കൊച്ചി: അന്താരാഷ്ട്ര പ്രശസ്തി നേടിയ മൂത്തോനിലെ അഭിനയത്തിന് ഏറെ പ്രശംസ നേടിയ താരമാണ് നവാഗതനായ റോഷന്‍ മാത്യു. കുറച്ചു ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളത്തിലെ എണ്ണം പറഞ്ഞ നടനായി അയാള്‍ മാറിയിട്ടുണ്ടേല്‍ തീര്‍ച്ചയായും അതിനു കാരണങ്ങളില്‍ ഒന്ന് 'മൂത്തോനില്‍' റോഷന്‍ അവതരിപ്പിച്ച മൂക കഥാപാത്രം അമീറാണ്. അമീറിലൂടെയാണ് റോഷന്‍ മാത്യു അനുരാഗ് കശ്യപിന്റെ പുതിയ ഹിന്ദി ചലച്ചിത്രത്തിലേക്ക് എത്തുന്നത്. 'ചോക്കേഡ്' കഴിഞ്ഞ മാസം നെറ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഒരു പക്ഷേ മലയാളത്തില്‍ നിന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇത്തരം ഒരു അവസരം ലഭിക്കുന്ന ആദ്യ നടനാകും റോഷന്‍.
നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്റെ ആദ്യ മലയാള ചലച്ചിത്രമാണ് ടൊറോന്റോ ചലച്ചിത്ര മേളയിലടക്കം നല്ല അഭിപ്രായങ്ങള്‍ നേടിയ മൂത്തോന്‍ . തീയേറ്ററിലും സിനിമ വലിയ വിജയമായിരുന്നു. അനുരാഗ് കാശ്യപാണ് മൂത്തോനില്‍ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ഈ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഈ സിനിമയില്‍ അഭിനയം കണ്ടാണ് കശ്യപ് റോഷന്‍ മാത്യുവിനെ പുതിയ ഹിന്ദി ചലച്ചിത്രത്തിലേക്കു കഴിഞ്ഞ വര്‍ഷം ക്ഷണിച്ചത്.
സംവിധായിക ഗീതു മോഹന്‍ദാസ് തന്ന ആത്മവിശ്വാസമാണ് അമീറിന്റെ വേഷം അസാധാരണമായി അവതരിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് 'മൂത്തോന്‍ പുറത്തിറങ്ങിയ സമയത്തെ ഒരു അഭിമുഖത്തില്‍ റോഷന്‍ പറഞ്ഞത്. ഈ വേഷം ചെയ്യുന്നതിനായി തിരുവനന്തപുരത്ത് നിന്നുള്ള ആംഗ്യഭാഷാ പരിശീലകനായ ബാബുവിന്റെയും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളായ ഷംനാദിന്റെയും സന്തോഷിന്റെയും സഹായം തേടിയിരുന്നു. പ്രശസ്ത ആക്ടിങ് കോച്ച് അതുല്‍ മോംഗിയയും റോഷനെ സഹായിച്ചു. 20 മിനുറ്റില്‍ താഴെ മാത്രം സിനിമയില്‍ വരുന്ന കഥാപാത്രമാണ് അമിര്‍. റോഷന്‍ മാത്യു എന്ന നടന്റെ ആഴവും കഴിവും വെളിവാക്കിയ കഥാപാത്രം കൂടിയാണ് അത്.
ഈ ജൂലൈ 26 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് സീ കേരളം ചാനലില്‍ മൂത്തോന്റെ ലോകടെലിവിഷന്‍ പ്രീമിയര്‍ ഒരുക്കിയിരിക്കുകയാണ്. സിനിമയില്‍ മഹത്തായ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ നടന്‍ നിവിന്‍ പോളിയോടുള്ള ആദരമായിട്ടാണ് സീ കേരളം 'മൂത്തോന്‍' സംപ്രേഷണം ചെയ്യുന്നത്.