Latest News

അതൊരു ഭീകര രാത്രിയായിരുന്നു; ജീവന്‍ എന്നു പറയുന്നത് ഒരു ഭയങ്കര സംഭവം തന്നെയാണ്; അനുഭവക്കുറിപ്പുമായി കൃഷ്ണ പൂജപ്പുര

Malayalilife
അതൊരു ഭീകര രാത്രിയായിരുന്നു; ജീവന്‍ എന്നു പറയുന്നത് ഒരു ഭയങ്കര സംഭവം തന്നെയാണ്; അനുഭവക്കുറിപ്പുമായി കൃഷ്ണ പൂജപ്പുര


മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷ്യവിഭവമാണ് മീന്‍. എന്നാൽ ഈ  മീന്‍ മുള്ള്  തൊണ്ടയില്‍  കുടുങ്ങിയാല്‍ ഉണ്ടാകുന്ന അസ്വസ്ഥത പലർക്കും അനുഭവമുണ്ടായിരിക്കും. ഒരു വലിയ ചെമ്മീന്‍ തന്നെ കുടുങ്ങിപ്പോയാല്‍ ഉള്ള അവസ്ഥ പിന്നെ പറയേണ്ടത് ഇല്ല. എന്നാൽ അത്തരത്തിലൊരു അനുഭവമാണ് ഇപ്പോൾ പ്രിയ തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര പങ്കുവയ്ക്കുന്നത്. മരണം തൊണ്ടയില്‍ കുരുങ്ങിയ നിമിഷങ്ങള്‍, ഫോര്‍ ഫ്രണ്ട്സ് എന്ന സിനിമയുടെ ലൊക്കേഷന്‍ കാണാനായി മലേഷ്യയില്‍ എത്തിയപ്പോഴുണ്ടായ സംഭവത്തെ കുറിച്ചാണ് ഇപ്പോൾ തിരക്കഥാകൃത്ത് വ്യക്തമാകുന്നത്.


തിരക്കഥാകൃത്തിന്റെ വാക്കുകളിലൂടെ 

അതൊരു ഭീകര രാത്രിയായിരുന്നു, മലേഷ്യന്‍ രാത്രി. സംവിധായകന്‍ സജി സുരേന്ദ്രന്‍ ക്യാമറാമാന്‍ അനില്‍ നായര്‍ പിന്നെ ഞാന്‍.. ഫോര്‍ ഫ്രണ്ട്സ് സിനിമയുടെ ലൊക്കേഷന്‍ കണ്ടിട്ട് ഹോട്ടലിലേക്ക് പോകുന്ന വഴി.. സമയം രാത്രി 8 30.. ഹൈവേയില്‍ കണ്ട, നമ്മുടെ തട്ടുകട സമാനമായ ഒരു ഓപ്പണ്‍ ഹോട്ടലിലേക്ക് കയറുന്നു.. ചില മലേഷ്യന്‍ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നു.. അത് മുന്നിലെത്തുന്നു.. ഫ്രൈഡ് റൈസ് പോലുള്ള എന്തോ മലേഷ്യന്‍ വിഭവമാണ്… ഇതുവരെ കാര്യങ്ങള്‍ രസകരവും സന്തോഷകരവുമായി നടന്നു.

ഞാന്‍ റൈസ് ഒരല്പം കഴിക്കുന്നു.. ഒരു നിമിഷം.. എന്റെ തൊണ്ടയില്‍ എന്തോ ഒന്നു കുരുങ്ങിയത് പോലെ ഒരു ഫീല്‍.. റൈസില്‍ ഉണ്ടായിരുന്ന എന്തെങ്കിലും പച്ചക്കറി ആണെന്ന് കരുതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യുമ്ബോലെ തൊണ്ടയില്‍ ഒരു അഭ്യാസം കാണിച്ചു ഇറക്കാന്‍ നോക്കി.. ഇല്ല. ഒരിക്കല്‍ കൂടി ശ്രമിച്ചു. ഇല്ല.നടക്കുന്നില്ല. . അടുത്ത നിമിഷംഎനിക്ക്മനസ്സിലായി..പച്ചക്കറിയൊന്നുമല്ല റൈസിന്റെ ഇടയില്‍ ഉണ്ടായിരുന്ന ഒരു പൊള്ളിച്ച ചെമ്മീന്‍ എന്റെ തൊണ്ടയില്‍ കൊളുത്തി ത്തി പിടിച്ചിരിക്കുകയാണ്..ആ ഇടനാഴി ഫുള്‍ ബ്ലോക്ക്‌ ആയിരിക്കുന്നു.. ഒരു കുഞ്ഞു ടെന്‍ഷന്‍ മനസ്സിലെവിടെയോ വീണു.. ഇത്തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ചെയ്യുന്നതുപോലെ ഒരു ചെറിയ ഉരുള എടുത്തു കഴിച്ചു. നമ്മള്‍ കണ്ടുപിടിച്ചിട്ടുള്ള ചലനനിയമം അനുസരിച്ച്‌ രണ്ടാമത് ചെല്ലുന്നതു ആദ്യം തങ്ങിനില്‍ക്കുന്നതിനെ തള്ളി മാറ്റേണ്ടതാണല്ലോ.. ഇല്ല.. എന്നുമാത്രമല്ല എന്റെ ശ്വാസോച്ഛ്വാസം ബ്ലോക്ക് ആയി തുടങ്ങി.. കാലില്‍ നിന്ന് ഒരു തണുപ്പ് അരിച്ചു കയറുന്നു. അത് ശരീരം മുഴുവന്‍ വ്യാപിക്കുന്നു. കണ്ണിലെ കൃഷ്ണമണിക്ക് മുന്നില്‍ ഒരുപാട വീണതുപോലെ.. മുമ്ബിലിരിക്കുന്ന സജിയും അനിലും ഞങ്ങളുടെ സാരഥി സുരേഷും ഫോക്കസ് ഔട്ട് ആയി.വെറും നിഴലുകള്‍.. എനിക്ക് അവരോട് എന്തോ പറയണം എന്നുണ്ട് പക്ഷേ ഒച്ച ഒന്ന് പൊങ്ങികിട്ടണ്ടെ .. ശരീരം അനങ്ങുന്നില്ല..എനിക്ക് മനസ്സിലായി. ഭൂമിയിലെ എന്റെ വേഷം അവസാനിപ്പിക്കാന്‍, മുകളിലെ ആ വലിയ ഡയറക്ടര്‍ തെരഞ്ഞെടുത്തിരിക്കുന്ന ലൊക്കേഷന്‍ മലേഷ്യ ആണ്. എനിക്ക് ഉറപ്പായി. മരിക്കാന്‍ പോവുകയാണ്..

കുഴപ്പമില്ല.. വിദേശത്ത് വച്ച്‌ മരണപ്പെ പെടുന്നത് ഒരു അന്തസ്സ് തന്നെ.. ഗമ തന്നെ.. ആരുടെ മുമ്ബിലും നെഞ്ചുവിരിച്ച്‌ കിടക്കാം. .. തിരക്കഥാകൃത്തായ ഇന്നാര്‍ മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരില്‍ വെച്ച്‌… എന്നൊക്കെ ചെറിയതോതില്‍ വാര്‍ത്ത വരും..അഭിമാനിക്കാം.. പക്ഷേ കുഴപ്പം അതല്ല.. എങ്ങനെ മരിച്ചു? എന്നുള്ള പ്രശ്നം വരുന്നിടത്താണ്.. തിരക്കഥാകൃത്തു തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങി മരിച്ചു.. അയ്യേ, പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ.. അന്വേഷിച്ചു വരുന്നവര്‍ ഭാര്യയോട്, 'എങ്ങനെയാണ് സംഭവം 'എന്ന് ചോദിച്ചാല്‍ ഭാര്യക്കു സങ്കടമാണോ കലി ആണോ വരാന്‍ പോകുന്നത് ..ജീവിത കാലത്തോളം കുടുംബത്തെ മീന്‍മുള്ള് വേട്ടയാടില്ലേ.. വര്‍ഷം എത്ര കഴിഞ്ഞാലും, ഇതിനെക്കുറിച്ച്‌ ഒരു ചോദ്യം വരുമ്ബോള്‍ തന്നെ ഭാര്യക്ക് വിഷയം മാറ്റികളയേണ്ടി വരില്ലേ. സൗഭാഗ്യങ്ങളോ കൊടുക്കാന്‍ പറ്റിയില്ല, ഇങ്ങനെയൊരു നാണക്കേട് കൊടുത്തിട്ട് ആണല്ലോ കളമൊഴിയേണ്ടി വരുന്നത് എന്നൊക്കെ പത്തു സെക്കന്‍ഡിനുള്ളില്‍ എന്റെ തലച്ചോറില്‍ ചില നിരീക്ഷണങ്ങള്‍ മിന്നി..' പണ്ട് നുത്തോലിയും ചാളയും കഴിച്ചനടന്ന കക്ഷിയാ. സിനിമയില്‍ കയറിയപ്പോ ചെമ്മീനും കരിമീനും ഇല്ലാതെ ചോറ് ഇറങ്ങില്ല. അപ്പോള്‍ ഇങ്ങനെയൊക്കെ തന്നെ വരും' എന്ന് എന്നെ അടുത്തറിയാവുന്നവര്‍ പറഞ്ഞേക്കാവുന്ന ഡയലോഗുകള്‍ കാതില്‍ ഓളം വെട്ടി..ഇല്ല എനിക്ക് ജീവിച്ചേ പറ്റൂ. ദൈവം എന്ന പേരില്‍ ആരെങ്കിലും ഒക്കെ ഉണ്ടെങ്കില്‍ അവര്‍ക്കൊക്കെ ഞാന്‍ പെട്ടെന്ന് അപേക്ഷകള്‍ അയച്ചു. ചെയ്തുപോയ തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ല.. മുതിര്‍ന്നവരോട് ബഹുമാനം ഇളയവരോട് സ്നേഹം സഹജീവികളോട് കരുണ എന്നിവ അനുസരിച്ച്‌ ജീവിച്ചോളാം ജീവിതത്തില്‍ ഒരു തെറ്റും ചെയ്യില്ല എന്നൊക്കെ സത്യവാങ്മൂലങ്ങള്‍ അയച്ചു..ഭക്ഷണത്തോട് ഒരിക്കലുംആര്‍ത്തി കാണിക്കില്ല.. സൂക്ഷിച്ചും കണ്ടും കഴിക്കാം

അവസാന കൈ… ഞാന്‍ എന്റെ മുന്നിലെ റൈസ് മുഴുവന്‍ ഏതാണ്ട് ഒറ്റ ഉരുളയാക്കി..ഒരു വിഴുങ്ങല്‍.. (ആ ഉരുള ഒരു ആനയ്ക്കാണ് കൊടുത്തിരുന്നെങ്കില്‍ രണ്ടാക്കി കൊടുക്കാന്‍ പറയുമായിരുന്നു ആന.)ജീവിതത്തിലേക്ക് എങ്ങിനെയും പിടിച്ചുകയറാനുള്ള ത്വര നിറച്ച ഉരുള..
ഒരു നിമിഷം..രണ്ടു നിമിഷം..' ഒരു പ്രാവശ്യത്തേക്കു വിട്ടേക്കടെ 'എന്ന് ഉരുള ചെമ്മീനിനോട് പറഞ്ഞിരിക്കണം.. കൊളുത്തു വിട്ടു.. വന്ന വെള്ളം നിന്ന വെള്ളത്തെ കൊണ്ടുപോയി എന്ന് പറയും പോലെ ഉരുള ചെമ്മീനിനെയും കൊണ്ടുപോയി..ആ ഒരു മുഹൂര്‍ത്തം അനുഭവിക്കുന്ന ആളിനല്ലാതെ, എത്രപറഞ്ഞാലും , മറ്റൊരാള്‍ക്ക്‌ മനസ്സിലാകില്ല എന്നതുകൊണ്ട്, ഞാന്‍ വിശദീകരിക്കുന്നില്ല.. ശരീരത്തില്‍നിന്ന് തണുപ്പ് ഇറങ്ങിപ്പോകുന്നത് എനിക്ക് കണ്ടുകൊണ്ട് കാണാമായിരുന്നു. കണ്ണിലേക്ക് വെളിച്ചം വരുന്നു.. സജിയും അനിലും ഒക്കെ തൊട്ടടുത്ത് തന്നെ ഉണ്ട്..ഞാന്‍ മുകളിലേക്ക് നോക്കി.. നക്ഷത്രങ്ങള്‍ തിളങ്ങുന്നു. . അതിനു മുമ്ബോ ശേഷമോ അത്രയും തിളക്കമുള്ള.. നക്ഷത്രങ്ങളെ ഞാന്‍ കണ്ടിട്ടില്ല..

ജീവന്‍ എന്നു പറയുന്നത് ഒരു ഭയങ്കര സംഭവം തന്നെയാണ്. ഒരു സൂക്ഷ്മജീവി യുടെ അടുത്തും നമ്മുടെ നിഴല്‍ എത്തുകയാണെങ്കില്‍ അത് പാറി പോകുന്നത് ജീവന്‍ രക്ഷിക്കണം എന്ന പ്രേരണ തലച്ചോറില്‍ എത്തുന്ന അതുകൊണ്ടാണല്ലോ… ഈ കോവിഡ് കാലത്ത് അടച്ചമുറികളില്‍ ഇരിക്കുന്നതും മാസ്ക് കെട്ടുന്നതും കൈ വീണ്ടും വീണ്ടും കഴുകുന്നതും ഈ സുന്ദരമായ പ്രപഞ്ചത്തില്‍ എങ്ങനെയും ഒന്നു ജീവിക്കാന്‍ വേണ്ടി തന്നെയാണ്,. .ഇറ്റലിയിലെ ഒരു മുതിര്‍ന്ന പൗരന്‍ കോവിഡ് കേന്ദ്രത്തില്‍, വെന്റിലേറ്ററില്‍ നിന്നു തന്നെ മാറ്റരുതെന്നും എങ്ങനെയും രക്ഷിച്ച്‌ തരണമെന്നും നേഴ്സിനോട് അപേക്ഷിച്ചതും അവര്‍ നിസ്സഹായയായി പോയതും നമ്മള്‍ കേട്ടതാണ് ല്ലോ.. ഇര്‍ഫാന്‍ ഖാന്‍ന്റെ ഒരു കത്ത്, ജീവിക്കാനുള്ള അദ്ദേഹത്തിന്റെ മോഹം വെളിവാക്കുന്നതാണല്ലോ..
 

Krishna poojappura shared an experience occured at maleshya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക