സ്വര്‍ണം എത്രകാലം മണ്ണില്‍ കിടന്നാലും അതിനു മാറ്റേറും എന്നതിന്റെ തികഞ്ഞ തെളിവാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. അതു മറ്റാരുടേതുമല്ല, ഒരു കന്യാസ്ത്രീയുടേത് ആയിരുന്നു. കഴിവ് ഉണ്ടെങ്കില്‍ അതു തെളിയിക്കാന്‍ പ്രായമോ വേദിയോ ഒന്നും ഒരു തടസമല്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായാണ് സിസ്റ്റര്‍ സബീനയെ തേടിയെത്തിയ സ്വര്‍ണ നേട്ടം. തിരുവസ്ത്രമിട്ട് കാറ്റിന്റെ വേഗത്തില്‍ ട്രാക്കിലൂടെ ഹര്‍ഡില്‍സ് ചാടിക്കടന്ന് പാഞ്ഞ സിസ്റ്ററിനൊപ്പം പിടിച്ചുനില്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്നതാണ് സത്യം. പിന്നാലെയാണ് സിസ്റ്ററിന്റെ വാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.
ഇതോടെ ഈ സിസ്റ്റര്‍ ആരാണെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു സോഷ്യല്‍ മീഡിയാ ലോകം. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശിയായ സിസ്റ്റര്‍ സബീനയാണ് ആ വൈറല്‍ താരം. തിരുവസ്ത്രം സ്വീകരിച്ചിട്ട് മുപ്പതില്‍ അധികം വര്‍ഷമായെങ്കിലും ഇന്നും തന്റെ എനര്‍ജിക്ക് യാതൊരു കുറവും ഇല്ല എന്ന് തെളിയിച്ചിരിക്കുകയാണ് സിസ്റ്റര്‍ സബീന. ചെറുപ്പം മുതല്‍ക്കേ സ്പോര്‍ട്സില്‍ താല്‍പര്യമുണ്ടായിരുന്നു സിസ്റ്റര്‍ സബീനയ്ക്ക്. അപ്പോള്‍ മുതല്‍ക്കേ പരിശീലനങ്ങളും മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് അതിന്റെയെല്ലാം ഫലമെന്നോണം ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ദേശീയ ഹര്‍ഡില്‍സ് മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തത്. കോളേജ് പഠനകാലത്ത് അന്തര്‍സര്‍വകലാശാല മത്സരങ്ങളില്‍ മിന്നുംതാരമായി. പിന്നീട് കായികാധ്യാപികയുടെ റോളിലായി. അധ്യാപികയായശേഷം അധികം മത്സരങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല. സ്‌കൂള്‍ മീറ്റില്‍ അധ്യാപകരുടെ മത്സരങ്ങളില്‍ സമ്മാനം നേടിയുണ്ട്.
ഇപ്പോള്‍ 56 വയസുള്ള സബീന മാനന്തവാടി ദ്വാരക എയുപി സ്‌കൂളിലെ കായികാധ്യാപികയാണ്. അഞ്ചു മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ കായികാധ്യാപനത്തില്‍ നിന്നും വിരമിക്കുകയും ചെയ്യും. അതിനു മുന്‍പ് ഒരു ശ്രമം എന്നോണമാണ് കഴിഞ്ഞ ദിവസം വയനാട്ടിലെ സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റില്‍ എത്തിയത്. 55 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണ് സിസ്റ്റര്‍ മത്സരിച്ചത്. ആരാധന സന്യാസ സഭാംഗമായ സിസ്റ്റര്‍ ദ്വാരക പ്രൊവിന്‍ഷ്യല്‍ ഹൗസിലെ അംഗമാണ്. എന്തായാലും സിസ്റ്റര്‍ സബീന ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹര്‍ഡിലുകള്‍ അതിവേഗം ചാടിക്കടന്ന് സ്വര്‍ണം നേടിയ സിസ്റ്റര്‍ സബീനയ്ക്ക് വിദ്യാഭ്യാസമന്ത്രിയുടെ അഭിനന്ദനവും എത്തിയിരുന്നു. മാനന്തവാടി ദ്വാരക എയുപി സ്‌കൂളിലെ കായിക അധ്യാപികയായ സിസ്റ്ററുടെ നേട്ടം വിദ്യാഭ്യാസ വകുപ്പിന് തന്നെ അഭിമാനകരമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കന്യാസ്ത്രീ വേഷത്തില്‍ മത്സരത്തിനിറങ്ങി നേടിയ ഈ വിജയം ഇച്ഛാശക്തിയുടെ പ്രതീകമാണെന്നും പ്രായമോ സാഹചര്യങ്ങളോ ഒരു ലക്ഷ്യത്തിനും തടസ്സമല്ലെന്ന് സിസ്റ്റര്‍ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുന്നെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.