തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് ടൊവിനോ തോമസ്. കമലിന്റെ ആമി എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം തുടങ്ങിയ ടൊവിനോയ്ക്ക് രണ്ട് ഹിറ്റ് ചിത്രങ്ങള്‍ ഈ വര്‍ഷം ലഭിച്ചിരുന്നു. വിഷ്ണു നാരായണന്‍ സംവിധാനം ചെയ്ത മറഡോണ എന്ന ചിത്രമായിരുന്നു ഇതില്‍ ആദ്യത്തേത്. പ്രമേയംകൊണ്ടും ടൊവിനോയുടെ പ്രകടനം കൊണ്ടും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലായിരുന്നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. മറഡോണയ്ക്ക് പിന്നാലെ തീവണ്ടിയും ഹിറ്റായതോടെ മലയാളത്തിലെ തിരക്കേറിയ നായകന്‍മാരില്‍ ഒരാളായിരിക്കുകയാണ് ടൊവിനോ തോമസ്. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെ ടൊവിനോയുടെ പുതിയൊരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്.
നടനായും തിരക്കഥാകൃത്തായും മലയാളത്തില്‍ തിളങ്ങിയിട്ടുളള ആളാണ് പി ബാലചന്ദ്രന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കമ്മട്ടിപ്പാടം എന്ന ചിത്രം അദ്ദേഹത്തിന്റെ എഴുത്തില്‍ ഒരുങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. കമ്മട്ടിപ്പാടത്തിനു ശേഷം പി ബാലചന്ദ്രന്‍ തിരക്കഥയെഴുതുന്ന ചിത്രത്തിലാണ് ടൊവിനോ നായകനായി എത്തുന്നത്. റൂബി ഫിലിംസിന്റെ ബാനറില്‍ ജയന്ത് മാമനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പവിത്രം, അഗ്‌നിദേവന്‍,ഉളളടക്കം തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ആളാണ് പി ബാലചന്ദ്രന്‍.നിലവില്‍ കരാറൊപ്പിട്ട ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും ഈ സിനിമയുമായി ടൊവിനോ മുന്നോട്ടുപോവുക. അഞ്ച് ചിത്രങ്ങള്‍ക്കടുത്ത് ടൊവിനോ കരാറൊപ്പിട്ട് കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
പത്തേമാരി,ആദാമിന്റെ മകന്‍ അബു തുടങ്ങിയ ചിത്രങ്ങളൊരുക്കിയ സലീം അഹമ്മദിന്റെ പുതിയ സിനിമയിലും ടൊവിനോ തന്നെയാണ് നായകവേഷത്തില്‍ എത്തുന്നത്. ആന്‍ഡ് ദ ഓസ്‌ക്കാര്‍ ഗോസ് ടു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നിലവില്‍ സലീം അഹമ്മദ് ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കാനഡയിലാണ് ടൊവിനോയുളളത്. ഈ ചിത്രത്തിനു പുറമെ പൃഥ്വിരാജ് സുകുമാരന്റെ ലൂസിഫറിലും ടൊവിനോ അഭിനയിക്കുന്നുണ്ട്.കല്‍ക്കിയെന്ന എന്ന ചിത്രം അടുത്തിടെയായിരുന്നു ടൊവിനോയുടെതായി പ്രഖ്യാപിച്ചിരുന്നത്. ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന ചിത്രം നവാഗതനായ പ്രവീണ്‍ പ്രഭരമാണ് സംവിധാനം ചെയ്യുന്നത്. ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ടൊവിനോയുടെ ആരാധകരില്‍ ആവേശം നിറച്ചിരുന്നു. കല്‍ക്കിയ്ക്കു പുറമെ ലൂക്ക എന്ന ചിത്രവും ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയാണ്. നവാഗതനായ അരുണ്‍ ബോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഹാന കൃഷ്ണകുമാറാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികാ വേഷത്തിലെത്തുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ടസ് പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.