സംസാരം കൊണ്ടും തന്റെ പെരുമാറ്റ രീതികള്‍ കൊണ്ടും അടുത്തിടെ വിവാദങ്ങളില്‍ കുടുങ്ങിയ നടനാണ് ഷൈന്‍ ടോം ചാക്കോ. താരത്തിന്റെ ഇന്റര്‍വ്യൂകളും പെരുമാറ്റ രീതികളും ഒക്കെ തന്നെ വിമര്‍ശനങ്ങള്‍ക്ക് ഇടയുണ്ടാക്കി. അതേസമയം, ഇത്തരം വിമര്‍ശനങ്ങള്‍ താരത്തിന്റെ അഭിനയ മികവിനും കഴിവിനും മുന്നില്‍ ഒന്നുമല്ല. സഹനടനായും വില്ലനായും സ്വഭാവ നടനായുമൊക്കെ മലയാളി പ്രേക്ഷകരുടെ പ്രിയം നേടി കഴിഞ്ഞു ഷൈന്‍ ടോം ചാക്കോ. സംവിധായകന്‍ കമലിന്റെ സംവിധാന സഹായിയായി കരിയര്‍ ആരംഭിച്ച താരം നമ്മള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഗദ്ദാമ എന്ന ചിത്രത്തിലൂടെ മുഴുവന്‍ സമയം അഭിനയത്തിലേക്ക് കടന്നു.
2015 ജനുവരിയില്‍ നിരോധിത ലഹരിമരുന്നായ കൊക്കെയ്‌നുമായി ഷൈനിനെയും മറ്റു നാലു പേരെയും കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതോടെയാണ് ഷൈന്‍ ടോം ചാക്കോ എന്ന നടന്‍ മലയാളികള്‍ക്ക് കൂടുതല്‍ പരിചിതനായത്. ജയില്‍ വാസം കഴിഞ്ഞ് പുറത്ത് ഇറങ്ങിയ ഷൈന്‍ ടോം ചാക്കോ ഏതാണ്ട് അ്ഞ്ചു വര്‍ഷം കഴിഞ്ഞ് 2020ലാണ് സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയത്. പിന്നീട് അങ്ങോട്ട് ഏതാനും സിനിമകള്‍ കൊണ്ടുതന്നെ മലയാളത്തില്‍ ഏറെ ശ്രദ്ധ നേടുകയുമുണ്ടായി അദ്ദേഹം.
പക്ഷെ, മാറിനില്‍ക്കേണ്ടി വന്ന അഞ്ചു വര്‍ഷക്കാലം കൊണ്ട് അദ്ദേഹത്തിന്റെ കരിയറിലും സ്വകാര്യ ജീവിതത്തിലും ഏറെ നഷ്ടങ്ങള്‍ സംഭവിച്ചു. 2013ലാണ് അദ്ദേഹം തബീത്ത മാത്യു എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. എന്നാല്‍ കരിയറില്‍ ഉയര്‍ന്നു വരവേ ഉണ്ടായ കൊക്കൈന്‍ കേസും പ്രശ്‌നങ്ങളും എല്ലാം ദാമ്പത്യ ജീവിതത്തിലും നഷ്ടങ്ങള്‍ വരുത്തി. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ആര്‍ക്കും അറിയാതിരുന്ന കാര്യങ്ങളാണ് ഷൈന്‍ ടോം ചാക്കോ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ദാമ്പത്യ പരാജയത്തെ കുറിച്ചും അതിനു ശേഷമുണ്ടായ പ്രണയ തകര്‍ച്ചകളെ കുറിച്ചും അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:
'ആരുമായിട്ടും ഞാനങ്ങനെ വഴക്ക് കൂടാറില്ല. ചില ബന്ധങ്ങളില്‍ ആയിരിക്കുമ്പോള്‍ ഉണ്ടായിട്ടുണ്ട്. ലവ് റിലേഷന്‍സ് എനിക്ക് തീരെ വര്‍ക്കാവില്ല. വിവാഹജീവിതം എല്ലാവര്‍ക്കും വര്‍ക്കാവില്ല. ക്രിസ്ത്യന്‍സില്‍ ദൈവവിളി കിട്ടി അച്ചനും കന്യാസ്ത്രീമാരും ആവുന്നത് പോലെയാണ് വിവാഹവും. എല്ലാവര്‍ക്കും ആ വിളി കിട്ടണമെന്നില്ലെന്നാണ്' 1000 ആരോസ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ഷെയിന്‍ പറയുന്നത്.
'എനിക്ക് പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ രണ്ട് പേരും ഒരുമിച്ചിട്ടുള്ള അധിക പ്രണയം ഇല്ലായിരുന്നു. ചില സമയങ്ങളില്‍ പ്രണയിച്ചിട്ടുണ്ട്. അത് എവിടെയോ മുറിഞ്ഞ് പോകും. പിന്നെ അങ്ങനെ സീരിയസായി കണ്ടിട്ടില്ല. റിലേഷനിലെ പ്രധാന ഘടകം നമ്മുടെ വിഷമം മറ്റേ ആളുടെ അടുത്ത് പറയണം. അതെനിക്ക് വിശദീകരിക്കാന്‍ താല്‍പര്യമില്ല. അതുകൊണ്ടാണ് പ്രണയമൊന്നും മുന്നോട്ട് പോവാത്തതെന്നാണ്' നടന്‍ പറഞ്ഞത്.
'ഇനി ലവ് പരിപാടി വിട്ടിട്ട് ഡേറ്റിങ് പരിപാടിയിലേക്ക് തിരിയുന്നതാണ് കുറച്ച് കൂടി സൗകര്യം. അതില്‍ ബാധ്യതയുണ്ടാവില്ല. വര്‍ക്കാവില്ലെന്ന് തോന്നുന്ന സമയത്ത് നല്ല കൂട്ടുകാരായി തുടരാം എന്ന പറയാം. പ്രണയത്തിലാവുമ്പോള്‍ അത് നടക്കില്ല. കൂട്ടുകാരായി ഇരിക്കുന്നവര്‍ക്ക് അതുപോലും ഇല്ലാതെയാവും.
പ്രണയിക്കാത്തത് കൊണ്ട് തന്നെ ഞാന്‍ അറേഞ്ച് മ്യാരേജാണ് ചെയ്തത്. അതും ഒരുപാട് കാരണങ്ങള്‍കൊണ്ട് വര്‍ക്കായില്ല. കുറച്ച് കാലം എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. അവരെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചു. അവരുടെ ഭാഗത്ത് നിന്നും ഞാന്‍ സന്തുഷ്ടനായിരുന്നു. പക്ഷേ എന്റെ ഭാഗത്ത് നിന്ന് അവര്‍ സന്തുഷ്ടരായിരുന്നില്ല. അതെന്റെ പ്രശ്നമാണെന്ന് ഈ രണ്ട് ബന്ധങ്ങളില്‍ നിന്നും മനസ്സിലായി.
അതുകൊണ്ടാണ് വേറൊരാളുടെ ചിന്താമണ്ഡലങ്ങള്‍ ഭരിക്കുന്ന പ്രണയബന്ധങ്ങളുലാവാന്‍ താല്‍പര്യമില്ലാത്തത്. ഒരു തരത്തിലും അത് വര്‍ക്കാകില്ലെന്ന തോന്നലുണ്ട്. എനിക്ക് വിവാഹം ശരിയാവില്ലെന്ന് ഒത്തിരിപേര്‍ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ എല്ലാവരെയും വിവാഹം കഴിപ്പിക്കുക എന്നതാണ് ഇവിടുത്തെ രീതി. നാളെ പിള്ളേരെ കൊണ്ട് ചെയ്യിപ്പിക്കാന്‍ പോവുന്നതും അതൊക്കെ തന്നെയാണ്.
ഒരു റിലേഷന്‍ ബ്രേക്കപ്പ് ആവുമ്പോള്‍ ഒരുപാട് കാലം ദുഃഖിച്ചിരിക്കുന്നത് പെണ്‍കുട്ടികളാണ്. എന്തിനാണ് ഇത്രയധികം ദുഃഖിക്കുന്നത്. അങ്ങനൊരാള്‍ ഒഴിഞ്ഞ് പോയി എന്നല്ലേ ചിന്തിക്കേണ്ടതെന്ന്' ഷെയിന്‍ ചോദിക്കുന്നു.