തങ്ങള്‍ പ്രണയത്തിലാണെന്ന് സമൂഹമാധ്യമത്തിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ച് ഗായകനും സംഗീതസംവിധായകനുമായ കാലഭൈരവയും പ്രശസ്ത നടി കാവ്യ കല്യാണ്‍റാമും. ഇതോടെ ദീര്‍ഘകാലമായി ആരാധകര്‍ക്കിടയിലും സിനിമാമേഖലയിലും നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്.
ഒന്നിച്ചെടുത്ത മനോഹരമായ ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ടായിരുന്നു കുറിപ്പ്. 'കാവ്യാ ബാബു, നിന്നോടൊപ്പം സമയം ചെലവഴിക്കുന്നത് മലനിരകള്‍ക്ക് സമീപമിരുന്ന് ഒഴുകുന്ന അരുവി കാണുന്നത് പോലെയാണ്. നിന്നോടൊപ്പമുള്ള നിമിഷങ്ങള്‍ ഒരിക്കലും അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു അവധിക്കാലം പോലെ തോന്നിക്കുന്നു. നിന്റെ കൂടെയുള്ള സംഭാഷണങ്ങള്‍ തണുപ്പുള്ള പ്രഭാതത്തില്‍ എന്റെ പ്രിയപ്പെട്ട കോഫി കുടിക്കുന്നത് പോലെയാണ്. ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ ഒരു പുതിയൊരാളെ കണ്ടുമുട്ടിയതായി തോന്നിയില്ല. വീട്ടിലേക്ക് മടങ്ങിയെത്തിയ പോലെയാണ് അനുഭവപ്പെട്ടത്. ഇനി അങ്ങോട്ട് ജീവിതകാലം മുഴുവന്‍ ഈ വീട്ടില്‍ ഒന്നിച്ചു കഴിയാന്‍ പോകുന്നു എന്ന് എല്ലാവരോടും പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ട്' എന്നായിരുന്നു ഭൈരവ കുറിച്ചത്.
'ജീവിതത്തിലെ ഒരു പുതിയ വിശേഷം: എന്റെ യെല്ലോ പേപ്പര്‍ ഡെയ്സി എനിക്ക് ലഭിച്ചു. ചില മനുഷ്യര്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ നമ്മള്‍ ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കുട്ടിയാണെന്ന് തോന്നിപ്പിക്കും! ശരിയായ വ്യക്തി ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍, സ്നേഹത്തിന്റെ കണ്ണടകള്‍ ധരിക്കുന്നതില്‍ യാതൊരു തെറ്റുമില്ല.
എന്റെ ഏറ്റവും വിരസമായ ദിവസങ്ങളെ പോലും പ്രകാശപൂരിതമാക്കുകയും, എന്നെ എക്കാലത്തെയും ഏറ്റവും ഭാഗ്യവതിയായ പെണ്‍കുട്ടിയായി തോന്നിപ്പിക്കുകയും ചെയ്തതിന് നന്ദി. 'വേണ്ട' എന്ന് ഞാന്‍ പറഞ്ഞതിന് ശേഷവും എനിക്ക് ആ ഡയറ്റ് കോക്ക് വേണമെന്ന് നീ തിരിച്ചറിയുന്ന, ഇതുപോലെയുള്ള മനോഹരമായ നിരവധി വര്‍ഷങ്ങളിലേക്ക്' - ഇങ്ങനെയായിരുന്നു കാവ്യയുടെ വാക്കുകള്‍.