സാധാരണക്കാരുടെ പെണ്‍മക്കളുടെ കല്യാണം തന്നെ സ്വര്‍ണത്തില്‍ മൂടുന്ന ഈ കാലത്ത് ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ക്രിക്കറ്റ് താരം സഞ്ജുവിന്റെയും പ്രണയിനി ചാരുലതയുടെയും വിവാഹമാണ്. ഇന്ന് വിവാഹിതരായ സഞ്ജുവിന്റെയും ചാരുലതയുടെയും കല്യാണം അത്രമേല്‍ ലാളിത്യം നിറഞ്ഞതായിരുന്നു. മുന്‍നിര ക്രിക്കറ്ററായി വളരുന്ന സഞ്ജു പ്രണയിച്ച് വിവാഹം കഴിച്ചത് മാതൃഭൂമിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെയും എല്‍ ഐസിയിലെ ഉദ്യോഗസ്ഥയുടെയും മകളായ ചാരുലതയെയാണ്. എന്നിട്ട് പോലും വധു അണിഞ്ഞത് രണ്ടേ രണ്ടു മാല മാത്രമാണെന്നതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് സഞ്ജുവും ചാരുലതയും ഇന്ന് ഒന്നായി മാറിയത്. കോവളത്തെ ഹോട്ടലില്‍ വളരെ ലളിതമായിട്ടാണ് കല്യാണം നടന്നത്. മതപരമായ ചടങ്ങെല്ലാം ഒഴിവാക്കി സിമ്പിള്‍ താലികെട്ട്. എത്തിയത് അടുത്ത ബന്ധുക്കള്‍ മാത്രമാണ്. രഞ്ജി ട്രോഫി മത്സരത്തിന്റെ ഇടവേളയിലാണ് സഞ്ജു മിന്നുകെട്ടിനെത്തിയത്. റോസ് കളര്‍സാരിക്കൊപ്പം സ്വര്‍ണം വാരിയണിയാതെ പച്ച നിറത്തിലുള്ള മാലയും നെക്ലസുമണിഞ്ഞാണ് ചാരുലത വധുവായി ഒരുങ്ങിയത്. ഇരുകൈകളിലും ഓരോ വളകള്‍ മാത്രം. സഞ്ജുവിനാകട്ടെ സില്‍ക്ക് ജൂബയ്‌ക്കൊപ്പം ആഡംബരമെന്ന് പറയാനുള്ളത് ഒരു വാച്ച് മാത്രമായിരുന്നു. ഇതുകൊണ്ട് തന്നെ ഇവരുടെ വിവാഹചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുകയാണ്. പ്രശസ്തിയുടെയും പണത്തിന്റെയും മുകളില്‍ നില്‍ക്കുമ്പോള്‍ സഞ്ജുവിന് എങ്ങനെ സിംപിളാകാന്‍ കഴിയുന്നുവെന്നാണ് ആരാധകരുടെ ചോദ്യം.
സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 24 വയസില്‍ കല്യാണം കഴിച്ചത് തിടുക്കപ്പെട്ട് ആയില്ലെ എന്ന സ്ഥിരം ചോദ്യത്തിന് സഞ്ജുവിന് മറുപടിയുമുണ്ട്. വര്‍ഷമായി പ്രണയിക്കുന്നുണ്ടെങ്കിലും സഞ്ജുവിന്റെ സെലിബ്രിറ്റി ലൈഫ് കാരണം ഇരുവര്‍ക്കും ശരിക്കൊന്ന് കാണാനോ സംസാരിക്കാനോ സാധിച്ചിരുന്നില്ല. ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള യാത്രകള്‍ക്ക് സഹതാരങ്ങള്‍ പങ്കാളിയുമായി വരുമ്പോള്‍ താന്‍ എപ്പോഴും ഒറ്റയ്ക്കായിരുന്നു. അതുകൊണ്ടാണ് കല്യാണം പെട്ടെന്ന് നടത്തിയതെന്ന് സഞ്ജു പറയുന്നു.
വൈകിട്ട് നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ സുഹൃത്തുക്കള്‍ക്കും സഹതാരങ്ങള്‍ക്കും വിരുന്ന് ഒരുക്കിയിട്ടുണ്ട്. മാര്‍ ഇവാനിയോസ് കോളജില്‍ സഞ്ജുവിന്റെ സഹപാഠി കൂടിയായിരുന്നു ചാരുലത. ഡല്‍ഹി പൊലീസിലെ മുന്‍ ഫുട്‌ബോള്‍ താരം കൂടിയായിരുന്ന സാംസണ്‍ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണു ചാരുലത. വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതു കൊണ്ടു തന്നെ വിവാഹത്തോട് വീട്ടുകാര്‍ എന്ത് നിലപാട് എടുക്കുമെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ ചാരുവിന്റെ വീട്ടിലും പരിപൂര്‍ണ്ണ സമ്മതമായിരുന്നു. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയുള്ള വിവാഹത്തിന് വീട്ടുകാരും സമ്മതം മൂളി. ഇതോടെയാണ് കോവളത്തെ ഹോട്ടലില്‍ ഇന്ന് കല്യാണചടങ്ങ് ഒരുങ്ങിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രമഖുരെല്ലാം സഞ്ജുവിന്റെ സുഹൃത്തുക്കളാണ്. രഹാന അടക്കമുള്ളവര്‍ രാജസ്ഥാന്‍ റോയല്‍സിലെ സഹതാരങ്ങളാണ്. എല്ലാവര്‍ക്കും വിവാഹ സത്കാരത്തിന് ക്ഷണമുണ്ട്. എന്നാല്‍ കളിക്കാരെല്ലാം രഞ്ജി ട്രോഫിയുടേയും മറ്റും തിരക്കിലാണ്. ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലും. അതുകൊണ്ട് തന്നെ സത്കാരത്തിന് വന്‍ താരങ്ങളാരും എത്തില്ല. അപ്പോഴും ആശിര്‍വദിക്കാന്‍ പ്രിയ പരിശീലകനായ മുന്‍ ഇന്ത്യന്‍ ടീം നായകന്‍ രാഹുല്‍ ദ്രാവിഡ് എത്തുമെന്നാണ് സഞ്ജുവിന്റെ പ്രതീക്ഷ. രാഹുല്‍ തന്നെയാകും വിവാഹ സത്കാരത്തിലെ മുഖ്യ ആകര്‍ഷണവും. അതുകൊണ്ട് തന്നെ വന്‍ സുരക്ഷയ്ക്ക് നടുവിലാകും സഞ്ജുവിന്റെ വിവാഹ സത്കാരം. മുഖ്യമന്ത്രി അടക്കമുള്ളവര്‍ എത്തുമെന്നാണ് പ്രതീക്ഷ.