കൊച്ചി: സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ദാമ്പത്യ ജീവിതത്തിലാണ്. ഇതോടെ പഴയ പലതും ചര്‍ച്ചകളിലേക്ക് കടന്നുവന്നു. സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം നേരിടുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ഭാര്യയെയും രണ്ടു മക്കളേയും ഉപേക്ഷിച്ച് ഗായിക അഭയ ഹിരണ്‍മയിക്കൊപ്പം താമസം തുടങ്ങിയതോടെയാണ് ഗോപി സുന്ദര്‍ വിവാദത്തിലകപ്പെട്ടത്. അഭയയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാല്‍ ഉടന്‍ ആരാധകരെത്തി അദ്ദേഹത്തെ വിമര്‍ശിക്കുമായിരുന്നു. വിമര്‍ശിച്ചവര്‍ക്കു വീണ്ടും തക്ക മറുപടിയും അന്ന് നല്‍കി ഗോപിസുന്ദര്‍. അഭയാ ഹിരണ്‍മയിയും വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. പക്ഷേ അതെല്ലാം വെറുതെയായി. ഈ തിരിച്ചറിവ് ഇന്ന് അഭയയ്ക്കുണ്ട്.
സമൂഹമാധ്യമങ്ങളില്‍ വൈകാരികമായ കുറിപ്പ് പങ്കിട്ട് ഗായിക അഭയ ഹിരണ്‍മയി തന്റെ തിരിച്ചു വരവ് പ്രഖ്യാപിക്കുകയാണ്. വേദനകളില്‍ ചേര്‍ന്നു നിന്നവര്‍ക്കും ചേര്‍ത്തുപിടിച്ചവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് അഭയയുടെ കുറിപ്പ്. മുറിവുകള്‍ ഉണങ്ങിയെന്നും താന്‍ എന്ന തേനീച്ച ഇപ്പോള്‍ ചിത്രശലഭമായി മാറിയെന്നും അഭയ കുറിക്കുന്നു. മനോഹരമായ വാക്കുകളിലൂടെയാണ് തന്റെ മനസ്സ് സോഷ്യല്‍ മീഡിയയില്‍ തുറക്കു3ന്നത്. മാറ്റത്തെ കുറിച്ചാണ് അഭയ വിശദീകരിക്കുന്നത്.
അഭയ ഹിരണ്‍മയിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
'ഈ ചിത്രം പോലെ ഫില്‍ട്ടര്‍ ചെയ്യപ്പെടാത്ത നിറഞ്ഞ സ്നേഹം. എന്റെ പ്രിയപ്പെട്ടവരില്‍ പലരോടും അവരുടെ പേരുകള്‍ ഉപയോഗിച്ച് എനിക്കു നന്ദി പറയണം. പക്ഷേ അത് ഇപ്പോള്‍ വേണ്ട. മുന്‍വിധിയില്ലാതെ, ചോദ്യങ്ങളില്ലാതെ എന്നെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തിയ ആ മനുഷ്യര്‍! എന്റെ നെറ്റിയില്‍ ചുംബിച്ച് ഇനി വിഷമിക്കേണ്ട നിനക്കായി ഞാന്‍ ഇവിടെയുണ്ടെന്നു പറഞ്ഞവരോട്. എന്തിനും ഏതിനും എന്നോടൊപ്പം ചിരിക്കുന്ന എന്റെ കുടുംബത്തിന്. ഇതാണ് നിങ്ങള്‍ക്കുള്ള ആ ചിത്രം. മുറിവുകള്‍ ഉണങ്ങുന്നു. കഠിനമായി ഞാന്‍ അധ്വാനിക്കുന്നുണ്ട്. ദിനം തോറും തിളങ്ങുന്നു. പുതിയ പുതിയ ചുവടുകള്‍ വയ്ക്കുന്നു. 14 വര്‍ഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ. ഈ തേനീച്ച ഒരു ചിത്രശലഭമായി മാറിയിരിക്കുന്നു'.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവച്ചതിനു താഴെ് മോശം പ്രതികരണമുണ്ടായത്. മേഘ ദേവന്‍ എന്ന അക്കൗണ്ടില്‍ നിന്നുമാണ് കമന്റു വന്നത്. 'സെലിബ്രിറ്റികള്‍ വ്യഭിചരിച്ചാല്‍ അത് ലിവിങ് ടുഗെദര്‍, നേരെ മറിച്ചു സാധാരണക്കാര്‍ ആണെങ്കില്‍ അത് അവിഹിതം' എന്നായിരുന്നു കമന്റ്. ഇതിനോട് രൂക്ഷമായ ഭാഷയിലായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. 12 വര്‍ഷം ഒരാളുമായി ഞാന്‍ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കില്‍ ഞാനതങ്ങു സഹിച്ചു' എന്നാണ് അദ്ദേഹം കുറിച്ചത്.
ഈ പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. അഭയ ഹിരണ്‍മയിയുടെ പിറന്നാളിനു ഗോപി സുന്ദര്‍ പങ്കുവച്ച ചിത്രത്തിനു നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 'ഗോപി സുന്ദറിന് ഓരോ മാസവും ഓരോ ഭാര്യ ആണോ' എന്നായിരുന്നു ടിനു രാജ് എന്ന അക്കൗണ്ടില്‍ നിന്നും അന്ന് വന്ന കമന്റ്. വിമര്‍ശനങ്ങള്‍ക്ക് ഗോപി സുന്ദര്‍ കൊടുത്ത മറുപടി വൈറലായിരുന്നു.
നേരത്തെ അഭയക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചതിന് ഗോപി സുന്ദറെ പരിഹസിച്ച് ഭാര്യയായിരുന്ന പ്രിയയും രംഗത്ത് വന്നിരുന്നു. 9 ഇയേഴ്‌സ് ഓഫ് ടുഗദര്‍നസ് എന്ന അടിക്കുറിപ്പോടെയാണ് അന്ന് ഗോപി സുന്ദര്‍ ചിത്രം പങ്കുവച്ചത്. അന്ന് അഭയ ഗോപി സുന്ദറിന്റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ച് വിവാഹാശംസകളുമായി നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പ്രിയ അന്ന് ഫേസ്ബുക്ക് കുറിപ്പിട്ടത്.
'ചിലര്‍ ചില കാര്യംങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇതുവരെ ഇക്കാര്യം കോടതിയില്‍ അറിയിച്ചിരുന്നില്ല. എങ്കിലും ചിലരെ ഇത്രയും വര്‍ഷം കൂടെ നിര്‍ത്തിയതിന് അഭിനന്ദനങ്ങള്‍...' എന്നായിരുന്നു പ്രിയ അന്ന് കുറിച്ചത്. പിന്നീട് വിവാഹ മോചനം നേടിയെന്നാണ് സൂചന.
ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അഭയ ഹിരണ്‍മയിയും രംഗത്ത് വന്നിരുന്നു. 2019ലായിരുന്നു ഇത്. 2008 മുതല്‍ താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തി ഗായിക ഫേസ്ബുക്ക് പോസ്റ്റിലൂടെ. പ്രണയദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഗായികയുടെ പോസ്റ്റ്. ഈ ബന്ധത്തിന് എന്തു സംഭവിച്ചുവെന്നതും ആര്‍ക്കും അറിയാത്ത ചോദ്യമാണ്. അമൃതാ സുരേഷും ഗോപീസുന്ദറും ഇന്ന് ദമ്പതികളാണ്.
2019ല്‍ അഭയ ഹിരണ്‍മയി ഇട്ട പോസ്റ്റിന്റെ ഉള്ളടക്കം
2008 മുതല്‍ 2019 വരെ.. ഞങ്ങളൊന്നിച്ച് പൊതുയിടങ്ങളില്‍ ഒരുപാടു തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും തങ്ങളുടെ ബന്ധത്തെ പറ്റി പരസ്യ പ്രസ്താവന ഞാന്‍ നടത്തിയിട്ടില്ല. അതെ, വിവാഹിതനായ ഒരു പുരുഷനുമായി (വിവാഹം എന്നത് അയാള്‍ നിയമപരമായി അകപ്പെട്ട ഒന്ന്) നിയമപരമായി വിവാഹിതനായ ആ വ്യക്തിയുമായും ഞാനും എട്ടു വര്‍ഷമായി ഒരുമിച്ചു ജീവിക്കുകയാണ്.ഞാന്‍ മുന്‍പ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങള്‍ തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസവും ഉണ്ട്.
അതെ അദ്ദേഹത്തിനു മുമ്പില്‍ ഞാന്‍ തീരെ ചെറുതാണ്.. ഞങ്ങള്‍ തമ്മില്‍ ഒരുപാടു വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കുന്നു.. മഞ്ഞപ്പത്രങ്ങള്‍ക്ക് എന്നെ കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം.. ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവള്‍ എന്നും വിളിക്കാം..
ഒളിച്ചോട്ടങ്ങള്‍ മടുത്തു.. ഇനി പേടിക്കാന്‍ വയ്യ.. അതു കൊണ്ട് ഈ വിധി എന്റെ പേജിലും ഗോപി സുന്ദറിന്റെ ഔദ്യോഗിക പേജിലും പോസ്റ്റു ചെയ്തിട്ടുണ്ട്. ഇവിടെ പോസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്ന പൊങ്കാലകള്‍ക്ക് സ്വാഗതം.. എന്തായാലും ആറ്റുകാല്‍ പൊങ്കാലയല്ലേ.. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം.