പാട്ടുതീരുമ്പോഴേക്കും ആദ്യം താളത്തില്‍ കൈയടിച്ചത് സാക്ഷാല്‍ ഇളയരാജ; പിന്നാലെ പതിനായിരത്തോളം പേര്‍ എണീറ്റ് നിന്ന് കാതടപ്പിക്കുന്ന കൈയടികള്‍; സണ്‍ ടിവി റിയാലിറ്റി ഷോ സണ്‍ സിംഗറില്‍ നേടിയ കിരീടമടക്കം പ്രതിഭയില്‍ മിന്നുന്ന ഏഴാം ക്ലാസുകാരി ആന്‍ ബെന്‍സണ്‍ മനസ് തുറക്കുന്നു

Malayalilife
topbanner
 പാട്ടുതീരുമ്പോഴേക്കും ആദ്യം താളത്തില്‍ കൈയടിച്ചത് സാക്ഷാല്‍ ഇളയരാജ; പിന്നാലെ പതിനായിരത്തോളം പേര്‍ എണീറ്റ് നിന്ന് കാതടപ്പിക്കുന്ന കൈയടികള്‍; സണ്‍ ടിവി റിയാലിറ്റി ഷോ സണ്‍ സിംഗറില്‍ നേടിയ കിരീടമടക്കം പ്രതിഭയില്‍ മിന്നുന്ന ഏഴാം ക്ലാസുകാരി ആന്‍ ബെന്‍സണ്‍ മനസ് തുറക്കുന്നു

തെന്നിന്ത്യന്‍ സിനിമാസംഗീത രംഗത്ത് ഉദിച്ചുയരുന്ന ഗായികയായി മാറുകയാണ് തിരുവനന്തപുരം കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ എഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ആന്‍ ബെന്‍സണ്‍. അമൃത ടിവിയിലെ ജൂനിയര്‍ സുപ്പര്‍സ്റ്റാറിലും സീ തമിഴിലെ സംഗീത റിയാലിറ്റി ഷോയിലും ഫൈനലിസ്റ്റ് ആയി മാറിയ ആന്‍ സണ്‍ സിംഗര്‍ റിയാലിറ്റിഷോയില്‍ ഒന്നാമത് എത്തുക തന്നെ ചെയ്തു. ആനിന്റെ പ്രതിഭയുടെ അളവറിയിക്കുന്ന പ്രഖ്യാപനം ഉണ്ടായത് ഇസൈ ജ്ഞാനി എന്നറിയപ്പെടുന്ന സംഗീത രംഗത്തെ മുടിചൂടാമന്നന്‍ ഇളയരാജയില്‍ നിന്നാണ് എന്നത് ഈ പ്രതിഭയുടെ തിളക്കം കൂട്ടുകയും ചെയ്യുന്നു.  തന്റെ എഴുപത്തിയാറാം പിറന്നാളുമായി ബന്ധപ്പെട്ടു ചെന്നൈയില്‍ നടത്തിയ സ്റ്റേജ് ഷോയില്‍ ഇളയരാജ ആനിനെ നേരിട്ട് പരിചയപ്പെടുത്തുകയാണ് ചെയ്തത്. ജനബാഹുല്യമുള്ള ഈ സ്റ്റേജ് ഷോയില്‍ ആനിന്റെ പാട്ട് തീരുമ്പോള്‍ ആദ്യം ഉയര്‍ന്ന കയ്യടി ഇളയരാജയുടേതായിരുന്നു. ഇതിനൊപ്പം പരിപാടി വീക്ഷിച്ച പതിനായിരക്കണക്കിന് പേര്‍ ഒരുമിച്ച് കയ്യടിച്ചപ്പോള്‍ പുതുപ്രതിഭയുടെ ഉദയത്തിനു തന്നെ ഇളയരാജ നൈറ്റ് സാക്ഷ്യം വഹിക്കുകയായിരുന്നു. അതിനു ശേഷം കോയമ്പത്തൂരില്‍ ഇളയരാജ നടത്തിയ സ്റ്റേജ് ഷോയിലും ആനിനു പാടാന്‍ കഴിഞ്ഞു. ചെറുപ്രായത്തില്‍ ആന്‍ പാടിയ ഒട്ടനവധി ആല്‍ബങ്ങളാണ് പുറത്തിറങ്ങിയത്.  മലയാള-തമിഴ്-കന്നഡ സിനിമയില്‍ പിന്നണി പാടാനും കഴിഞ്ഞു. ഇതൊക്കെ ആനിന്റെ പ്രതിഭയ്ക്ക് നിദര്‍ശനങ്ങളാകുന്നു. സംഗീതം ശ്വാസോച്ഛ്വാസംപോലെയായ കുടുംബത്തിലാണ് ആനിന്റെ ജനനം. അച്ഛന്‍ ബെന്‍സണ്‍ സംഗീത സംവിധായകനും സൗണ്ട് എഞ്ചിനീയറും അമ്മ ലക്ഷ്മി രംഗന്‍ പിന്നണി ഗായികയും. കുടുംബത്തിലെ മിക്കവരും സംഗീതജ്ഞര്‍. ഇതേ സംഗീത പാരമ്പര്യം തന്നെയാണ് ആനും പിന്‍പറ്റുന്നത്. സംഗീത വഴിയിലെ തന്റെ യാത്രകളെക്കുറിച്ച്, സണ്‍ സിംഗര്‍ റിയാലിറ്റി ഷോയില്‍ ഒന്നാമത് എത്തിയതിനെക്കുറിച്ച്, സീ തമിള്‍, അമൃത ടിവി റിയാലിറ്റി ഷോകളില്‍ ഫൈനലിസ്റ്റ് ആയി മാറിയതിനെക്കുറിച്ച്, ഇളയരാജയുമായുണ്ടായ അവിസ്മരണീയമായ കൂടിക്കാഴ്ച്ചയെക്കുറിച്ച് എല്ലാം സിനി ലൈഫിനോട് ആന്‍ മനസ് തുറക്കുന്നു. അഭിമുഖത്തിലേക്ക്

സംഗീത പാരമ്പര്യമുള്ള കുടുംബം. എങ്ങിനെയായിരുന്നു സംഗീത രംഗത്തേക്കുള്ള പിച്ചവയ്ക്കല്‍?

സത്യം പറഞ്ഞാല്‍ പപ്പയും മമ്മിയും ഞാന്‍ പാടുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല. അവര്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞാന്‍ പാടുമെന്നു അവര്‍ മനസിലാക്കിയത്. അന്ന് സ്റ്റുഡിയോയില്‍ ക്ഷേത്രത്തിന്റെ സോങ്ങിന്റെ വര്‍ക്ക് നടക്കുകയായിരുന്നു. അമ്മ പാടുന്ന പാട്ട് അമ്മ റെക്കോഡ് ചെയ്യുന്നത് കണ്ടിട്ട്, എനിക്കാണെങ്കില്‍ സ്യൂട്ടിന്റെ അകത്ത് കയറി ഒരു വരിയെങ്കിലും പാടണം. എനിക്ക് ഭയങ്കര നിര്‍ബന്ധമായിരുന്നു. ഞാന്‍ ഭയങ്കര കരച്ചില്‍ ഒക്കെ ആയിരുന്നു. അന്ന് അമ്മയും പപ്പയും കൂടെ എന്തെങ്കിലും ആകട്ടെ എന്ന് പറഞ്ഞിട്ട് സ്യൂട്ടിന്റെ അകത്ത് കയറ്റിയിട്ട് ഒരു മൈക്കും വെച്ച് തന്നു. അപ്പം ഞാന്‍ അമ്മ പാടിയ പാട്ട് തന്നെ എന്തോ ഒരു ട്യൂണിട്ട് പാടി. അപ്പോഴാണ്‌ ശരിക്കും, അത് കറക്റ്റായിട്ട് പാടി. അമ്മേ അമ്മേ ശ്രീഭദ്രകാളി.... ഈ പാട്ടായിരുന്നു അന്ന് പാടിയത്. അപ്പോഴാണ്‌ ഞാന്‍ പാടും എന്ന് എല്ലാവരും കണ്ടുപിടിച്ചത്.

അതിനു ശേഷം വേറെ ഏത് പാട്ട് പാടാന്‍ അവസരം വന്നു?

എനിക്ക് അഞ്ചു വയസായപ്പോള്‍ പപ്പ ഇറക്കിയ ഒരു സിഡി ഒരു കൃഷ്ണന്റെ കാസറ്റ് കൃഷ്ണാഞ്ജനം എന്ന് പറഞ്ഞുള്ളത്. ആ കാസറ്റില്‍ ഞാന്‍ പാടും എന്ന് പറഞ്ഞുകൊണ്ട്, ആ സമയത്ത് കുട്ടി എന്ന നിലയില്‍ ഞാന്‍ നന്നായി പാടുമായിരുന്നു. ആ കാസറ്റില്‍ എനിക്ക് ഒരു പാട്ടുപാടാന്‍ പപ്പ അവസരം തന്നു. ഉണ്ണിക്കണ്ണാ ഓടിവാ....ഓടക്കുഴലുമായി ഓടിവാ...കണ്ണാ നീ എന്‍ അരികില്‍ വന്നാല്‍ നിറയെ വെണ്ണ തരാം... എന്ന പാട്ടായിരുന്നു അത്.


കുറെ ആല്‍ബങ്ങളില്‍ പാടാന്‍ അവസരം കിട്ടി?

അന്‍പതോളം ആല്‍ബങ്ങളില്‍ ഇതുവരെ പാടാന്‍ കഴിഞ്ഞിട്ടുണ്ട്. ആദ്യ ആല്‍ബം കന്നഡയില്‍ ആയിരുന്നു. കൂടുതല്‍ ആല്‍ബങ്ങളും മലയാളത്തിലാണ് പാടിയത്.

അമൃതാ ടിവിയിലെ ജൂനിയര്‍ സുപ്പര്‍സ്റ്റാറില്‍ എത്തുന്നത് എങ്ങിനെ?

സത്യത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു എന്‍ട്രി ആയിരുന്നു അത്. എന്റെ അമ്മയുടെ കസിന്‍ സജിന്‍ ജയരാജ് സിംഗര്‍ ആണ്. ഒരു ആഡ് മൊബൈലില്‍ കണ്ടിട്ട് അമ്മയ്ക്ക് അയച്ചു കൊടുത്തു. അമ്മ എനിക്ക് പോകാന്‍ താത്പര്യം ഉണ്ടോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു എനിക്ക് ഭയങ്കര താത്പര്യം ആണെന്ന്. എനിക്ക് ആ സമയത്ത് അധികം പാട്ടുകള്‍ അറിയാമായിരുന്നില്ല. അവിടെ കുറെ റൗണ്ട്  പാടാനുണ്ട്. അതുകൊണ്ട് അത്രയും സ്റ്റഫ് ഒന്നും ഇല്ലല്ലോ? അതുകൊണ്ട് അടുത്ത റൗണ്ട് കുറച്ചു കൂടി കഴിഞ്ഞു പോകാം എന്ന് അമ്മ പറഞ്ഞു.

ഞാന്‍ സമ്മതിച്ചില്ല. എനിക്ക് പോകണം എന്ന് തന്നെ വാശി പിടിച്ചു ഞാന്‍ തന്നെ സജിന്‍ ചേട്ടനെ വിളിച്ചു പറഞ്ഞു. എനിക്ക് പോകണം ആഗ്രഹമുണ്ട്. എനിക്ക് ഒരു ആപ്ലിക്കേഷന്‍ കൊടുക്കാം എന്നൊക്കെ പറഞ്ഞു അപേക്ഷ നല്‍കി. ആദ്യത്തെ ഓഡിഷന്‍ കുറെ സ്ഥലങ്ങളില്‍ ആയിട്ടുണ്ടായിരുന്നു. എറണാകുളം, തൃശൂര്‍ അങ്ങിനെ.... തിരുവനന്തപുരത്ത് ഓഡിഷന്‍ വന്നപ്പോള്‍ അമ്മയും അമ്മൂമ്മയും ഞാനും ഒരുമിച്ചാണ് പോകുന്നത്.  ഞാന്‍ പാടാന്‍ പോകുന്നതിനു തൊട്ടു മുന്‍പാണ് പപ്പ വന്നത്. ടോക്കണ്‍  നമ്പര്‍ ഒക്കെ എടുത്ത് പാടാറായപ്പോഴാണ് പപ്പ വന്നത്. ഞാന്‍ എല്ലാവരുടെയും അനുഗ്രഹം വാങ്ങിച്ചിട്ട് അകത്തേക്ക് കയറി.

ജഡ്ജസ് പേര് ചോദിച്ചു. സുജാത ആന്റിയും സ്റീഫന്‍ ദേവസിയും വിജയ്‌ യേശുദാസ് സാറുമായിരുന്നു. എന്നോടു പേര് ചോദിച്ചു. പേരൊക്കെ പറഞ്ഞു. എങ്ങിനെയുള്ള പാട്ട് പാടാനാണ് കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചു. എനിക്ക് എല്ലാം ഇഷ്ടമാണ് എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ശരി ഒരു പാട്ട് പാടാന്‍ പറഞ്ഞു. മേരാ ദോല്‍നാ എന്ന് പറഞ്ഞ ശ്രേയാ ഘോഷാല്‍   പാട്ട് ആണ് പാടിയത്. പാട്ട് വളരെ നന്നായി എന്ന് അവര്‍ പറഞ്ഞു. അത് കഴിഞ്ഞു മലയാളം സോങ്ങ്‌ പാടാന്‍ പറഞ്ഞു. ഞാന്‍ മൈനാകം എന്ന പാട്ട് പാടി. അതും നന്നായി എന്ന് പറഞ്ഞു. അത് കഴിഞ്ഞിട്ട് എന്നെ അടുത്ത് വിളിച്ച് ഒരു സര്‍ട്ടിഫിക്കറ്റ് തന്നു. എന്നിട്ട് ഞാന്‍ സെലക്റ്റ് ആയി എന്ന് പറഞ്ഞു. എനിക്ക് വളരെ സന്തോഷമായി. അങ്ങിനെയുള്ള ഒരു സെലക്ഷന്‍ ആയിരുന്നു. അത് കഴിഞ്ഞു വീണ്ടും സെലക്ഷന്‍ ഉണ്ടായിരുന്നു. സെലക്ഷന്‍ റൗണ്ടില്‍ ഞാന്‍ സെലക്റ്റ് ആയി.

പതിനെട്ടു പേരെയാണ് അവര്‍ തിരഞ്ഞെടുത്തത്. പപ്പായുടെ ഫോണില്‍ സുജാതയാന്റിയാണ് ഞാന്‍ സെലക്റ്റ് ആയ വിവരം പറയുന്നത്. അത് കഴിഞ്ഞു വണ്‍ മന്ത് ആയപ്പോഴേക്കും ഷോ സ്റ്റാര്‍ട്ട് ചെയ്തു. അങ്ങിനെയായിരുന്നു സുപ്പര്‍ സ്റ്റാര്‍ ജൂനിയറിന്റെ എന്‍ട്രി.

ഫൈനല്‍ റൌണ്ട് വരെ എത്തും എന്ന് കരുതിയിരുന്നോ?

ഒരിക്കലുമില്ല. അതേ ഫൈനലിസ്റ്റ് ആയിരുന്നു അതില്‍. ശരിക്കും ഫസ്റ്റ് റൗണ്ടില്‍ രണ്ടു പാട്ട് പാടാന്‍ മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളൂ. ഞാന്‍ അത്രയേ വിചാരിച്ചുള്ളൂ. ഫൈനല്‍ വരെ എത്തും എന്ന് വിചാരിച്ചില്ല.

എങ്ങിനെ ഈ ഷോയില്‍ പിന്തള്ളപ്പെട്ടു പോയി?

ഞാന്‍ ഫസ്റ്റ് ടൈം ആണ് റിയാലിറ്റി ഷോയില്‍. അതുകൊണ്ട് എനിക്ക് ഫൈനല്‍ വരെ എത്താന്‍ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമാണ്. ടൈറ്റില്‍ അത് ഞാന്‍ പ്രതീക്ഷിച്ചില്ല. ഫൈനല്‍ വരെ എത്തുന്നത് വരെ വലിയ കാര്യമാണ്. ഞാന്‍ പാടിയത്,  എന്നെക്കാള്‍ വലിയ കുട്ടികള്‍ ആയിരുന്നു. ആ ചേച്ചികളും ചേട്ടന്മാരും ഒരുപാട് എന്നെ സപ്പോര്‍ട്ട് ചെയ്തു. അതുപോലെ തന്നെ ഞാന്‍ പാടി. ഫൈനല്‍ റൌണ്ട് വരെ എത്തുകയും ചെയ്തു.

എങ്ങിനെയാണ് സീ തമിള്‍ റിയാലിറ്റി ഷോയില്‍ എത്തിപ്പെട്ടത്?

സൂപ്പര്‍ സ്റ്റാര്‍ ജൂനിയറില്‍ എന്റെ പാട്ട് കേട്ടിട്ട് വിളിച്ചതാണ്. അതൊരു വൈല്‍ഡ്‌ കാര്‍ഡ് എന്‍ട്രി ആയിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍സിന്റെ തൊട്ടു മുന്‍പുള്ള റൌണ്ടിലാണ് വിളിച്ചത്. ക്വാര്‍ട്ടര്‍ ഫൈനല്‍സിലും സെലക്ടായി സെമി ഫൈനല്‍സിലും സെലക്ടായി. അത് കഴിഞ്ഞു ഫിനാലെയില്‍ കയറി. അതിലും ഫൈനല്‍ സെലക്ഷന്‍ ആയി. അത് ഒട്ടും പ്രതീക്ഷിക്കാത്ത വേറൊരു വേദിയായിരുന്നു. 25000 ആളുകള്‍ പങ്കെടുത്ത ഒരു വേദിയിലായിരുന്നു അന്നത്തെ ഫൈനല്‍.മറക്കാന്‍ പറ്റാത്ത ഒരു മോമെന്റ്റ്‌ ആണ് അത്. എനിക്ക് ഒരു പാട് എക്സ്പീരിയന്‍സുണ്ടായിരുന്നു അന്ന്. ജഡ്ജസ് ഒക്കെ ഒരു പാട് കമന്റ്സ് പറഞ്ഞു.

അതിനു ശേഷമാണ് സണ്‍ സിംഗര്‍ റിയാലിറ്റി ഷോയിലേക്ക് വരുന്നത്?

സണ്‍ സിംഗറില്‍ ജേതാവായി. രണ്ടു  റിയാലിറ്റി ഷോ പോയി കുറച്ചൊക്കെ ഒരു ഇതായിട്ടു വരുകയായിരുന്നു. അപ്പോഴാണ്‌ സണ്‍ സിംഗറിന്റെ ഇതൊക്കെ വരുന്നത്. അത് ജസ്റ്റ് ഒരു മെസ്സേജില്‍ ആണ് വന്നത്. സണ്‍ സിംഗറിന്റെ പ്രൊഡ്യൂസര്‍ ഇട്ട ഒരു മെസ്സേജ് ആണ്, സണ്‍ സിംഗര്‍ സെവന്‍ തുടങ്ങുന്നു. മോള്‍ക്ക് വരാന്‍ താത്പര്യമുണ്ടോ? ജസ്റ്റ് ഒരു മെസ്സേജ് ആണ്. അത് കണ്ടിട്ട് താത്പര്യമുണ്ട്. എവിടെയാണ് ഓഡിഷന്‍ എന്നൊക്കെ ചോദിച്ചിട്ട് നമ്മള്‍ അതിനു പ്രിപ്പയര്‍ ആയി പോയതാണ്. ഓഡിഷന്‍ ഒക്കെ സെലക്റ്റ് ആയി. അവര്‍ക്ക് വലിയ സന്തോഷമായി.

എനിക്ക് പറയാനുള്ളത് ജഡ്ജസ് വളരെ സപ്പോര്‍ട്ട് ആയിരുന്നു. മനോജ്‌ സര്‍, കൃഷ് സാര്‍, മഹതി മേം. ഇവര്‍ മൂന്നു പേരായിരുന്നു. സീ സരിഗമയില്‍ പോയതുകൊണ്ട് കുറച്ച് തമിഴ് അറിയാമായിരുന്നു.സത്യത്തില്‍ അവിടെ പോകുന്ന സമയത്ത് ഒന്നും അറിയില്ലായിരുന്നു. നമ്മള്‍ എങ്ങിനെ പറയും, എങ്ങിനെ പഠിക്കും അതൊക്കെ ഡൌട്ട് ആയിരുന്നു. അവിടെ ചെന്നിട്ടു കുറച്ച് ട്രെയിന്‍ഡ് ആയതുകൊണ്ട് സണ്‍ സിംഗറില്‍ ചെറുതായി തമിഴ് സംസാരിക്കാന്‍ കഴിഞ്ഞു. ഫസ്റ്റ് റൗണ്ടില്‍ തന്നെ സെലക്ഷന്‍ കിട്ടി. നല്ല മാര്‍ക്ക് കിട്ടി. 

സണ്‍ സിംഗറില്‍ വിജയി ആകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

സണ്‍ സിംഗര്‍ ഫിനാലെ ടൈറ്റ് കോംപറ്റീഷന്‍ ആയിരുന്നു. ആറുപേര്‍ ആയിരുന്നു ഫിനാലെയില്‍ ഉണ്ടായിരുന്നത്. അവര് എല്ലാവരും വളരെ ടഫ് ആയിരുന്ന റൌണ്ട്സ് ഒക്കെയായിരുന്നു സെലക്റ്റ് ചെയ്ത് പാടിയത്. രണ്ടു റിയാലിറ്റി ഷോയില്‍ പോയിട്ട് ഞാനൊരു ഫൈനലിസ്റ്റ് ആണ്. എനിക്ക് അതിനു പറ്റും എന്നൊക്കെ വിചാരിച്ചിരുന്നു. പക്ഷെ ഫസ്റ്റ് കിട്ടും ടൈറ്റില്‍ വിന്‍ ചെയ്യാന്‍ പറ്റും എന്നൊക്കെ പ്രതീക്ഷിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു. പിന്നെ എനിക്ക് രണ്ടു തവണ ഏക്സ്പീരിയന്‍സ് ഉള്ളത് കൊണ്ട് വലുതായിട്ട് ഒന്നും പ്രതീക്ഷിച്ചില്ല.

ഫിനാലെയില്‍ സിംഗാര വെലനെ എന്ന പാട്ടാണ് പാടിയത്. ഇതാണ് ക്ലാസിക്കല്‍ റൗണ്ടില്‍ ഫൈനലില്‍ പാടിയത്. ഫിനാലെയില്‍ മറക്കാന്‍ പറ്റാത്ത മോമെന്റ്റ്‌ എന്ന് പറയുന്നത് എല്ലാവരും മറക്കാന്‍ പറ്റാത്ത കമന്റ്സ് ഒക്കെ നല്‍കി എന്നതാണ്. അതൊക്കെ വലിയ ബ്ലെസ്സിംഗ്സ് ആയിരുന്നു. അത് ഒരു എയിറ്റ് മന്ത്സ് ആയിരുന്നു ഷോ. നീണ്ടുനിന്ന ഹാര്‍ഡ് വര്‍ക്കിന്റെ ഭാഗമായാണു വിന്‍ ചെയ്യാന്‍ പറ്റിയത്. എന്ന് ഞാന്‍ വിചാരിക്കുന്നു.

ഇളയരാജാ ഷോയിലേക്ക് സണ്‍ സിംഗര്‍ ആണോ എത്തിക്കുന്നത്?

അതെ. സണ്‍ സിംഗറില്‍ ഓര്‍ക്കസ്ട്ര കണ്ടക്റ്റ് ചെയ്തത് ഫ്ലൂട്ടിസ്റ്റ് ശശികുമാര്‍ സര്‍ ആയിരുന്നു. സര്‍ പറഞ്ഞിട്ടാണ്. ഫിനാലെ ഒക്കെ കഴിഞ്ഞിട്ട് ഒരു സെലിബ്രേഷന്‍ റൌണ്ട് ഉണ്ടായിരുന്നു. ആ സെലിബ്രേഷന്‍ റൌണ്ടില്‍ പാടി കഴിഞ്ഞിട്ട് പോകുന്ന സമയത്ത് സാര്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു രാജാ സാറിന്റെ ഒരു പ്രോഗ്രാം വരുന്നുണ്ട്. അതില്‍ ഉറപ്പായിട്ടും ഞാന്‍ റെക്കമന്‍ഡ് ചെയ്യും എന്ന് പറഞ്ഞു. ഞാന്‍ ഒരുപാട് സന്തോഷത്തോടെ തിരിച്ചു പോയി.

അത് കഴിഞ്ഞിട്ട് വണ്‍ മന്ത് അടുപ്പിച്ച് ആയപ്പോള്‍ സാര്‍ വീണ്ടും വിളിച്ചു. രാജാ സാറിനു മോളുടെ പാട്ട് കേള്‍ക്കണമെന്നു ആഗ്രഹമുണ്ട്. പെട്ടെന്ന് തന്നെ വരാന്‍ കഴിയുമോ എന്നൊക്കെ ചോദിച്ചു. ഞങ്ങള്‍ ആ സമയത്ത് തിരുവനന്തപുരത്ത് നില്‍ക്കുകയായിരുന്നു. സര്‍ വിചാരിച്ചു ഞങ്ങള്‍ ചെന്നെയില്‍ ഉണ്ടായിരിക്കുമെന്ന്..ഞങ്ങള്‍ വിശദാംശങ്ങള്‍ ചോദിച്ചു. ഒരു ദിവസം വൈകീട്ട് വിളിച്ച് നാളെ രാവിലെ സാറിനെ കാണണം എന്ന് പറഞ്ഞു. അതല്ലെങ്കില്‍ ഒരു മാസം കഴിഞ്ഞു മാത്രമേ കാണാന്‍ കഴിയൂ എന്ന് പറഞ്ഞു. അതിനാല്‍ ഒമ്പത് മണിക്ക് മുന്‍പ് വരാന്‍ കഴിയുമെങ്കില്‍ വരണമെന്ന് പറഞ്ഞു.

കുറച്ച് ടെന്‍ഷന്‍ ആയിരുന്നു. വൈകീട്ട് ഞങ്ങള്‍ തിരുവനന്തപുരത്ത് ആണുള്ളത്. പെട്ടെന്ന് എങ്ങിനെ ചെന്നൈ എത്താന്‍ കഴിയും എന്ന് ആലോചിച്ചു. രാജാ സാറിനു ഓഡിയോ അയച്ചു കൊടുത്താല്‍ മതി എന്ന് പറഞ്ഞു. രാജാ സര്‍ പറഞ്ഞിട്ട് ഓഡിയോ അയച്ചു കൊടുക്കുന്നത് എന്തോ ഒരു.. അങ്ങിനെ അയക്കണ്ടാ നേരില്‍ കാണാം എന്ന് തന്നെ കരുതി. അങ്ങിനെ ഫ്ലൈറ്റ് പിടിച്ചിട്ടാണ് രാജാ സാറിനെ കാണാന്‍ പോകുന്നത്.

പറഞ്ഞ സമയത്ത് തന്നെ സ്റ്റുഡിയോയില്‍ എത്തി.വലിയ ബ്ലെസിംഗ്സ് ആയിരുന്നു. അര മണിക്കൂര്‍ ഞങ്ങള്‍ കാത്തിരുന്നു. സര്‍ വിളിപ്പിച്ചു. ഇളയരാജ സാറിന്റെ പെഴ്സണല്‍ റൂമില്‍ പോയി. ഒരു വലിയ കസേരയില്‍ സാര്‍ ഇരിക്കുന്നു. സാറിന്റെ മാനേജരും ഉണ്ടായിരുന്നു. ഒരു സൈലന്റ് ആയിരുന്ന പ്ലെയിസ് ആയിരുന്നു. ഞാനും അമ്മയും ആണ് കയറിയത്.


സുപ്പര്‍ സ്റ്റാറില്‍ പോകുന്ന സമയത്തെ രാജാ സാറിന്റെ പാട്ടുകള്‍ പാടാറുണ്ടായിരുന്നു. അത്രയും എനിക്ക് പാട്ടുകള്‍ ഭയങ്കര ഇഷ്ടമായിരുന്നു. ഞാന്‍ ആകെ ഷോക്ക്ഡ് ആയ മാതിരി തോന്നി. ഞാന്‍ റൂമിന്റെ അകത്തേക്ക് കയറി. സാറിന്റെ ബ്ലസ്സിംഗ്സ് ഒക്കെ വാങ്ങിച്ചു. സാര്‍ ഒരു പാട്ട് പാടാന്‍ പറഞ്ഞു. ഞാന്‍ സാറിന്റെ ചിത്രാ ആന്റി പാടിയ കാറ്റോഡ് കുഴലിന്‍ എന്ന പാട്ടാണ് പാടിയത്. സാര്‍ നല്ലാരുക്ക് എന്ന് പറഞ്ഞു ചിരിച്ചു.ഒരു പാട് സന്തോഷം തോന്നി.ഞാന്‍ സാറിന്റെ ബ്ലസിംഗ്സ് വാങ്ങിച്ചിട്ട് ഞാന്‍ പുറത്തോട്ടു വന്നു. എന്നിട്ട് മാനേജര്‍ സാര്‍   വിളിക്കാം എന്ന് പറഞ്ഞു.

ചെന്നെയില്‍ വലിയമ്മയുടെ വീടുണ്ട്. വലിയമ്മയും സിംഗര്‍ ആണ്. വലിയമ്മയുടെ വീട്ടില്‍ എത്തി ഒന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രാജാ സാറിന്റെ സ്റ്റുഡിയോയില്‍ നിന്ന് കോള്‍ വന്നു. സാറിന്റെ മാനേജര്‍ ആയിരുന്നു. ജൂണ്‍ രണ്ടാം തീയതി പ്രോഗ്രാമുണ്ട്. രാജാ സാറിന്റെ പിറന്നാള്‍ ആണ്. 76 ആം പിറന്നാള്‍ സെലിബ്രേഷന്‍ ആണ്. ചെന്നെയില്‍ രാജാ സാറിന്റെ പ്രോഗ്രാമുണ്ട്. അതിനു മോള്‍ക്ക് വരാന്‍ കഴിയുമോ എന്നാണ് ചോദിച്ചത്. ഞാന്‍ ഷോക്ക്ഡ് ആയി. പ്രോഗ്രാമിന് വിളിക്കും എന്നൊന്നും കരുതിയിരുന്നില്ല. സന്തോഷത്തോടെയാണ് തിരിച്ചു തിരുവനന്തപുരത്ത് വന്നത്. എല്ലാവരോടും ഈ കാര്യം എല്ലാം പറഞ്ഞു.

ജൂണ്‍ ഫസ്റ്റ് ആയപ്പോള്‍ ചെന്നെയില്‍ എത്തി. പ്രാക്ടീസ് ഒക്കെ നന്നായിട്ട് പോയി. സ്റ്റേജ് എന്നൊക്കെ പറഞ്ഞാല്‍ നൂറിലധികം ഓര്‍ക്കസ്ട്രയുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളുടെ മുന്നിലാണ് ഞാന്‍ പാടിയത്. പിന്നെ കുറെ സിംഗേഴ്സ് ഉണ്ടായിരുന്നു. എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഉഷാ ഉതുപ്പ് മാം, യേശുദാസ്‌ സാര്‍, എസ്പിബി സാര്‍ തുടങ്ങി വലിയ ലജന്‍സിന്റെ കൂടെ എനിക്ക് ഒരു പാട്ട് പാടാന്‍ കഴിയുന്നത് ഒരു വലിയ കാര്യമാണ്. ഞാന്‍ പാടി ഒരുപാട് സന്തോഷമുണ്ട്. രാജാ സാറിന്റെ അഴകുമലരാടാം എന്ന പാട്ടാണ് പാടിയത്. വലിയ കയ്യടികള്‍ കിട്ടി. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയായിരുന്നു അത്.

വേറൊരു സംഭവം കൂടി നടന്നു. സ്റ്റേജില്‍ കയറിയപ്പോള്‍ നൊട്ടേഷന്‍ ബുക്ക്‌ വയ്ക്കുന്ന ബുക്ക് സ്റ്റാന്‍ഡ് കണ്ടില്ല. രാജാ സാര്‍ സാറിന്റെ സ്റ്റാന്റ് എടുത്ത് വച്ചു തന്നു. എനിക്ക് അത് വലിയ മോമെന്റ്റ്‌ ആയി മാറി. സാറിന്റെ നൊട്ടേഷന്‍ സ്റ്റാന്റ് എടുത്ത് എനിക്ക് തരുക എന്നൊക്കെ പറഞ്ഞപ്പോള്‍ അത് വലിയ കാര്യമാണ്. ആളുകള്‍ കയ്യടിച്ചു. സാറും കയ്യടിച്ചു. അതും വലിയ അംഗീകാരമായി. സര്‍ എല്ലാവരുടെ അടുത്തും കയ്യടിക്കാന്‍ പറയുകകൂടി ചെയ്തു. അത്രയും വലിയ മോമെന്റ്റ്‌ ആയിരുന്നു രാജാ സാറിന്റെ ബെര്‍ത്ത്‌ഡേ സെലിബ്രെഷനില്‍ പാടിയ അനുഭവം.

അതിനു ശേഷം വീണ്ടും രാജാ സാറിന്റെ പ്രോഗ്രാമില്‍ പാടി?

കോയമ്പത്തൂര്‍ ആയിരുന്നു രാജാ സാറിന്റെ അടുത്ത സ്റ്റേജ് പ്രോഗ്രാം. അതിലും പാടി. വീണ്ടും സ്റ്റേജ് ഷോയിലേക്ക് വിളിച്ചപ്പോള്‍ അതും വലിയ സന്തോഷമായി. അന്നും എനിക്ക് പാടാന്‍ കഴിഞ്ഞു.

പിന്നണി പാടിയ ആദ്യ ഗാനം ഇതായിരുന്നു?

കന്നഡ സിനിമാ ഗാനം ആണത്. എം.എ.മുഹമ്മദ്‌ സാര്‍ സംവിധാനം ചെയ്ത വിജയ്‌ പ്രകാശ്‌ സാറുമായുള്ള ഒരു ഡ്യുയറ്റ് ആയിരുന്നു. ധൈര്യം എന്ന് പറഞ്ഞ സിനിമയിലാണ് പാടിയത്. ഒരിക്കലും പ്രതീക്ഷിച്ചതല്ല അങ്ങിനെ ഒരു അവസരം ലഭിക്കുമെന്ന്. അത് വളരെ നന്നായി പാടാന്‍ കഴിഞ്ഞു. അത് റിലീസായി.

മലയാളം സിനിമയില്‍ പിന്നണി പാടി?

കന്നഡ സിനിമയ്ക്ക് ശേഷമാണ് ശ്രേയാ ജയദീപിന്റെ കൂടെ പിന്നണി പാടി. അത് ഡ്യുയറ്റ് ആയിരുന്നു. അത് കഴിഞ്ഞിട്ട് മരണം ദുര്‍ബലം എന്ന സിനിമയില്‍ പാടി. അത് റിലീസ് ആകാന്‍ പോകുന്നതെയുള്ളൂ. അത് എന്റെ പപ്പ ബെന്‍സണ്‍ തന്നെയാണ് സംഗീത സംവിധാനം. അതും വലിയ സന്തോഷമാണ്. പരമാത്മാ പൊരുളെ എന്ന് തുടങ്ങുന്ന ഗാനമാണത്. അതിനു ശേഷം വിശാല്‍ ചന്ദ്രശേഖര്‍ സാറുടെ തമിഴ് മൂവിയില്‍ ആയിരുന്നു പാടിയത്. അതും റിലീസ് ആകാന്‍ പോകുന്നതെയുള്ളൂ. ഞാനും സണ്‍ സിംഗറില്‍ എന്റെ കൂടെയുണ്ടായിരുന്ന രണ്ടു കണ്ടസ്റ്റന്റ്സ് കൂടി ചേര്‍ന്നാണ് പാടിയത്. ഒരു വലിയ ഗ്രൂപ്പ് ആയിട്ടാണ് പാടിയത്. അതിലും സോളോ ആയി പാടാന്‍ അവസരം കിട്ടി. ഇനിയും തമിഴില്‍ അവസരം വന്നിട്ടുണ്ട്.

സ്കൂളില്‍ നിന്നുള്ള പിന്തുണയൊക്കെ എങ്ങിനെ?

ഞാന്‍ കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ എഴാം ക്ലാസിലാണ് പഠിക്കുന്നത്. സ്കൂള്‍ അധികൃതരില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. പ്രിന്‍സിപ്പലും ടീച്ചേഴ്സും ഒക്കെ വലിയ പിന്തുണ നല്‍കുന്നു. സുഹൃത്തുക്കളില്‍ നിന്നുള്ള പിന്തുണ വേറെയും ലഭിക്കുന്നു.

എന്താണ് ആഗ്രഹം?

പിന്നണി ഗായിക ആകാനാണ് ആഗ്രഹം. പ്ലേ ബാക്ക് സിംഗര്‍ തന്നെ ആകണം. ഒരു ഡോക്ടര്‍ ആകണം എന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ പ്ലേ ബാക്ക് സിംഗര്‍ ആകണം എന്ന് തന്നെയാണ് ആഗ്രഹം.

Read more topics: # ann benson,# interview
ann benson interview

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES