നിരവധി സിനിമാ സീരിയല്‍ കഥാപാത്രങ്ങളിലൂടെ നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങിനിന്നിരുന്ന നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു. ഏതാനും മാസങ്ങളായി കരള്‍ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. നടന്‍ കിഷോര്‍ സത്യയാണ് വിഷ്ണു പ്രസാദിന്റെ വേര്‍പാട് ആദ്യം പങ്കുവച്ചത്. പ്രിയപ്പെട്ടവരെ.. ഒരു സങ്കട വാര്‍ത്ത.. വിഷ്ണു പ്രസാദ് അന്തരിച്ചു.. കുറച്ചു നാളുകളായി രോഗബാധിതനായി ചികിത്സയില്‍ ആയിരുന്നു. ആദരാഞ്ജലികള്‍.. അദ്ദേഹത്തിന്റെ അകാലവിയോഗം നേരിടാന്‍ കുടുംബത്തിന് ശക്തിയുണ്ടാവട്ടേ എന്നു പ്രാര്‍ത്ഥിക്കുന്നുവെന്നാണ് കിഷോര്‍ സത്യ കുറിച്ചത്. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ കിഷോര്‍ സത്യയുടെ നേതൃത്വത്തില്‍ വിഷ്ണു പ്രസാദിന് കരള്‍ മാറ്റിവെയ്ക്കുന്നതിനുള്ള പണം സ്വരൂപിച്ചു വരികയായിരുന്നു. അതിനിടെയാണ് അകാലവിയോഗം സംഭവിച്ചത്.
ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട് വിഷ്ണു പ്രസാദിന്. മൂത്തമകള്‍ അഭിരാമി കരള്‍ നല്‍കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 30 ലക്ഷത്തോളം രൂപ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു കുടുംബവും അടുത്ത സുഹൃത്തുക്കളും. ഇപ്പോള്‍ നിരവധി പേരാണ് അദ്ദേഹത്തിന്‍െ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നത്. ചികിത്സാ സഹായമായി 'ആത്മ' സംഘടന അടിയന്തിര സഹായമായി ഒരു തുക നല്‍കിയെങ്കിലും കരള്‍ മാറ്റിവയ്ക്കാനുള്ള ഭീമമായ തുക കണ്ടെത്താന്‍ കിഷോര്‍ സത്യയുടേയും മോഹന്‍ അയിരൂരിന്റെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നു വരികയായിരുന്നു.
ഏറെ വര്‍ഷങ്ങളായി സിനിമകളിലും സീരിയലുകളിലും എല്ലാമായി തിളങ്ങി നില്‍ക്കുന്ന നടനായിരുന്നു വിഷ്ണു പ്രസാദ്. നായകനായും വില്ലനായും സഹ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള വിഷ്ണു പ്രസാദിന് ലഭിച്ച കഥപാത്രങ്ങളെല്ലാം മികച്ചതാക്കുവാനും സാധിച്ചിരുന്നു. കൊച്ചിയിലെ ആംസ്റ്റര്‍ മെഡിസിറ്റിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഭാര്യയും രണ്ടു പെണ്‍മക്കളും സഹോദരിയുമൊക്കെ അദ്ദേഹം തിരിച്ചുവരാനുള്ള നിരന്തര പരിശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. ഇതോടെയാണ് സിനിമാ സീരിയല്‍ സുഹൃത്തുക്കള്‍ വഴി പണം സ്വരൂപിച്ചു തുടങ്ങിയിരിക്കുന്നത്. അതിന്റെ വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് നടന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നത്.
പ്രശസ്തമായ നിരവധി സീരിയലുകളിലൂടെ ശ്രദ്ധ നേടിയ വിഷ്ണുവിന്റെ മരണം ഞെട്ടലോടെയാണ് ആരാധരും അറിയുന്നത്. കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. സീരിയല്‍ രംഗത്ത് സജീവമായിരുന്നു. നടന്റെ ഏറെ പ്രശസ്തമായ കഥാപാത്രങ്ങളാണ് ഇപ്പോള്‍ പ്രേക്ഷക മനസുകളിലേക്ക് എത്തുന്നതും. രാക്കുയില്‍ സീരിയലിലെ കാരാളി ചന്ദ്രനും എന്റെ മാതാവിലെ ജോണ്‍സണും കനല്‍പ്പൂവിലെ ചെട്ടിയാരുമെല്ലാം തൊട്ടതെല്ലാം പൊന്നാക്കുന്ന നടന്റെ അഭിനയ മികവിന്റെ ഉദാഹരണങ്ങളാണ്.
സുംബാ ഇന്‍സ്ട്രക്ടറും ഫിറ്റനെസ് ട്രെയിനും ഫാഷന്‍ ഡിസൈനറും ക്ലാസിക്കല്‍ ഡാന്‍സറുമൊക്കെയായ കവിതയാണ് വിഷ്ണുവിന്റെ ഭാര്യ. സ്വകാര്യ ജീവിതത്തിനപ്പുറം സ്വന്തം കരിയറിനും പ്രധാന്യം നല്‍കി മുന്നോട്ടു പോകുന്ന കവിതയ്ക്കും വിഷ്ണുവിനും രണ്ടു പെണ്‍മക്കളാണുള്ളത്. അഭിരാമിയും അനാമികയുമാണ് മക്കള്‍.