ക്യാന്‍സര്‍ നല്‍കുന്ന വേദനകള്‍ക്കിടയിലും തളരാതെ മനോധൈര്യത്തോടെ മുന്നേറി സോഷ്യല്‍ മീഡിയയുടെ പ്രിയ താരമായി മാറുകയാണ് രേണു സുധി. രോഗാവസ്ഥയിലും പാട്ടുപാടിയും നൃത്തം ചെയ്തും സന്തോഷം കണ്ടെത്തുന്ന രേണുവിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും തരംഗമാകുന്നത്. 'ആകാശഗംഗ' എന്ന ചിത്രത്തിലെ 'വൈകാശി തിങ്കളിറങ്ങും' എന്ന ഹിറ്റ് ഗാനത്തിനാണ് പച്ച നിറത്തിലുള്ള പൂക്കളുള്ള സല്‍വാറണിഞ്ഞ് പതിവ് പ്രസന്നതയോടെ രേണു ചുവടുവെക്കുന്നത്. ചികിത്സയുടെ ഭാഗമായി കയ്യില്‍ പിക് ലൈന്‍ ഇട്ടിരിക്കുന്നതും വീഡിയോയില്‍ കാണാം. 'ഇനി ഫുള്‍ കൈ വസ്ത്രങ്ങള്‍ ഇടാന്‍ പാടില്ല, വേദനയാണ്. അതുകൊണ്ട് പുതിയ സല്‍വാര്‍ ഇങ്ങനെയാണ് ചേച്ചി തച്ചുതന്നത്,' എന്ന കുറിപ്പോടെയാണ് രേണു വീഡിയോ പങ്കുവെച്ചത്.
ചികിത്സയുടെ കഠിനമായ ഘട്ടത്തിലും ആത്മവിശ്വാസവും പ്രസന്നതയും കൈവിടാത്ത രേണുവിനെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. 'ശരിക്കും നിങ്ങള്‍ ഒരു പോരാളിയാണ്, ഈ ധൈര്യത്തെ സമ്മതിക്കുന്നു,' 'വേഗം സുഖമായി പഴയ ജീവിതത്തിലേക്ക് മടങ്ങിവരട്ടെ' എന്നിങ്ങനെ നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ സ്‌നേഹവും പിന്തുണയും അറിയിച്ച് കമന്റ് ചെയ്യുന്നത്.
അടുത്തിടെ യൂട്യൂബില്‍ ഒരു ലക്ഷം സബ്സ്‌ക്രൈബേഴ്സ് തികച്ചതിനെ തുടര്‍ന്ന് സില്‍വര്‍ പ്ലേ ബട്ടണ്‍ ലഭിച്ച സന്തോഷവും രേണു ആരാധകരുമായി പങ്കുവെച്ചിരുന്നു. രണ്ടാമത്തെ കീമോതെറാപ്പി പൂര്‍ത്തിയായെന്നും ഏത് പ്രതിസന്ധിയിലും മനോധൈര്യവും തനിക്കായി പ്രാര്‍ത്ഥിക്കുന്നവരുടെ സ്‌നേഹവുമാണ് മുന്നോട്ട് നയിക്കുന്നതെന്നും രേണു വ്യക്തമാക്കുന്നു.