ഭൂമിയിലെ ഒരു കന്യകയെ പ്രണയിക്കുന്ന ഗന്ധർവ്വന്റെ കഥ പറയുന്ന ചിത്രമാണ് ഞാൻ ഗന്ധര്‍വ്വന്‍. മലയാളികൾക്ക് ഇടയിൽ ഏറെ ഓളം ഉണ്ടാക്കിയ ചിത്രം ഏറെ വർഷങ്ങൾ കഴിഞ്ഞിട്ടും പെട്ടന്നൊന്നും തന്നെ ആരാധകർ മറന്നിട്ടുമില്ല. എന്നാൽ ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് അടുത്തിടെ വ്യാപകമായി ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു. പി. പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ചിത്രത്തിൽ നായകനായി വേഷമിട്ടിരിക്കുന്നത് നിതീഷ് ഭരദ്വാജ് ആണ്. നായികയായി എത്തിയത് സുപര്‍ണ്ണയാണ്. എന്നാൽ ഇപ്പോൾചിത്രത്തിന്റെ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ സിനിമാസ്വാദകരുടെ ഗ്രൂപ്പില്‍ ഞാന്‍ ഗന്ധര്‍വ്വനെ കുറിച്ചും പത്മരാജനെ കുറിച്ചുമെഴുതിയ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
പി. പത്മരാജന്റെ പൂജപ്പുരയിലെ വീട്ടിലേക്ക് കയറുന്നതിന്റെ വലത്ത് ഭാഗത്ത് അന്ന് തലപ്പൊക്കം കൂടിയ ഒരു ചെമ്പകം പൂത്തുലഞ്ഞു നിന്നിരുന്നു. പൂവിന്റെയും ചുവട്ടില്‍ ഉണങ്ങിയ ദളങ്ങളുടെയും മദിപ്പിക്കുന്ന സുഗന്ധം അനുഭവിച്ച് വേണമായിരുന്നു വീടിനുള്ളിലേക്ക് കയറാന്‍. സ്വീകരണമുറിയില്‍ അദ്ദേഹത്തിന്റെ ഫോട്ടോക്ക് താഴെ താലത്തിലും ചെമ്പക പൂക്കളുണ്ടായിരുന്നു. അവിടെ, ഭിത്തി അലമാരയുടെ മുകള്‍ത്തട്ടിലായിരുന്നു ഗന്ധര്‍വ്വന്റെ തടിയില്‍ തീര്‍ത്ത ശില്‍പ്പത്തിന്റെ സ്ഥാനം.
'ഞാന്‍ ഗന്ധര്‍വ്വ'നില്‍ കടല്‍ തീരത്ത് തിരക്കൊപ്പം തെന്നിമാറി, ഭാമക്കൊപ്പം ഓടിക്കളിച്ച് ഒടുവില്‍ അവരുടെ വെണ്ണ പോലുള്ള കാല്‍ വണ്ണയില്‍ വന്നൊട്ടിയ അതേ ഗന്ധര്‍വ്വശില്‍പ്പം. ആഗ്രഹം കൊണ്ട് ആവശ്യപ്പെട്ടപ്പോള്‍ പത്മരാജന്‍ സാറിന്റെ ഭാര്യ രാധാലക്ഷ്മി ചേച്ചി ശില്‍പ്പം എടുത്ത് ജനലിനരികില്‍ വച്ചു തന്നു. തൊടാന്‍ മോഹം തോന്നി. പക്ഷെ, തൊട്ടില്ല. അങ്ങനെ ഭ്രമിപ്പിക്കുന്ന ഒരു വികാരം ആ ശില്‍പ്പത്തിനോട് പോലും തോന്നിപ്പിച്ചത് സിനിമ നല്‍കിയ ഫാന്റസിയല്ലാതെ മറ്റൊന്നുമല്ല.
മലയാള സിനിമ അതിനപ്പുറവും ഇപ്പുറവും അനുഭവിപ്പിക്കാത്ത ഗന്ധര്‍വ്വ സങ്കല്‍പ്പം. വരയിലൂടെ ഗന്ധര്‍വ്വന് ആദ്യരൂപം നല്‍കിയത് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ്. തീക്ഷ്ണമായ തടി ശില്‍പ്പം കൊത്തിയതും നമ്പൂതിരി തന്നെ നെറ്റിയില്‍ തിളങ്ങുന്ന കിരീടമുള്ള ഗന്ധര്‍വ്വന്‍. ഷാജി സര്‍ (ഷാജി എന്‍. കരുണ്‍) ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ കുറിച്ച് ചെയ്ത 'നേര് വര' എന്ന ഡോക്യുമെന്ററിയില്‍ സംവിധാന സഹായിയായിരിക്കെ ഷൂട്ടിന്റെ ഒരിടവേളയില്‍ ഗന്ധര്‍വ്വനെ വരച്ചതിനെ കുറിച്ച് ചോദിച്ചിരുന്നു.
പത്മരാജനും ഗന്ധര്‍വ്വനും ചേര്‍ന്ന സംസാരം ദീര്‍ഘ നേരം നീണ്ടു. ഞാന്‍ ഗന്ധര്‍വ്വനില്‍ പ്രത്യേക വേഷവിധാനം ടൈറ്റിലില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ പേര് കാണാം. ലോക്ക് ഡൗണിനിടെ പത്മരാജന്‍ സിനിമകളും കണ്ടു. എത്ര വട്ടം കണ്ടെന്ന് കണക്കില്ലാത്ത കള്ളന്‍ പവിത്രന്‍, തണുത്ത വെളുപ്പാന്‍ കാലത്ത്, പെരുവഴിയമ്പലം എന്തിന് അമ്യതേത്ത് ചെറുകഥയില്‍ നിന്നും അജഗജാന്തരമുള്ള സത്രത്തില്‍ ഒരു രാത്രി വരെ. തൂവാനതുമ്പികളെക്കാള്‍ ഇഷ്ടം അദ്ദേഹത്തിന്റെ ഉദകപ്പോള നോവലാണ്. മഞ്ഞുകാലം നോറ്റ കുതിരയും, പ്രതിമയും രാജകുമാരിയും ആരിലൂടെയെങ്കിലും സിനിമയായി കാണാന്‍ ആഗ്രഹം.
അദ്ദേഹത്തിന്റെ വീടിന്റെ ഗേറ്റിനപ്പുറം കടന്നാല്‍ നീളമേറിയ മതിലില്‍ പറ്റിപിടിച്ച് പടരുന്ന പച്ചപ്പിനെതിരെ നിന്നിരുന്ന ചെമ്പക മരം പിന്നീടൊരിക്കല്‍ പോയപ്പോള്‍ ഇല്ലായിരുന്നു. പത്മരാജന്‍ സര്‍ നട്ട ചെമ്പകമായിരുന്നു അത്. നട്ട് നനച്ച് കാലമേറെ കഴിഞ്ഞിട്ടും പൂക്കാത്ത ചെമ്പകത്തിന്റെ ചോട്ടില്‍ നിന്ന് ഇത് വെട്ടിയാലോ എന്ന് അദ്ദേഹം ചോദിച്ചു. കുറച്ച് നാളുകള്‍ക്ക് ശേഷം ചെമ്പകം പൂത്തുവെന്നും ചേച്ചി അത്ഭുതത്തോടെ പറഞ്ഞിരുന്നു. എന്തൊരു മനുഷ്യനായിരുന്നു പത്മരാജന്‍. ആരും പറയാത്ത കഥകള്‍, അതിന്റെ അത്ഭുതകരമായ ആഖ്യാനശൈലി അതും തികച്ചും മൗലികമായത്. ഇന്നും വിസ്മയിപ്പിക്കുന്ന ഒരേ ഒരാള്‍.