ജിയോഹോട്ട്സ്റ്റാറിന്റെ 'ജിയോഹോട്ട്സ്റ്റാര്‍ സൗത്ത് അണ്‍ബൗണ്ട്' എന്ന പരിപാടി നടക്കുകയാണ്. ഹോട്ട്സ്റ്റാറിന്റെ ഇനി വരാനിരിക്കുന്ന പുതിയ സിനിമകളും സീരീസുകളും മറ്റു ഷോകളും ഈ ചടങ്ങില്‍ വെച്ച് പ്രഖ്യാപിക്കും. ഇപ്പോഴിതാ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന മോഹന്‍ലാലിന്റെയും പ്രണവ് മോഹന്‍ലാലിന്റെയും നിവിന്‍ പോളിയുടെയും ചിത്രം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'അതിയായ സന്തോഷം' എന്ന ക്യാപ്ഷനോടെ നിവിന്‍ പോളിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. പ്ലൈനിനകത്ത് ഇരിക്കുന്ന മൂവരുടെയും ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഒപ്പം ആന്റണി പെരുമ്പാവൂരിനെയും ചിത്രത്തില്‍ കാണാം. നിമിഷ നേരംകൊണ്ടാണ് ഈ ചിത്രങ്ങള്‍ വൈറലായത്. 'പ്രണവ് ഇവിടെ ഉണ്ടായിരുന്നോ, മല കയറാന്‍ ഒന്നും പോയില്ലേ' എന്നാണ് ചിലര്‍ തമാശരൂപേണ കമന്റില്‍ കുറിക്കുന്നത്. ഇവര്‍ മൂവരും ഏതെങ്കിലും ഒരു സിനിമയില്‍ ഒന്നിച്ചെത്തണമെന്നും കമന്റുകള്‍ ഉണ്ട്.
അതേസമയം, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ നിന്നുള്ള അന്‍പതോളം പുതിയ ഷോകളാണ് ഈ പരിപാടിയിലൂടെ പ്രഖ്യാപിക്കുന്നത്. ചെന്നൈയില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. കമല്‍ ഹാസനും ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
അതേസമയം, നിവിന്‍ പോളി നായകനായി എത്തുന്ന പുതിയ ഹോട്ട്സ്റ്റാര്‍ സീരീസ് റിലീസിന് ഒരുങ്ങുകയാണ് ഫര്‍മാ എന്ന് പേരിട്ട സീരീസ് ഡിസംബര്‍ 19 നാണ് പുറത്തുവരുന്നത്. 'ഫൈനല്‍സ്' എന്ന ചിത്രത്തിന് ശേഷം പി ആര്‍ അരുണ്‍ ഒരുക്കുന്ന പ്രോജെക്ട് ആണിത്. ബോളിവുഡ് താരം രജിത് കപൂര്‍ ആണ് സിരീസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്യാമപ്രസാദിന്റെ അഗ്‌നിസാക്ഷിക്ക് ശേഷം രജിത് കപൂര്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഫാര്‍മക്കുണ്ട്.