വളരെ ചുരുങ്ങിയകാലം കൊണ്ട് മലയാളസിനിമയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമറിയിച്ച യുവനടനാണ് ഷെയ്ന്‍നിഗം. മലയാളസിനിമയില്‍ വിവാദങ്ങളുടെ ഒരു പരമ്പര തന്നെ ഷെയ്ന്‍ തീര്‍ത്തു. ഇതോടെ നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്‌നെ വിലക്കി. നഷ്ടപരിഹാരം നല്‍കാതെ നടനെ സിനിമകളില്‍ സഹകരിപ്പിക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ മുട്ടുമടക്കാന്‍ ഒരുക്കമല്ലെന്ന സൂചന നല്‍കിയുളള ഷെയ്‌ന്റെ പുതിയ നിലപാട് നിര്‍മ്മാതാക്കളെ ചൊടിപ്പിച്ചിരിക്കയാണ്.
കൂടുതല്‍ പണം നല്‍കിയാല്‍ മാത്രമേ ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കൂ എന്നാണ് ഷെയ്ന്‍ നിഗം ഇപ്പോള്‍ പറയുന്നത്. ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഷെയ്ന്‍ പൂര്‍ണമായും തള്ളി. ജനുവരി അഞ്ചിനകം ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്നായിരുന്നു ഷെയ്‌നിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, കൂടുതല്‍ പ്രതിഫലം താരാതെ ഡബ്ബിങ് പൂര്‍ത്തിയാക്കില്ലെന്ന നിലപാടിലാണ് ഷെയ്ന്‍ നിഗം ഇപ്പോള്‍. ഷെയ്ന്‍ നിഗവുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പിലേക്ക് എത്തുന്നു എന്ന സൂചന ലഭിക്കുന്നതിനിടെയാണ് വീണ്ടും പ്രശ്‌നമുണ്ടാകുന്നത്.
വെയില്‍ സിനിമയുടെ ചിത്രീകരണവും ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങും പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗം തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് നിര്‍മാതാക്കളുടെ സംഘടന ഷെയ്‌നിന് വിലക്കേര്‍പ്പെടുത്തി. അമ്മ, ഫെഫ്ക സംഘടനകളുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ മുടങ്ങി കിടന്ന കുര്‍ബാനി, വെയില്‍ എന്നീ ചിത്രങ്ങളുടെ ചിത്രീകരണവും ഉല്ലാസത്തിന്റെ ഡബ്ബിങ്ങും പൂര്‍ത്തിയാക്കാന്‍ സഹകരിക്കുമെന്ന് ഷെയ്ന്‍ ഉറപ്പ് നല്‍കിയിരുന്നു.
ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ ജനുവരി അഞ്ചിനകം ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്ന ഉപാധിയാണ് നിര്‍മാതാക്കളുടെ സംഘടന മുന്നോട്ട് വെച്ചത്. ഷെയ്‌നിന് ഇത് സംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇതിന് വിപരീതമായാണ് ഷെയ്ന്‍ ഇപ്പോള്‍ നിലപാടെടുത്തിരിക്കുന്നത്. നേരത്തെ നല്‍കിയ 26 ലക്ഷം രൂപ അല്ലാതെ ഇപ്പോഴത്തെ തന്റെ താരമൂല്യം അനുസരിച്ച് 45 ലക്ഷം രൂപ വേണമെന്നാണ് ഷെയ്‌നിന്റെ ആവശ്യം.
ഷെയ്‌നുമായി ഇനി ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ വേണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, അമ്മയുടെയും ഫെഫ്കയുടെയും ഇടപെടലിനെ തുടര്‍ന്നാണ് ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ നടന്നത്. ജനുവരി 9 ന് അമ്മയുടെ നിര്‍വാഹക സമിതി യോഗം നടക്കുന്നുണ്ട്. യോഗത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാം എന്നാണ് ഷെയ്‌നിന്റെ നിലപാട്.
ഷെയ്‌നിനെ ഉല്ലാസം സിനിമയില്‍ നിന്ന് ഒഴിവാക്കി മറ്റൊരാളെ വെച്ച് ഡബ്ബ് ചെയ്ത് ചിത്രം പുറത്തിറക്കാനും പദ്ധതിയുണ്ട്. 2017ലാണ് ഉല്ലാസം സിനിമയുടെ ചര്‍ച്ചകള്‍ ആരംഭിച്ചത്. നിര്‍മാതാക്കളും ഷെയ്ന്‍ നിഗവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതായാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. നിര്‍മാതാക്കളുടെ ആവശ്യം തള്ളിയ നിലക്ക്, ഷെയ്‌നിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന.