അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ഷംന കാസിം. റിയാലിറ്റി ഷോകളിലൂടെയും സ്റ്റേജ് ഷോകളിലുമൊക്കെ വളരെ സജീവമാണ് ഷംന. വിവാഹത്തിന് ശേഷവും നൃത്തവേദികളില്‍ സജീവമാണ് നടി.ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ക്ലാസിക്കല്‍ നൃത്തരൂപങ്ങളില്‍ ചെറുപ്പം മുതലേ പരിശീലനം നേടിയ ഷംന, നിരവധി വേദികളില്‍ തന്റെ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
നൃത്തമാണ് തനിക്ക് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷവും ആത്മവിശ്വാസവും നല്‍കുന്നതെന്നും ഷംന പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇതിന് പിന്തുണയായി ഒപ്പം നില്‍ക്കുന്ന ഭര്‍ത്താവിന് നന്ദി പറഞ്ഞു കൊണ്ട് ഷംന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തന്റെ ഉമ്മ നല്‍കിയ അതേ പിന്തുണയാണ് ഭര്‍ത്താവും നല്‍കുന്നതെന്ന് ഷംന പറയുന്നു.
'ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ പലപ്പോഴും നമ്മള്‍ തീരെ പ്രതീക്ഷിക്കാത്ത സമയത്താണ് വന്നെത്തുന്നത്. എന്റെ ഈ നര്‍ത്തകിയെന്ന ജീവിതം സാധ്യമായത് എന്റെ ഉമ്മ ഷംന കാസിമിന്റെ കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരുടെ ശക്തിയും പിന്തുണയുമാണ് എന്നും എനിക്ക് അടിത്തറയായിരുന്നത്.
വിവാഹം കഴിക്കാന്‍ ഞാന്‍ തീരുമാനിച്ചപ്പോള്‍, എന്റെ ഉമ്മ എന്നെ പിന്തുണച്ചതുപോലെ എന്റെ നൃത്തത്തെയും പിന്തുണയ്ക്കുന്ന ഒരു പങ്കാളിയെ ലഭിക്കാനായി ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. അല്‍ഹംദുലില്ലാഹ്, അതുപോലെ പിന്തുണയ്ക്കുന്ന ഒരു ഭര്‍ത്താവിനെ നല്‍കി അല്ലാഹു എന്നെ അനുഗ്രഹിച്ചു.
ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നുള്ള ആളായിട്ടുപോലും, എന്റെ ഏറ്റവും വലിയ പിന്തുണ അദ്ദേഹമാണ്. അദ്ദേഹത്തെ ലഭിച്ചതില്‍ ഞാന്‍ എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. ജാതിയെക്കുറിച്ചോ, പശ്ചാത്തലത്തെക്കുറിച്ചോ, വ്യത്യാസങ്ങളെക്കുറിച്ചോ അല്ല സംസാരിക്കുന്നത്. മറിച്ച് മനുഷ്യരായിരിക്കുക, പരസ്പരം സ്‌നേഹവും ബഹുമാനവും കാണിക്കുക എന്നതിനെക്കുറിച്ചാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. എല്ലാറ്റിനും നന്ദി, അല്ലാഹുവേ...' എന്നാണ് ഷംന ഭര്‍ത്താവിനൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
മഞ്ഞുപോലൊരു പെണ്‍കുട്ടി' എന്ന ചിത്രത്തിലൂടെയാണ് ഷംന സിനിമയിലെത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളില്‍ സജീവമായ ഷംന, തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ 'പൂര്‍ണ്ണ' എന്ന പേരില്‍ പ്രശസ്തയായി. ഹൊറര്‍ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെയാണ് പൂര്‍ണ്ണ തെലുങ്കില്‍ ശ്രദ്ധേയയായത്.
2022-ല്‍ ദുബായിലെ ജെ.ബി.എസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ.യുമായ ഷാനിദ് ആസിഫ് അലിയുമായുള്ള ഷംനയുടെ വിവാഹം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നുള്ള ആളായിട്ടുപോലും ഷാനിദ്, ഷംനയുടെ നൃത്തത്തോടുള്ള ഇഷ്ടത്തെയും അഭിനയ ജീവിതത്തെയും അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന വ്യക്തിയാണ്.