കൊച്ചി, ഏപ്രില്‍ 14 2026: പ്രമുഖ മലയാളം വിനോദ ടെലിവിഷന്‍ ചാനലായ സീ കേരളം ഏപ്രില്‍ 20 മുതല്‍ ഏറെ വ്യത്യസ്തമായ ഒരു പുതിയ കുടുംബ പരമ്പര പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ്. 'വല്ല്യേട്ടന്‍ 'എന്ന ഈ പുതിയ പരമ്പര ഒരു ജ്യേഷ്ഠ സഹോദരനും തന്റെ നാലു സഹോദരിമാരും തമ്മിലുള്ള ആത്മബന്ധത്തെ ആസ്പദമാക്കി ഒരുങ്ങുന്ന വികാര നിര്‍ഭരമായ കഥയാണ്. മലയാളം ടെലിവിഷനില്‍ ഇത് വരെ കാണാത്തവിധത്തിലുള്ള പ്രത്യേകതകളോടെ ആണ് പുതിയ പരമ്പര എത്തുന്നത്.
കേരളത്തിന്റെ തനിമയാര്‍ന്ന സാംസ്‌കാരിക മൂല്യങ്ങളിലും കുടുംബ പാരമ്പര്യത്തിലും അധിഷ്ഠിതമായ 'വല്ല്യേട്ടന്‍', സീ കേരളത്തിന്റെ വരാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വൈകാരിക പരമ്പരയായിരിക്കും. നിരുപാധികമായ സ്‌നേഹം, ത്യാഗം, ഉത്തരവാദിത്തം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന ഈ പരമ്പരയില്‍ , തന്റെ സഹോദരിമാരുടെ ജീവിതയാത്രയില്‍ അവര്‍ക്ക് കരുത്തും തണലുമായി നില്‍ക്കുന്ന ജ്യേഷ്ഠനെയാണ് അവതരിപ്പിക്കുന്നത്.
സ്വന്തം സ്വപ്നങ്ങള്‍ മാറ്റിവെച്ച് സഹോദരിമാരുടെ ക്ഷേമത്തിനായി ജീവിക്കുന്ന 'വല്ല്യേട്ടന്‍' ആണ് കഥയുടെ കേന്ദ്രബിന്ദു.
വല്യേട്ടന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്തും കരുത്തുറ്റ കഥാപാത്രവുമായ ഡോക്ടര്‍ പാര്‍വ്വതി, കഥയ്ക്ക് കൂടുതല്‍ വൈകാരികമായ ആഴം നല്‍കുന്നു. കടമകള്‍ക്കും ത്യാഗങ്ങള്‍ക്കുമിടയില്‍ പാര്‍വ്വതിയോടുള്ള വല്ല്യേട്ടന്റെ പറയാത്ത പ്രണയം ഈ കുടുംബകഥയ്ക്ക് മനോഹരമായ ഒരു പ്രണയച്ഛായയും നല്‍കുന്നുണ്ട്.
പൊതു സമൂഹം ഉയര്‍ത്തുന്ന പ്രതീക്ഷകള്‍, വ്യക്തിപരമായ ആഗ്രഹങ്ങള്‍, ബന്ധങ്ങളിലെ സംഘര്‍ഷങ്ങള്‍ എന്നിവയെ അതിജീവിക്കാന്‍ ശ്രമിക്കുന്ന നാലു സഹോദരിമാരും പല ഘട്ടങ്ങളിലായി വിവിധ വെല്ലുവിളികള്‍ നേരിടുമ്പോള്‍, വല്യേട്ടന്‍ അവര്‍ക്കു പിന്നില്‍ ശക്തമായ സാന്നിദ്ധ്യമായി അവര്‍ക്ക് പിന്തുണയുമായി നിലകൊള്ളുന്നു. അതേ സമയം, സങ്കീര്‍ണ്ണമായ കുടുംബ വ്യവസ്ഥയില്‍ വല്ല്യേട്ടനും തന്റെ സ്വന്തം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്.
മലയാളം ടെലിവിഷന്‍ പരമ്പരകളില്‍ അപൂര്‍വ്വമായി കാണാവുന്ന 'വല്ല്യേട്ടന്‍ ' എന്ന ഈ കഥയിലൂടെ സീ കേരളം കുടുംബ ബന്ധങ്ങളുടെ നിര്‍വ്വചനം പുതുക്കി അവതരിപ്പിക്കുകയാണ്. സഹോദര സഹോദരി ബന്ധത്തെ കേന്ദ്രീകരിച്ച് പ്രേക്ഷകര്‍ക്ക് പുതുമയാര്‍ന്നതും വികാര നിര്‍ഭരവുമായ അനുഭവം പ്രദാനം ചെയ്യുക എന്നതാണ് ഈ പരമ്പരയുടെ ലക്ഷ്യം.
ഗിരി എന്ന വല്ല്യേട്ടനായി ജയകൃഷ്ണന്‍ വേഷമിടുമ്പോള്‍, വീണയാണ് പാര്‍വതിയായി എത്തുന്നത്. രഞ്ജിത മുകുന്ദന്‍ (രത്‌ന), ഹണി (രശ്മി ), അലീന സാജന്‍ (റാണി), വൈഗ (കുഞ്ഞി രഞ്ജിനി) എന്നിവരാണ് വല്ല്യേട്ടന്റെ സഹോദരിമാര്‍ ആകുന്നത്.
'വല്ല്യേട്ടന്‍ ' ഏപ്രില്‍ 20 മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 7.30 ന് സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യും. നിലവില്‍ ആ സമയത്തു സംപ്രേക്ഷണം ചെയ്തു വരുന്ന 'കുടുംബശ്രീ ശാരദ' ഏപ്രില്‍ 20 മുതല്‍ വൈകുന്നേരം 7 മണിയിലേക്ക് മാറും. മറ്റൊരു പരമ്പരയായ 'അകലെ ' 6.30 ലേക്കും മാറും.
Promo: https://www.facebook.com/reel/1647669766373559