നമ്മള് എന്ന ചിത്രത്തിലെ തടിയനായ നൂലുണ്ട എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനെ എല്ലാവര്ക്കും ഓര്‍മ്മ കാണും. അങ്ങനെയാണ് വിജീഷിന് ആ പേര് ലഭിക്കുന്നത്. കുറേ കാലമായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന വിജീഷ് ഇപ്പോള്‍ തിരിച്ച് വരികയാണ്. പുതിയ സിനിമയില്‍ അഭിനയിക്കാന്‍ വന്ന വിജീഷിനെ കണ്ടാല്‍ ആരും അത്ഭുതപ്പെടും. ശരീരഭാരം കുറച്ച് മെലിഞ്ഞ് അതീവ സുന്ദരനായിട്ടാണ് വിജീഷ് എത്തിയിരിക്കുന്നത്. ഏറെ വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്ക്കുന്ന വിജീഷ് ഇപ്പോള്‍ ഖത്തറില്‍ ബിസിനസ് ചെയ്യുകയാണ്.
അവിടെ നിന്നും രൂപത്തിലും ഭാവത്തിലും എല്ലാം വലിയ മാറ്റങ്ങള്‍ വരുത്തിയാണ് താരം തന്റെ രണ്ടാം സിനിമാ പ്രവേശനത്തിന് ഒരുങ്ങുന്നത്. പണ്ടത്തെ രൂപത്തില്‍ നിന്നും മാറാന്‍ ഒരുപാട് താരം ഒരുപാട് കഠിനാധ്വാനം ചെയ്തു. ഭക്ഷണത്തിലൊക്കെ നന്നായി ശ്രദ്ധിച്ചു. പൂര്‍ണമായും വെജിറ്റേറിയന്‍ ആയി. വൈകുന്നേരം 5.30 കഴിഞ്ഞാല്‍ പിന്നെ ഒരു ഭക്ഷണവും കഴിക്കില്ല. ഷുഗര്‍, ഫ്രൈഡ് ഫുഡ്, മൈദ തുടങ്ങിയ വസ്തുക്കളൊക്കെ പൂര്‍ണമായും ഒഴിവാക്കി. ഇനി മധുരം കഴിക്കണമെന്ന് തോന്നിയാല്‍ ചായയില്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയിട്ട് കുടിക്കും. പിന്നെ രാവിലത്തെ ഭക്ഷണവും ഉച്ചയ്ക്കത്തേതും കൂട്ടി ബ്രഞ്ച് ആയിട്ടാണ് കഴിക്കാറ്. ഭക്ഷണം ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ മോണിംഗ് വര്‍ക്കൗട്ടും മെഡിറ്റേഷനും ചെയ്യുന്നുണ്ട്' വിജീഷ് പറയുന്നു.
അതേസമയം, ഇപ്പോഴും അവിവാഹിതനായി തുടരുന്ന വിജീഷ്, വിനീത് കുമാര്‍ നായകനായി അഭിനയിക്കുന്ന സൈമണ്‍ ഡാനിയേല്‍ എന്ന ചിത്രത്തിലൂടെയാണ് തിരിച്ച് വരവിനൊരുങ്ങുന്നത്. സാജന് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചത് വിനീതാണെന്നാണ് വിജീഷ് പറയുന്നത്. ചിത്രത്തില്‍ വിനീതിന്റെ കഥാപാത്രത്തിന്റെ സുഹൃത്തായ ആര്‍ക്കിയോളജിസ്റ്റ് സന്തോഷ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മുഴുനീളം സിനിമയില്‍ ഇല്ലെങ്കിലും ഇതുവരെ ചെയ്തതില്‍ നിന്നും വേറിട്ട് നില്ക്കുന്ന കഥാപാത്രമാണ് തനിക്കെന്നും വിജീഷ് പറയുന്നു.
സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തതിനെ പറ്റി നടന്റെ വാക്കുകളിങ്ങനെയാണ്.. 'ഏകദേശം ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞാന്‍ തിരിച്ച് വരുന്നത്. അഭിനയത്തില്‍ നിന്ന് മാറി നിന്നന്നേയുള്ളൂ. പക്ഷേ സിനിമകളെല്ലാം കാണാറുണ്ടായിരുന്നു. ഖത്തറില്‍ ബിസിനസുണ്ട്. അതിനൊപ്പം കുറച്ച് യാത്രകളും എന്റേതായ ചില കാര്യങ്ങളുമൊക്കെയായി പോവുകയായിരുന്നു. അതുകൊണ്ടാണ് സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കേണ്ടി വന്നതെന്നാണ്' വിജീഷ് പറയുന്നത്. 'സിനിമയോടുള്ള പാഷന് തന്നെയാണ് വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിച്ചത്. ഇപ്പോഴും നൂലുണ്ട എന്ന് ആളുകള്‍ വിളിക്കുമ്പോള്‍ സന്തോഷമാണ്. കാരണം നമ്മള് ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും അറിയപ്പെടുകയെന്നത് ഒരു ഭാഗ്യമാണ്. അത് ആളുകള്‍ സ്വീകരിച്ചതു കൊണ്ടാണല്ലോ ആ പേരില്‍ തന്നെ വിളിക്കുന്നതെന്നും' നടന് പറയുന്നു.