നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, മുന്‍പ് ചാനല്‍ ചര്‍ച്ചകളിലും മറ്റും ദിലീപിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ ആലപ്പി അഷ്‌റഫ് മാപ്പ് ചോദിച്ചത് വാര്‍ത്തകളില്‍ നിറയുന്നു. ദിലീപിനോട് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അറിയിച്ചത്. വിധിയെ മാനിക്കുന്നു, മാപ്പ് പറയുന്നു:
നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അതിനാല്‍ കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്നും ആലപ്പി അഷ്‌റഫ് വ്യക്തമാക്കി. 'കോടതി വിധി ഇപ്രകാരമായപ്പോള്‍ അദ്ദേഹത്തിനുണ്ടായ ഭീമമായ തകര്‍ച്ചയ്ക്ക്, ജയില്‍വാസം, അപമാനം, കരിയറിനുണ്ടായ നാശം എന്നിവയ്‌ക്കെല്ലാം ആര് ഉത്തരവാദിത്വം പറയും? ദിലീപിനോട് നിരുപാധികം മാപ്പ് ചോദിക്കുന്നു,' അദ്ദേഹം പറഞ്ഞു.
താന്‍ പലപ്പോഴും ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ടെന്നും, ഒരു ചാനല്‍ ചര്‍ച്ചയില്‍ ദിലീപ് നിരപരാധിയായി കോടതിയില്‍ നിന്ന് പുറത്തുവന്നാല്‍ മാപ്പ് ചോദിക്കുമോ എന്ന ചോദ്യത്തിന് താന്‍ അന്ന് സമ്മതം നല്‍കിയിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. താന്‍ പറഞ്ഞ വാക്ക് പാലിക്കുന്നുവെന്നും, ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടിക്ക് അതിഭീകരമായ ഒരു ആക്രമണം നേരിടേണ്ടി വന്നു എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ സാധിക്കാതെ പോയത് പ്രോസിക്യൂഷന്റെയും ഭരണകൂടത്തിന്റെയും പരാജയമാണെന്നും ആലപ്പി അഷ്‌റഫ് കുറ്റപ്പെടുത്തി. 'ദിലീപിന്റെ മുന്‍ ചെയ്തികളെക്കുറിച്ച് അറിയാവുന്നതുകൊണ്ട് അന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ദിലീപുമായി അടുപ്പമുള്ള ചില മിമിക്രി കലാകാരന്മാര്‍ ഒരു ദുബായ് സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് നടന്ന ചില കാര്യങ്ങള്‍ എന്നോട് സൂചിപ്പിച്ചു. മഞ്ജു വാര്യര്‍ ആ ഷോയില്‍ ഇല്ലായിരുന്നെങ്കിലും, ആരോ ഫോണ്‍ ചെയ്ത് രഹസ്യമായി അവരെ വിളിച്ച് വരുത്തി. അതിനുശേഷം നടന്ന കാര്യങ്ങളെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നില്ല,' ആലപ്പി അഷ്‌റഫ് പറഞ്ഞു.
മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ച് വെളിപ്പെടുത്തിയതോടെ തന്റെ സംശയം ബലപ്പെട്ടു. എന്നാല്‍, കോടതിയുടെ വിധി നീതിപൂര്‍വ്വമാണ്. ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല എന്ന കോടതിയുടെ കണ്ടെത്തല്‍, പോലീസും പ്രോസിക്യൂഷനും കെട്ടിച്ചമച്ച കഥയാണ് കേസ് എന്ന ദിലീപിന്റെ വാദത്തെ ശരിവെക്കുന്നു. ഈ കേസിന്റെ പേരില്‍ ദിലീപ് അനുഭവിച്ച മാനഹാനിക്കും കരിയര്‍ തകര്‍ച്ചയ്ക്കും ഭരണകൂടമാണ് യഥാര്‍ത്ഥത്തില്‍ ഉത്തരവാദിയെന്നും അദ്ദേഹം തുറന്നടിച്ചു. ദിലീപിനോട് വ്യക്തിപരമായി വിരോധമില്ലെന്നും കലാകാരന്‍ എന്ന നിലയില്‍ ഇഷ്ടമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.