്ക്കാനെത്തിയത്. സുരേഷ്‌കുമാർ, മേനക സുരേഷ്, ബാദുഷ, ജോഷി, തുടങ്ങി സിനിമാരംഗത്തെ ഒട്ടുമിക്ക സഹപ്രവർത്തകരും എത്തിയിരുന്നു.

പതിനൊന്നരയോടെ പിറന്നമണ്ണിലേക്ക് പുറപ്പെട്ട വിലാപയാത്ര ആലുവയിലും അങ്കമാലിയിലും ചാലക്കുടിയിലുമെല്ലാം തടിച്ചുകൂടിയ ആരാധകരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി രണ്ടരയോടെയാണ് ഇരിങ്ങാലക്കുട ടൗൺഹാളിൽ എത്തിയത്. പ്രിയതാരത്തെ ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയ വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി മൃതദേഹം ഇരിങ്ങാലക്കുട തെക്കേഅങ്ങാടിയിലെ വീട്ടിലെത്തിച്ചപ്പോഴേക്കും സമയം ആറ് കഴിഞ്ഞിരുന്നു. പ്രിയതമന്റെ ചേതനയറ്റ ശരീരത്തിൽ കെട്ടിപ്പുണർന്ന് ഇന്നച്ചന്റെ പ്രിയപ്പെട്ട ആലീസ് തളർന്നുവീണു. മകൻ സോണറ്റ്, മരുമകൾ രശ്മി, പേരക്കുട്ടികളായ അന്ന, ജൂനിയർ ഇന്നസന്റ് എന്നിവരുടെ ദുഃഖം ആരാലും ശമിപ്പിക്കാനായില്ല.

Read more topics: # ഇന്നസെന്റ്‌
homage to Innocent

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES