42-ാം വയസിലാണ് ഗുരുതര കരള്‍ രോഗം ബാധിച്ച് നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചത്. ഇത്ര ചെറുപ്രായത്തില്‍ കരള്‍രോഗം വന്ന് നടന്‍ മരണത്തിനു കീഴടങ്ങിയതിന്റെ യഥാര്‍ത്ഥ കാരണത്തെ കുറിച്ച് സൂചനകള്‍ നല്‍കിയാണ് നടി ബീനാ ആന്റണി എത്തിയിരിക്കുന്നത്. നടിയുടെ കുറിപ്പ് ഇങ്ങനെയാണ്: ഈ ചെറിയ പ്രായത്തില്‍ ജീവിതം കൈവിട്ടുകളഞ്ഞ പ്രിയ സഹോദരന്‍.. ഗോകുലം സീരിയലില്‍ എന്റെ അനിയനായി അഭിനയിച്ച അന്നു മുതലുള്ള സൗഹൃദം.. ഒരുപാടു തവണ നേരില്‍ തന്നെ പറഞ്ഞിട്ടുണ്ട്.. ജീവിതം കൈവിട്ടു കളയല്ലേ എന്ന്.. ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല.. എല്ലാം അവസാനിച്ചു.. പ്രിയ സഹോദരനു വിട.. നിത്യശാന്തി ലഭിക്കട്ടേയെന്നാണ് ബീനാ ആന്റണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ജീവിതം കൈവിടാന്‍ തീരുമാനിച്ചാല്‍ പിന്നെ പറഞ്ഞിട്ട് എന്താണ്.. ആര്‍ഐപി തുടങ്ങിയ കമന്റുകളും വന്നിട്ടുണ്ട്.
നടിയുടെ പോസ്റ്റിനു പിന്നാലെ ഇത്ര ചെറുപ്രായത്തില്‍ നടന് ജീവന്‍ നഷ്ടമാകാന്‍ കാരണം അമിത മദ്യപാനമാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സിനിമാ സീരിയല്‍ നടനായ ദിലീപിന്റെ മരണ വാര്‍ത്ത എത്തിയത് ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ഹോട്ടല്‍ മുറിയില്‍ ഉപയോഗിച്ചു തീര്‍ത്ത മദ്യക്കുപ്പികള്‍ക്കു നടുവിലായിരുന്നു അദ്ദേഹം മരിച്ചു കിടന്നത്. കരള്‍ രോഗം അടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് മദ്യം കഴിക്കരുതെന്ന് കര്‍ശന വിലക്കുണ്ടായിരുന്നിട്ടും അതു ലംഘിച്ചുള്ള ദിലീപിന്റെ മദ്യപാനമാണ് ഒടുക്കം ജീവനെടുത്തത്. അതിനു പിന്നാലെയാണ് നടന്‍ വിഷ്ണു പ്രസാദും കരള്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. 42-ാം വയസില്‍ കരള്‍ മാറ്റിവയ്‌ക്കേണ്ട അവസ്ഥയിലേക്ക് വിഷ്ണു പ്രസാദ് എത്തിയതിനു പിന്നിലും അമിത മദ്യപാനമാണെന്ന് വ്യക്തമായി കഴിഞ്ഞു. സുഹൃത്തുക്കളും വീട്ടുകാരും അടക്കമുള്ള പലരും മദ്യപാനം പാടില്ലെന്നും കര്‍ശനമായി തന്നെ നിയന്ത്രിക്കണമെന്ന് പലപ്പോഴും നിര്‍ദ്ദേശിക്കുകയും ഉപദേശിക്കുകയും ഒക്കെ ചെയ്തിരുന്നെങ്കിലും അതൊന്നും കൈക്കൊണ്ടിരുന്നില്ല വിഷ്ണു പ്രസാദ്.
ദിലീപിനെ പോലെ തന്നെ അമിത മദ്യപാനമാണ് വിഷ്ണുവിന്റെയും ജീവനെടുത്തതെന്ന തിരിച്ചറിവ് വലിയ ഞെട്ടലും മദ്യമെന്ന പിശാച് എത്ര വലിയ വിപത്താണെന്ന തിരിച്ചറിവുമാണ് സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും നല്‍കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടന്റെ ആരോഗ്യാവസ്ഥ തീര്‍ത്തും മോശമായ നിലയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ആശുപത്രിയില്‍ നിന്നും വിഷ്ണുവിനെയും കുടുംബത്തിനെയും അറിയിച്ചിരുന്നു. തുടര്‍ന്ന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും. കരള്‍ നല്‍കാന്‍ മൂത്തമകള്‍ അഭിരാമി തയ്യാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള ഭീമമായ തുക വലിയചോദ്യ ചിഹ്നമായിരുന്നു. 30 ലക്ഷത്തോളം രൂപയായിരുന്നു ഭാര്യയും രണ്ടു മകളുമടങ്ങുന്ന കുടുംബത്തിന് കണ്ടെത്തേണ്ടിരുന്നത്.