പ്രമുഖ ബോളിവുഡ് ഗായിക അനുരാധ പഡ്വാള്‍ തന്റെ അമ്മയാണെന്ന വര്‍ക്കല സ്വദേശി കര്‍മ്മല മോഡക്‌സിന്റെ വാദം കാട്ടുതീ പോലെയാണ് പടര്‍ന്നത്.വാര്‍ത്താ സമ്മേളനം നടത്തിയായിരുന്നു കര്‍മ്മല വെളിപ്പെടുത്തല്‍ നടത്തിയത്. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയില്‍ കര്‍മ്മല മാതൃത്വം അംഗീകരിച്ച് കിട്ടണം എന്ന് ആവശ്യപ്പെട്ട് കേസ് നല്‍കിയിരിക്കുകയാണ്. വാര്‍ത്ത വിവാദമായതിന് പിന്നാലെ വെളിപ്പെടുത്തലുമായി എത്തുകയാണ് ഗായിക അനുരാധ പഡ്വാള്‍.
ഇപ്പോള്‍ മാധ്യമലോകത്ത് ചര്‍ച്ചയാകുന്നത് ഗായിക അനുരാധ പഡ്വാളാണ്. ശ്രദ്ധേയയായ ഗായികയായ അനുരാധ തന്റെ അമ്മയാണെന്ന അവകാശവാദവുമായി വര്‍ക്കല സ്വദേശിയായ യുവതി എത്തിയതോടെ ആരാധകര്‍ ഞെട്ടുകയായിരുന്നു. മകളാണെന്ന് അംഗീകരിക്കണമെന്നും 50 കോടി രൂപ നഷ്ടപരിഹാരം തരണം എന്ന ആവശ്യവുമായിട്ടാണ് തിരുവനന്തപുരത്ത് താമസമാക്കിയ കര്‍മ്മല മോഡെക്‌സ് എന്ന യുവതിയാണ് കോടതിയെ സമീപിച്ചത്. ഇപ്പോള്‍ വിവാദത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അനുരാധ. തനിക്ക് അങ്ങനെ ഒരു മകളില്ലെന്നും വിഡ്ഢിത്തരത്തോട് പ്രതികരിക്കാനില്ലെന്നുമാണ് അവര്‍ പറയുന്നത്. തനിക്ക് ഒരു നിലവാരമുണ്ടെന്നും അതുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ വലിച്ചിഴക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അനുരാധ കൂട്ടിച്ചേര്‍ത്തു.
മാതൃത്വം അംഗീകരിച്ചു കിട്ടണം എന്ന ആവശ്യവുമായാണ് വര്‍ക്കല സ്വദേശി കര്‍മ്മല മോഡക്‌സ് കുടുംബകോടതിയെ സമീപിച്ചത്. ലീഗല്‍ അഡൈ്വസര്‍ അഡ്വ. അനില്‍പ്രസാദ്, ഭര്‍ത്താവ് ടറന്‍സ് മോഡക്‌സ് എന്നിവര്‍ക്കൊപ്പം എത്തിയാണ് തനിക്ക് സംഭവിച്ചത് എന്താണെന്ന് കര്‍മ്മല തുറന്നു പറഞ്ഞിരിക്കുന്നത്.. രാജ്യം ആദരിക്കുന്ന ഗായികയുടെ മകളാണെന്ന് അംഗീകരിച്ചു കിട്ടാന്‍ വേണ്ടിയാണ് കര്‍മ്മലയുടെ പോരാട്ടം. തനിക്ക് അവകാശപ്പെട്ട സ്വത്ത് നിയമപരമായി അനുവദിച്ചുകിട്ടുന്നതിന് കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതായി കര്‍മ്മല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അനുരാധ പഡ്വാള്‍ അരുണ്‍ പഡ്വാള്‍ ദമ്പതികളുടെ മൂത്ത മകളായ തന്നെ സംഗീത രംഗത്തെ തിരക്കുകാരണം കുടുംബ സുഹൃത്തും സൈനികനുമായ വര്‍ക്കല സ്വദേശി പൊന്നച്ചനെ നോക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് കര്‍മ്മല പറയുന്നത്. പൊന്നച്ചന്റെ ഭാര്യ ആഗ്‌നസിനും മൂന്ന് മക്കളോടും ഒപ്പമാണ് കര്‍മ്മല വളര്‍ന്നത്. പൊന്നച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോള്‍ അനുരാധയും ഭര്‍ത്താവുമെത്തി കര്‍മ്മലയെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അന്ന് കുട്ടിയായിരുന്ന കര്‍മ്മല അവര്‍ക്കൊപ്പം പോയില്ല. അതിനുശേഷം അനുരാധ മകളെ മറന്നു. ഇതോടെ വര്‍ക്കലയിലെ ദമ്പതികളുടെ മകളായി കര്‍മ്മല വളര്‍ന്നു.കര്‍മ്മലയുടെ വിവാഹം നടത്തിയതും പൊന്നച്ചനാണ്.
പൊന്നച്ചന്റെ മരണത്തിന് തൊട്ടുമുന്‍പാണ് തന്റെ യഥാര്‍ത്ഥ അമ്മ അനുരാധയാണെന്ന് കര്‍മ്മലയെ അറിയിക്കുന്നത്. കുറച്ചു നാള്‍ മുന്‍പ് വക്കീല്‍ നോട്ടീസ് അയച്ചെന്നും എന്നാല്‍ വക്കീല്‍ നോട്ടീസ് അനുരാധ കൈപ്പറ്റാതെ മടക്കിയതായും കര്‍മ്മല മോഡക്‌സ് പറഞ്ഞു. കര്‍മ്മല അനുരാധയെ കണ്ട് വിവരം പറഞ്ഞെങ്കിലും മകളായി അംഗീകരിക്കാന്‍ തയ്യാറായില്ല. അനുരാധയുടെ മറ്റു രണ്ടു പെണ്‍മക്കള്‍ ഇക്കാര്യം അംഗീകരിക്കില്ലെന്നാണ് കാരണമായി പറഞ്ഞത്. ഇതേതുടര്‍ന്നാണ് കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. തനിക്കു ലഭിക്കേണ്ട മാതൃത്വവും ബാല്യ, കൗമാര, യൗവന കാലഘട്ടങ്ങളിലെ പരിചരണവും നിഷേധിച്ചതിനാല്‍ 50 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. സത്യം അറിഞ്ഞ ശേഷം അനുരാധയെ കാണാന്‍ ശ്രമിച്ചെങ്കിലും ഓരോ തവണയും കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിക്കുകയായിരുന്നുവെന്നും കര്‍മ്മല പറയുന്നു. ജനുവരി 27ന് കോടതി കേസ് പരിഗണിക്കുമ്പോള്‍ തന്റെ മക്കളായ ആദിത്യ പഡ്വാളിനും കവിത പഡ്വാളിനുമൊപ്പം എത്തണമെന്ന് ചൂണ്ടിക്കാട്ടി അനുരാധയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചതായും കര്‍മ്മല വ്യക്തമാക്കി.